| Wednesday, 11th December 2024, 7:14 pm

1000 ബേബീസ് കഴിഞ്ഞ് വന്ന മൂന്ന് സ്‌ക്രിപ്റ്റുകള്‍; എനിക്ക് ആ സിനിമകള്‍ ചെയ്യാനാകില്ല: മനു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ടൂര്‍ണമെന്റ്. മനേഷ് മനു, രൂപ മഞ്ജരി, ഫഹദ് ഫാസില്‍, പ്രവീണ്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്. മനേഷ് മനുവിന്റെ ആദ്യ ചിത്രമായിരുന്നു ടൂര്‍ണമെന്റ്. ബോബി എന്ന കഥാപാത്രമായിട്ടായിരുന്നു മനു ഈ സിനിമയില്‍ എത്തിയത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ മനുവിന് സാധിച്ചിരുന്നു. മിക്കതും പ്രേഷകരുടെ മനസില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു. മെക്‌സിക്കന്‍ അപാരതയിലെ കൃഷ്ണന്‍, ഫ്രൈഡേയിലെ മുനീര്‍, ഡബിള്‍ ബാരലിലെ ഉമ്മര്‍ എന്നിവയൊക്കെ അതിന് ഉദാഹരണമാണ്.

ഈയിടെ ഹോട്സ്റ്റാര്‍ പുറത്തിറക്കിയ വെബ് സീരീസായ 1000 ബേബീസിലും മനു ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. പാലക്കാട്ടെ രാഷ്ട്രീയനേതാവായ ദേവന്‍ കുപ്ലേരി എന്ന കഥാപാത്രമായിട്ടായിരുന്നു മനു എത്തിയത്. സീരീസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ദേവന്‍ കുപ്ലേരി.

തന്റെ കഥാപാത്രങ്ങളെല്ലാം മറ്റുള്ളവരുടെ മനസില്‍ നില്‍ക്കുന്നവയാണെന്നും അത് ഒരുപാട് ആളുകള്‍ തന്നോട് പറഞ്ഞ കാര്യമാണെന്നും പറയുകയാണ് മനു. താന്‍ ദൈവത്തിന്റെ അനുഗ്രഹമായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനു.

‘എന്റെ കഥാപാത്രങ്ങളെല്ലാം മറ്റുള്ളവരുടെ മനസില്‍ നില്‍ക്കുന്നവയാണ്. അത് ഒരുപാട് ആളുകള്‍ എന്നോട് പറഞ്ഞ ഒരു കാര്യമാണ്. അത് ഞാന്‍ ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നത്. ടൂര്‍ണമെന്റ് സിനിമയിലെ ബോബിയല്ല, ഫ്രൈഡേയിലെ മുനീര്‍. ആ മുനീറല്ല, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരല്‍ സിനിമയിലെ ഉമ്മര്‍.

ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് കഴിഞ്ഞാല്‍ അടുത്തത് അതുപോലെ ആവരുതെന്ന് എനിക്ക് വാശിയുണ്ട്. അത് ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ ചെയ്യുന്ന സമയത്തും അങ്ങനെ തന്നെയാണ്. ഒരു ഫോട്ടോ കാണുമ്പോള്‍ തൊട്ടുമുമ്പത്തെ ഫോട്ടോയില്‍ കാണുന്ന ആളേയാകില്ല അത്.

ഇപ്പോള്‍ ദേവന്‍ കുപ്ലേരി എന്ന കഥാപാത്രത്തില്‍ എത്തിനില്‍ക്കുകയാണ്. അത് അന്വേഷിപ്പിന്‍ കണ്ടെത്തും, തൃശൂര്‍ പൂരം, മെക്‌സിക്കന്‍ അപാരത എന്നീ സിനിമകളിലൊക്കെ കണ്ട ആളാണോയെന്ന സംശയം ആളുകള്‍ക്ക് തോന്നാം. അത് എന്റെ വലിയൊരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്.

1000 ബേബീസ് കഴിഞ്ഞിട്ട് എനിക്ക് മൂന്ന് സ്‌ക്രിപ്റ്റുകള്‍ വന്നിരുന്നു. മൂന്നും രാഷ്ട്രീയ ചുവയുള്ള സ്‌ക്രിപ്റ്റാണ്. അതില്‍ ഞാന്‍ അഭിനയിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. സെയിം ട്രാക്ക് തന്നെയാണ് ആ സിനിമ. എനിക്ക് മെക്‌സിക്കന്‍ അപാരത കഴിഞ്ഞപ്പോള്‍ വന്ന അതേ ട്രാക്ക് തന്നെയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

1000 ബേബീസിലെ കഥാപാത്രം പോലെയുള്ളത് ഇനി ചെയ്തത് കൊണ്ട് എനിക്ക് ഒരു കാര്യവുമില്ല. ഞാന്‍ രാഷ്ട്രീയവത്കരിച്ച് പറയുകയല്ല. എന്റെ കരിയര്‍ ഡെവലപ്പ് ആകാന്‍ ഞാന്‍ ഇനി വേറെ കഥാപാത്രങ്ങളിലേക്ക് പോകണം. ആ ഉത്തരവാദിത്തം എനിക്കുണ്ട്,’ മനു പറയുന്നു.

Content Highlight: Actor Manesh Manu Talks About The Scripts He Get After 1000 Babies Movie

We use cookies to give you the best possible experience. Learn more