|

കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കരുത്; അവള്‍ക്ക് നീതി ലഭിക്കണമെന്നും മാമുക്കോയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കരുതെന്ന് നടന്‍ മാമൂക്കോയ. ദോഹയില്‍ ക്യു മലയാളം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

താന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമല്ല. കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കരുത് അദ്ദേഹം പറഞ്ഞു. അക്രമത്തിനിരയായ പെണ്‍കുട്ടിയും അമ്മയുടെ ഭാഗമായിരുന്നു. അവള്‍ക്ക് നീതി കിട്ടണമെന്നും അത് പൊതുവികാരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കലാകാരന്മാര്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടണമെന്നും അതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ആരെയും ഇതിന് നിര്‍ബന്ധിക്കാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണം: ഷമ്മി തിലകന്‍

അതേസമയം ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക എക്സിക്യൂട്ടീവ് യോഗം ജൂലൈ 19ന് നടത്താന്‍ താര സംഘടനയായ എ.എം.എം.എ തീരുമാനിച്ചിട്ടുണ്ട്.

ഇതോടൊപ്പം ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി അംഗങ്ങളുമായും ചര്‍ച്ച നടത്തും. “പ്രാധാന്യമുള്ള” വിഷയം ചര്‍ച്ചയ്ക്കുണ്ടെന്നു കാണിച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കു സന്ദേശം ലഭിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കു ക്ഷണിച്ച് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ക്കു ക്ഷണക്കത്ത് നല്‍കുമെന്നാണ് വിവരം

ഇത് സംബന്ധിച്ച് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്നെത്തിയാലുടന്‍ അജന്‍ഡ തീരുമാനിക്കും. നേരത്തെ ഡബ്ല്യൂ.സി.സി അംഗങ്ങളുമായി ചര്‍ച്ചയാകാമെന്ന് എ.എം.എം.എ. വ്യക്തമാക്കിയിരുന്നു. നടി രേവതിക്ക് നല്‍കിയ മറുപടിയിലാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇക്കാര്യം അറിയിച്ചത്.

Latest Stories

Video Stories