| Wednesday, 19th May 2021, 4:58 pm

പരിചയപ്പെടാനായി കാത്തുനിന്ന ബോളിവുഡ് നടിമാരൊക്കെ എന്റെ ഇംഗ്ലീഷ് കേട്ട് ഓടിപ്പോയി; രസകരമായ അനുഭവം പങ്കുവെച്ച് മണിക്കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലാണെങ്കിലും തനിക്ക് ഇംഗ്ലീഷ് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറയുകയാണ് നടന്‍ മണിക്കുട്ടന്‍. ‘നിന്നെ ഇംഗ്ലീഷ് പഠിപ്പിച്ചത് കെമിസ്ട്രി ടീച്ചറാണെന്ന് പറഞ്ഞ്’ പ്രിയന്‍ സാര്‍ എപ്പോഴും കളിയാക്കാറുണ്ടെന്നും മണിക്കുട്ടന്‍ പറയുന്നു.

അമൃത ടിവിയിലെ പറയാം നേടാം എന്ന എം.ജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പരിപാടിയിലായിരുന്നു മണിക്കുട്ടന്‍ തന്റെ ഇംഗ്ലീഷിനെ കുറിച്ചും ഇംഗ്ലീഷ് അറിയാത്തതിനെ തുടര്‍ന്നുണ്ടായ ചില നഷ്ടങ്ങളെ കുറിച്ചും മനസുതുറന്നത്.

‘സി.സി.എല്‍ നടക്കുന്ന സമയത്ത് ക്യാച്ചെടുക്കുന്നവര്‍ക്ക് ഒരു പ്രത്യേക അവാര്‍ഡ് കൊടുക്കുന്ന പരിപാടിയുണ്ട്. കാര്‍ബണ്‍ കമാല്‍ കാച്ച് എന്ന പേരിലാണ് അത് കൊടുക്കുന്നത്. ഫസ്റ്റ് സീസണില്‍ ഏതാണ്ട് എനിക്ക് അഞ്ചോളം ക്യാച്ചുകള്‍ കിട്ടിയിട്ടുണ്ട്. കാര്‍ബണ്‍ മൊബൈല്‍ ആണ് സമ്മാനമായി കിട്ടുക.

ഒന്നുകില്‍ വിന്‍ ചെയ്ത ടീമിന്റെ ക്യാപ്റ്റന്‍ അല്ലെങ്കില്‍ മാന്‍ ഓഫ് ദി മാച്ച് ഇവരെ രണ്ടുപേരെയുമാണ് മൈക്കില്‍ സംസാരിക്കാനായി സാധാരണ വിളിക്കാറ്. ഈ ക്യാച്ച് എടുക്കുന്ന ആള്‍ക്ക് സംസാരിക്കേണ്ടതില്ല. വന്ന് മൊബൈലും വാങ്ങിച്ച് പോയാല്‍ മതി. അപ്പോള്‍ അതെനിക്ക് വലിയ ആശ്വാസമായിരുന്നു.

ആദ്യത്തെ ക്യാച്ച് എടുത്തത് കൊച്ചിയിലാണ്. വലിയ അഭിനന്ദങ്ങളൊക്കെ കിട്ടിയ ക്യാച്ചായിരുന്നു. അന്ന് സംസാരിക്കാനായി വിളിച്ചില്ല. അപ്പോള്‍ ഒരു ആശ്വാസമായി. സുനില്‍ ഷെട്ടി സാറൊക്കെ വന്ന് അന്ന് അഭിനന്ദിച്ചിരുന്നു. സല്‍മാന്‍ ഖാന്‍, സുനില്‍ ഷെട്ടി, വെങ്കിടേഷ് സര്‍ അങ്ങനെ നേരിട്ട് കാണാന്‍ പോലും പറ്റുമെന്ന് കരുതാതിരുന്ന താരങ്ങളെയൊക്കെ കണ്ടു. ഇനിയും ക്യാച്ചെടുക്കണമെന്നും ഇവരില്‍ നിന്നൊക്കെ അഭിനന്ദനം വാങ്ങണമെന്നും കരുതി.

അങ്ങനെ രണ്ടാമത്തേയും മൂന്നാമത്തേയും എല്ലാം മാച്ചില്‍ ക്യാച്ചെടുത്തു. നാലാമത്തെ മാച്ച് തോല്‍ക്കേണ്ട കളിയായിരുന്നു. നല്ലൊരു ബാറ്റ്‌സ്മാനാണ് നിന്നിരുന്നത്. അദ്ദേഹം ആദ്യത്തെ ബോള്‍ ഫോറടിച്ചു. രണ്ടാമത്തെ ബോള്‍ സിക്‌സിന് വേണ്ടി ട്രൈ ചെയ്തു. ഞാന്‍ ബൗണ്ടറി ലൈനില്‍ വെച്ച് ക്യാച്ച് എടുത്തു. ആ ക്യാച്ച് എടുത്തതുകൊണ്ട് കളി ജയിച്ചു. എല്ലാവരും ഭയങ്കര കയ്യടിയും കാര്യങ്ങളുമൊക്കെയായി.

സമീറ റെഡ്ഡിയും ജനീലിയ ഡിസ്സൂസയുമൊക്ക വന്ന് പ്രിയന്‍ സാറിന്റെയുടത്ത് ആ പയ്യനെ ഒന്ന് പരിചയപ്പെടണമൊന്നൊക്കെ പറഞ്ഞ് നില്‍ക്കുകയായിരുന്നു. നിന്നെ പരിചയപ്പെടാന്‍ ബോളിവുഡ് ആക്ടേഴ്‌സൊക്കെ കാത്തുനില്‍പ്പുണ്ടെന്ന് കൂടെയുള്ളവരൊക്കെ വന്നു പറഞ്ഞു. അങ്ങനെ ഞാന്‍ വളരെ അഭിമാനപൂര്‍വം ഇങ്ങനെ നില്‍ക്കുകയാണ്.

ഈ മൊബൈല്‍ വാങ്ങിച്ചുകഴിഞ്ഞാല്‍ കുറച്ചുനേരം അവരുടെ അടുത്ത് പോയി തര്‍ജ്ജമ ചെയ്ത് കുറച്ച് ഇംഗീഷും ഹിന്ദിയുമൊക്കെ കൂട്ടിച്ചേര്‍ത്ത് സംസാരിക്കാമെന്ന് കരുതി ഇരിക്കുകയാണ്. അങ്ങനെ ഞാന്‍ മൊബൈല്‍ വാങ്ങിക്കാന്‍ പോയപ്പോള്‍ ആ ദുഷ്ടനായ കമന്റേറ്റര്‍ ഒരു കാര്യവുമില്ലാതെ എന്നെ മെക്കിനടുത്ത് വിളിപ്പിച്ചിട്ട് ഇംഗ്ലീഷില്‍ എന്തൊക്കെയോ കുറേ ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു.

എനിക്ക് എന്ത് പറയണമെന്ന് അറിഞ്ഞൂടാ. ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ്. കഴിഞ്ഞ നാല് ക്യാച്ചിനും ഇവര്‍ വിളിച്ചിട്ടില്ല. വിളിക്കുമെന്ന് അറിയുമായിരുന്നെങ്കില്‍ എന്തെങ്കിലും എഴുതി പഠിച്ച് പോകാമായിരുന്നു. ഞാന്‍ ‘ദാറ്റ് ക്യാച്ച് ‘എന്നൊക്കെ പറഞ്ഞ് ഇങ്ങനെ നില്‍ക്കുകയാണ്. കുറേയൊക്കെ ചോദിച്ചുകഴിഞ്ഞപ്പോള്‍ പുള്ളിക്ക് തന്നെ മനസിലായി.

ഇതോടെ എന്നെ വിട്ടേക്കാം എന്ന് കരുതി പുള്ള ഹ ഹ എന്ന് ചിരിച്ച് തോളിലൊക്കെ തട്ടിയങ്ങ് വിട്ടു. ഇവിടുന്ന് എന്തായാലും നാണം കെട്ടു. എന്തായാലും വേണ്ടില്ല ഇനി ബോളിവുഡ് നടിമാരെ ചെന്ന് കണ്ട് അവരുടെ അടുത്ത് രണ്ട് വാക്ക് സംസാരിക്കാമെന്ന് കരുതി ചെന്നപ്പോള്‍ അവര്‍ എന്റെ ഇംഗ്ലീഷ് കേട്ട് അതുവഴി ഓടിപ്പോയി. പരിചയപ്പെടാതെ.

അതെനിക്ക് ഭയങ്കരമായ ഒരു ക്ഷീണമായിപ്പോയി. രണ്ടാമത്തെ സീസണായപ്പോള്‍ ബോള്‍ പൊങ്ങി ക്യാച്ച് കയ്യില്‍ വരുമ്പോള്‍ ഈ വിളിച്ചിട്ടുള്ള ഇംഗ്ലീഷിലുള്ള ചോദ്യമാണ് ഓര്‍മ്മ വരുന്നത്. അപ്പോള്‍ അറിയാതെ ക്യാച്ചൊക്കെ മിസ് ആയിപ്പോകുന്നുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അതല്ല കാര്യം. ഫസ്റ്റ് സീസണ്‍ കഴിഞ്ഞ ശേഷം പ്രാക്ടീസ് കുറവുകൊണ്ടാണ് മിസ്സായത്. (ചിരി)

മണിക്കുട്ടന്‍ ഇംഗ്ലീഷ് വിളിച്ച് ചോദിക്കുമോ എന്ന് കരുതിയാണ് ക്യാച്ച് എടുക്കാത്തത് എന്ന് പറഞ്ഞ്. നമ്മുടെ ടീമിലെല്ലാവരും ഇത് പറഞ്ഞ് പാട്ടാക്കി.

എല്ലാവര്‍ഷവും ഞാന്‍ ന്യൂയര്‍ റെസല്യൂഷന്‍ എടുക്കും. ഈ വര്‍ഷം എന്തായാലും ഇംഗ്ലീഷ് പഠിച്ചിരിക്കുമെന്ന്. പഠിക്കണം പഠിക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ അതങ്ങോട്ട് കിട്ടുന്നില്ല. അതെന്താണ് കാരണമെന്ന് എനിക്കറിയില്ല. ഇംഗ്ലീഷ് കാണുമ്പോഴേക്ക് ‘താരെ സമീന്‍ പര്‍’ എന്ന ചിത്രത്തിലെ ആ കുട്ടിയെപ്പോലെയാണ്. ഒരു അമീര്‍ ഖാന്‍ സാര്‍ എന്നെ പഠിപ്പിക്കാന്‍ വരണം, മണിക്കുട്ടന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Manikkuttan About His English

We use cookies to give you the best possible experience. Learn more