മണ്ണിന്റെ മക്കളോടൊപ്പം, കര്‍ഷകര്‍ അവകാശങ്ങള്‍ നേടിയെടുക്കട്ടെ; കര്‍ഷക സമരത്തെ പിന്തുണച്ച് നടന്‍ മണികണ്ഠന്‍ ആചാരി
Kerala News
മണ്ണിന്റെ മക്കളോടൊപ്പം, കര്‍ഷകര്‍ അവകാശങ്ങള്‍ നേടിയെടുക്കട്ടെ; കര്‍ഷക സമരത്തെ പിന്തുണച്ച് നടന്‍ മണികണ്ഠന്‍ ആചാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th February 2021, 7:35 pm

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ മണികണ്ഠന്‍ ആചാരി. കുരീപ്പുഴ ശ്രീകുമാറിന്റെ കീഴാളന്‍ എന്ന കവിത ചൊല്ലുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് താരം പിന്തുണ പ്രഖ്യാപിച്ചത്.

‘മണ്ണിനോടൊപ്പം, മണ്ണിന്റെ മക്കളോടൊപ്പം. കര്‍ഷകസമരം വിജയിക്കട്ടെ. കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ’, മണികണ്ഠന്‍ പറഞ്ഞു.

നടന്‍ സലീം കുമാറും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
കര്‍ഷകസമരത്തെ വിദേശികളായ കലാകാരന്‍മാരും ആക്ടിവിസ്റ്റുകളും പിന്തുണയ്ക്കുന്നതിനേയും അദ്ദേഹം സ്വാഗതം ചെയ്തു.

അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയിഡിനെ ശ്വാസം മുട്ടിച്ചുകൊന്നപ്പോള്‍ ഇന്ത്യാക്കാരടക്കമുള്ളവര്‍ പ്രതിഷേധിച്ചിരുന്നെന്നും അന്നൊന്നും ഒരു അമേരിക്കാരും ബാഹ്യശക്തികളോട് കാഴ്ചക്കാരായി നിന്നാല്‍ മതി എന്ന് പറഞ്ഞിട്ടില്ലെന്നും സലീം കുമാര്‍ പറഞ്ഞു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കോഹ്ലിയും സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്.

‘വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്ലിയുടെ ട്വീറ്റ്.

അതേസമയം കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.

‘ഖാസിപ്പൂരിലെ പാടങ്ങള്‍ ഞങ്ങള്‍ ഉഴുതുമറിച്ച് കൃഷി ആരംഭിക്കും. പ്രദേശത്തെ കര്‍ഷകരെയും ഒപ്പം കൂട്ടും’, ടികായത് പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിച്ചിരുന്നു. മൂന്നു മണിക്കൂര്‍ നേരത്തേക്കായിരുന്നു ഉപരോധം.

ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെയാണ് വാഹനങ്ങള്‍ ഉപരോധിച്ചത്. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു.

വഴിതടയല്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടായത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സി.പി.ഐ നേതാവ് ആനി രാജയടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കരുതല്‍ തടങ്കലിലാണെന്നാണ് പുറത്തുവരുന്ന വിവരം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Actor Manikantan Supports Farmers Protest