മറിമായം എന്ന ആക്ഷേപഹാസ്യ സീരിയലിലെ സത്യശീലന്‍ എന്ന കഥാപാത്രത്തെ ശ്രദ്ധിക്കാത്തവര്‍ ചുരുക്കമായിരിക്കും. അഞ്ഞൂറിലേറെ എപ്പിസോഡുകളില്‍ ഒരേ പേരില്‍ വ്യത്യസ്ത കഥാപാത്രമായെത്തുന്ന സത്യശീലന്‍ ഒരു തരത്തില്‍ അഭിനയത്തിന്റെ മറ്റൊരു തലം കൂടിയാണ് പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നത്.
സത്യശീലന്‍ എന്ന പേരിനോട് തനിക്ക് വല്ലാത്തൊരു അടുപ്പമുണ്ടെന്ന് പറയുകയാണ് മണികണ്ഠന്‍. പത്ത് വര്‍ഷവും ഒരേ പേരില്‍ വേഷം ചെയ്ത് തുടര്‍ന്നു പോവുന്നതില്‍ മാനസികമായി താത്പര്യക്കുറവ് തോന്നിയിരുന്നെന്നും എന്നാല്‍ വ്യത്യസ്തമായ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മണികണ്ഠന്‍ പറയുന്നത്.
മറിമായം വേണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചിരുന്നു. പക്ഷേ, എത്തിപ്പെട്ടതിനുശേഷം പിന്നീടൊരിക്കലും വേണ്ട എന്ന് തോ ന്നിയിട്ടില്ല. സിനിമയിലായിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന ഈ സ്വീകാര്യതയും സ്‌നേഹവുമൊന്നും ഒരിക്കലും എനിക്ക് ലഭിക്കില്ലായിരുന്നു.
സിനിമയിലായാലും സീരിയലിലായാലും നാടകത്തിലായാലും നടന്‍ എന്ന രീതിയില്‍ അറിയപ്പെടാനാണ് എന്നും തനിക്ക് ആഗ്രഹമെന്നും സിനിമ പ്രശസ്തിയും പണവും നേടിത്തരുന്നു എന്നതാണ് അതിനോട് തോന്നുന്ന ഭ്രമമെന്നും മണികണ്ഠന്‍ പറയുന്നു.
സിനിമയില്‍ അവസരം കുറയുന്നതിനെക്കുറിച്ച് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. വിജയമാണ് സിനിമയുടെ ഒരു ഘടകം. ചെറിയ വേഷമാണെങ്കില്‍ പോലും നമ്മള്‍ ചെയ്ത സിനിമ സൂപ്പര്‍ഹിറ്റായാല്‍ ആളുകള്‍ എന്നും ഓര്‍ക്കും.
മീശമാധവനു ശേഷം വേറെയും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും സംവിധായകര്‍ എന്നെ വിളിച്ച് കഥാപാത്രങ്ങള്‍ തരുന്ന തിരക്കുള്ള അവസ്ഥയില്‍ ഞാന്‍ എത്തിയിട്ടില്ല. നമ്മളെ അത്രയും ആവശ്യമാണെന്ന് സംവിധായകനും തിരക്കഥാകൃത്തിനും തോന്നണ്ടേ. അത് തോന്നാത്തത് ആരുടെയും കുറ്റമല്ല.
അടുത്ത സുഹൃത്തുക്കള്‍ സിനിമ ചെയ്യുമ്പോള്‍ അലോസരപ്പെടുത്തേണ്ട എന്നു കരുതി വേഷം ചോദിക്കാറില്ല. അവസരം തേടി വന്നില്ലെങ്കില്‍ ചാന്‍സ് ചോദിച്ചു വാങ്ങുക തന്നെ വേണം. പക്ഷേ ചോദിക്കാനുള്ള സങ്കോചം കൊണ്ട് ബോധപൂര്‍വം അതൊഴിവാക്കുന്നതാണ്, മണികണ്ഠന്‍ പറയുന്നു.