| Thursday, 5th December 2024, 8:39 am

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ വാര്‍ത്തയില്‍ മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ; മനോരമക്കെതിരെ നടപടിക്കൊരുങ്ങി നടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വാര്‍ത്തയില്‍ മറ്റൊരു നടന്റെ ഫോട്ടോക്ക് പകരം തന്റെ ഫോട്ടോ ഉപയോഗിച്ചതിന് മനോരമക്ക് എതിരെ നടന്‍ മണികണ്ഠന്‍ ആര്‍. ആചാരി.

കഴിഞ്ഞ ദിവസമായിരുന്നു കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിലെ എ.എം.വി.ഐയും നടനുമായ കെ. മണികണ്ഠനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത വാര്‍ത്തകള്‍ പുറത്തുവന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നടന് എതിരെ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിലായിരുന്നു ഈ നടപടിയുണ്ടായത്. ആട്2, ജാനകി ജാനേ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്ത നടനായിരുന്നു കെ. മണികണ്ഠന്‍.

എന്നാല്‍ മനോരമ പത്രത്തില്‍ ഈ സസ്‌പെന്‍ഷന്‍ വാര്‍ത്ത വന്നപ്പോള്‍ കെ. മണികണ്ഠന് പകരം നടന്‍ മണികണ്ഠന്‍ ആര്‍. ആചാരിയുടെ ഫോട്ടോയാണ് വന്നത്. പിന്നാലെ നടന്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ പ്രതികരണവുമായി എത്തി.

‘മനോരമ എന്റെ വീടിന്റെ ഐശ്വര്യം’ എന്ന ക്യാപ്ഷനോടെ മണികണ്ഠന്‍ ആര്‍. ആചാരി പത്രവാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഒപ്പം ഒരു വീഡിയോയും പങ്കുവെച്ചു. വീഡിയോയില്‍ താന്‍ മനോരമക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് നടന്‍ പറയുന്നത്.


അടുത്ത മാസം ചെയ്യാനിരിക്കുന്ന ഒരു തമിഴ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചപ്പോഴാണ് താന്‍ ഈ വാര്‍ത്ത അറിയുന്നതെന്നും മണികണ്ഠന്‍ ആര്‍. ആചാരി വീഡിയോയില്‍ പറഞ്ഞു. പിന്നാലെ നിരവധിയാളുകളാണ് നടനെ പിന്തുണച്ച് മനോരമക്ക് എതിരെ കമന്റുകളുമായി എത്തിയത്.


മനോരമ ഇന്നത് ആദ്യ പേജില്‍ കൊടുത്തെങ്കില്‍ നാളെ ആരും കാണാത്ത ഒരു മൂലയില്‍ ചെറിയ കോളത്തില്‍ തെറ്റ് തിരുത്തി കൊടുക്കുമെന്ന് പറഞ്ഞ് നിരവധി പരിഹാസ കമന്റുകളും എത്തി. പാലക്കാട് എഡിഷന്‍ നോക്കിയാല്‍ ചിലപ്പോള്‍ ഫോട്ടോയില്‍ മണികണ്ഠന്‍ പട്ടാമ്പിയാകുമെന്നും കമന്റുകളുണ്ട്.

Content Highlight: Actor Manikandan R Achari Against Malayala Manorama Newspaper  For Using His Photo Instead Of Another Actor’s Photo

Latest Stories

We use cookies to give you the best possible experience. Learn more