| Saturday, 31st July 2021, 2:24 pm

സിനിമകളില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലുമായി കൂടുതല്‍ അടുപ്പം തോന്നിയത് മറ്റൊരു അവസരത്തിലാണ്: മണിക്കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലുമൊത്തുള്ള സിനിമാനുഭവം പങ്കുവെക്കുകയാണ് നടന്‍ മണിക്കുട്ടന്‍. മോഹന്‍ലാലിനെ അടുത്തറിയാനും സംസാരിക്കാനുമൊക്കെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു.

മോഹന്‍ലാലിനോടൊപ്പം സിനിമകള്‍ ചെയ്തുപ്പോഴുള്ളതിനേക്കാള്‍ അടുപ്പം തോന്നിയത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സി.സി.എല്‍) ഭാഗമായപ്പോഴാണെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍ പറയുന്നു.

‘ലാല്‍ സാറിനോടുള്ള ആരാധനയാണ് ഞാന്‍ എം.ജി കോളേജില്‍ പഠിക്കാനുള്ള കാരണം. അവിടെ പഠിച്ചതുകൊണ്ടാണ് ഒരു ക്യാമ്പസ് സിനിമ നമ്മള്‍ എടുക്കുന്നത്. അതു കണ്ടിട്ടാണ് കായംകുളം കൊച്ചുണ്ണിയിലേക്ക് ക്ഷണം വരുന്നതും തുടര്‍ന്നുള്ള യാത്ര സംഭവിക്കുന്നതും.

ആരാധനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്തതിന് പിന്നാലെ ഭാഗ്യം തേടിയെത്തുകയാണുണ്ടായത്. ഛോട്ടാ മുംബൈ, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങള്‍ ലാല്‍ സാറിനൊപ്പം ചെയ്തെങ്കിലും അദ്ദേഹവുമായി ഏറെ അടുത്തത് സി.സി.എല്‍ ക്രിക്കറ്റിന്റെ ഭാഗമായപ്പോഴാണ്.

ഒരുപാട് വട്ടം അദ്ദേഹത്തെ അടുത്തറിയാനും സംസാരിക്കാനുമൊക്കെ സാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നതും വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.

സിനിമയില്‍ വന്ന സമയത്ത് എന്റെ പേര് മാറ്റണമെന്ന് സഹപ്രവര്‍ത്തകര്‍ വരെ പറഞ്ഞിട്ടുള്ളതാണ്. എന്തോ ചില ആളുകള്‍ മണിക്കുട്ടാ എന്ന് വിളിക്കുമ്പോള്‍ വളരെ സന്തോഷം തോന്നും. അതുപോലെ ലാല്‍ സര്‍ മണിക്കുട്ടാ എന്ന് വിളിക്കുമ്പോള്‍ അതില്‍ ഒരു അനിയനോടുള്ള സ്നേഹവും വാത്സല്യവും എനിക്ക് അനുഭവപ്പെടാറുണ്ട്,’ മണിക്കുട്ടന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ മരക്കാറിലും മണിക്കുട്ടന്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും മണിക്കുട്ടന്‍ സംസാരിച്ചു.

മരക്കാറില്‍ മായിന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കുറച്ച് സീനുകളേ ഉള്ളൂ, പക്ഷേ ഉള്ളത് ലാല്‍ സര്‍, മഞ്ജു ചേച്ചി, പ്രഭ സര്‍ എന്നിവരോടൊപ്പമാണ്. ആ പ്രോജക്ടിന്റെ ഭാഗമാവാന്‍ സാധിച്ചത് വളരെ വലിയ ഭാഗ്യമാണെന്ന മണിക്കുട്ടന്‍ പറയുന്നു.

ബാഹുബലിയുടെ സെറ്റ് ഇട്ടതിന്റെ അടുത്താണ് മരക്കാറിലെ കപ്പലിന്റെയും മറ്റും സെറ്റിട്ടിരുന്നത്. ബാഹുബലി സെറ്റ് കണ്ട ആള്‍ക്കാര്‍ അതിലേറെ അത്ഭുതത്തോടെയാണ് മരക്കാറിന്റെ സെറ്റ് നോക്കിക്കണ്ടത്. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവേണ്ട പ്രോജക്ടാണിത്. അതിന്റെ ഒരു ഭാഗമാവാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്.

തിയേറ്ററില്‍ തന്നെ കണ്ട് അറിയേണ്ട ചിത്രമാണ് മരക്കാര്‍. സിനിമയുടെ ഭാഗമാണ് എന്ന നിലയില്‍ അല്ല, ഒരു പ്രേക്ഷകനെന്ന നിലയില്‍ ചിത്രം തിയേറ്ററില്‍ തന്നെ കാണാന്‍ സാധിക്കണം എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും മണിക്കുട്ടന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Manikuttan shares experience with Mohanlal

We use cookies to give you the best possible experience. Learn more