കൊച്ചി: പഠനത്തിനും ജീവിതചിലവിനും വേണ്ടി മത്സ്യം വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് പിന്തുണയുമായി നടന്‍ മണികണ്ഠന്‍.
ചമ്പക്കര മത്സ്യമാര്‍ക്കറ്റില്‍ മീന്‍ എടുക്കാന്‍ ഹനാന്‍ വരാറുണ്ടെന്നും സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ താന്‍ അംഗീകരിക്കുന്നെന്നും മണികണ്ഠന്‍ പറഞ്ഞു.
“കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട്. പിന്നെ അരുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്റെ ആവശ്യം ഉണ്ടെന്ന് മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല”- മണികണ്ഠന്‍ പറയുന്നു.
ഹനാന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി മണികണ്ഠന്‍ രംഗത്തുവന്നത്.
വൈറ്റില ഹബ്ബില്‍ മത്സ്യമെടുക്കാന്‍ ഹനാന്‍ വരാറുണ്ടെന്നും ഏറെ ദുരിതങ്ങള്‍ സഹിച്ചാണ് ഹനാന്‍ ഇവിടെ എത്തുന്നതെന്നും മാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളികളും പറയുന്നു.
ഹനാന് പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തിയിരുന്നു. ഇതോടെ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഹനാന്‍ നാടകം കളിക്കുകയായിരുന്നെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
മാടവനയിലെ വാടക വീട്ടിലാണ് ഹനാനും അമ്മയും സഹോദിരനും താമസം. പുലര്‍ച്ചെ നാല് മണിക്ക് എണീറ്റ് സൈക്കിളില്‍ ചമ്പക്കര മത്സ്യമാര്‍ക്കറ്റില്‍ പോയി മീന്‍ എടുക്കാറാണ് പതിവെന്നും തിരിച്ചുവരുമ്പോള്‍ ഓട്ടോയില്‍ സൈക്കിള്‍ കയറ്റിവെച്ചാണ് തിരിച്ചെത്താറാണെന്നും ഹനാന്‍ താമസിക്കുന്ന വാടക വീടിന്റെ ഉടമ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ അത്താണിയാണ് ഹനാനെന്നും ഇദ്ദേഹം പറയുന്നു.
ജീവിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച ഒരു പാവം പെണ്‍കുട്ടിയാണ് താനെന്നും സിനിമയുടെ പ്രൊമോഷന് വേണ്ടി നാടകം കളിക്കുകയായിരുന്നെന്ന ചിലരുടെ വാദം ക്രൂരമാണെന്നും ഹനാന്‍ പ്രതികരിച്ചിരുന്നു.