റോഷാക്കില്‍ എറ്റവും കൂടുതല്‍ ശ്രദ്ധനേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് ബാലന്‍ ചേട്ടന്‍. ‘മറിമായം’ ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ മണി ഷൊര്‍ണൂറാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്ന പിന്തുണയെക്കുറിച്ച് മണി പറഞ്ഞത്.
”മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍ ഡയലോഗ് മറന്നു പോകുന്ന പ്രശ്‌നം എനിക്കും സംഭവിച്ചിരുന്നു. പക്ഷേ നമുക്കുള്ള കഴിവുകള്‍ മമ്മൂക്ക തന്നെ പറഞ്ഞു തരുകയായിരുന്നു. സിനിമയില്‍ ഞാനും മമ്മൂക്കയും ഇരിക്കുന്ന ഒരു സീനുണ്ട്. അതെടുക്കുമ്പോള്‍ എന്നെ ഒന്ന് നോക്കി പെട്ടെന്ന് മമ്മൂക്ക സ്‌ക്രിപ്റ്റ് നോക്കി.
ഞാന്‍ അദ്ദേഹത്തെ നോക്കിയപ്പോള്‍ എന്നോട് പറഞ്ഞു, നീ നോക്കുക ഒന്നും വേണ്ട പത്തുവര്‍ഷമായിട്ട് നീ മറിമായത്തില്‍ സിങ്ക് സൗണ്ട് ചെയ്യുന്നതല്ലേ, നിന്റെ അടുത്ത് പിടിച്ചു നില്‍ക്കണ്ടേ എനിക്ക് എന്നാണ്.
അതില്‍ നിന്നും അദ്ദേഹം ചെയ്യുന്നത് നമുക്കും അദ്ദേഹത്തെ പോലെ കഴിയുമെന്ന് വിശ്വാസിപ്പിക്കലാണ്. എന്നെ ഒന്ന് റിലാക്‌സ് ആക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ടാണ് എനിക്ക് ഫ്രീ ആയിട്ട് ആ സീന്‍ ചെയ്യാന്‍ പറ്റിയത്.
ആദ്യമായി സിനിമയില്‍ എടുത്ത സീന്‍ ഞാന്‍ മമ്മൂക്കയെ ഫോളോ ചെയ്ത് നോക്കുന്നതാണ്. അതായത് കാട്ടില്‍ പോലീസുകാരുമായി തെരയുന്ന മമ്മൂക്കയെ ഞാന്‍ ഫോളോ ചെയ്ത് നോക്കും. ഞാന്‍ അദ്ദേഹത്തെ നോക്കുന്ന സമയത്ത് കുറച്ചുകൂടെ മുന്നോട്ട് പോയി ഒരു മരച്ചുവട്ടില്‍ ക്ഷീണിച്ച് അദ്ദേഹം ഇരിക്കും. അപ്പോള്‍ ഞാന്‍ ചെന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കുമ്പോള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് പോവാന്‍ പറയും. മമ്മൂട്ടിയെ പിടിച്ചുകൊണ്ടുള്ള സീനാണ് സിനിമയിലെ എന്റെ ഫസ്റ്റ് ഷോട്ട്.
ഫസ്റ്റ് ഷോട്ട് ആദ്യം തന്നെ ഓക്കെയായിരുന്നു. ഈ സിനിമയുടെ പ്രത്യോകത അതിന്റെ ടീം ആണ്. ഒരു സീനെടുക്കാന്‍ ഞങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ അസോസിയേറ്റും ക്യാമറ ടീമും എല്ലാവരും എടുക്കേണ്ട സീന്‍ അഭിനയിച്ച് എല്ലാം സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടാകും. നമ്മള്‍ ചെന്ന് അതുകണ്ട് പഠിച്ച് അഭിനയിച്ചാല്‍ മതിയാകും.
എനിക്ക് ഇതില്‍ കുറച്ച് ബുദ്ധിമുട്ടായ കാര്യം നമ്മുടെ ഭാഷയാണ്. ഫസ്റ്റ് ഡയലോഗ് പറയുന്ന സീനില്‍ എന്റെ ചെവിയില്‍ വന്നു പറഞ്ഞു, വള്ളുവനാടന്‍ ഭാഷ വേണ്ടെന്ന്. ഇതിന് എല്ലാവര്‍ക്കും പറ്റുന്ന ഭാഷമതിയെന്നും അതിലേക്ക് നമ്മളും വരാന്‍ ശ്രദ്ധിക്കണമെന്നും മമ്മൂക്ക പറഞ്ഞു.
കൂടാതെ മേക്കപ്പിനെല്ലാം പോയി ഇരിക്കാന്‍ പറഞ്ഞാല്‍ സാധാരണ എല്ലാവരും സന്തോഷത്തോടെ അല്ലെ പോകുക. മമ്മൂട്ടി ഉള്‍പ്പെടെ ഞങ്ങളെ ഡള്ളാക്കാനായിരുന്നു മേക്കപ്പിന് വിളിക്കാറുള്ളത്,” മണി പറഞ്ഞു.
Content Highlight: Actor mani shornur shares his experience about mammootty