| Tuesday, 31st August 2021, 12:23 pm

ചന്ദ്രലേഖയിലെ എന്റെ ഡയലോഗും മോഹന്‍ലാലിന്റെ കൗണ്ടറും പ്രിയന്‍ ഒപ്പമിരുന്ന് ഡബ്ബ് ചെയ്യിക്കുകയായിരുന്നു; മാമുക്കോയ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ താനൂര്‍ അബൂബക്കര്‍ ഹാജിയെന്ന നാട്ടുരാജാവിന്റെ വേഷത്തില്‍ എത്തി വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം മാമുക്കോയ.

ചന്ദ്രലേഖ, മേഘം, വെട്ടം, ഒപ്പം തുടങ്ങി പ്രിയദര്‍ശന്റെ മികച്ച ചിത്രങ്ങളിലെല്ലാം മാമുക്കോയ പ്രധാന സാന്നിധ്യമായിരുന്നു.

നൂറ് ശതമാനവും തന്നെ പഠിക്കുകയും മനസിലാക്കുകയും ചെയ്ത സംവിധായകനാണ് പ്രിയദര്‍ശനെന്നും അദ്ദേഹത്തിന്റെ സിനിമകളില്‍ താന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ മിടുക്ക് മാത്രമാണെന്നുമാണ് മാമുക്കോയ പറയുന്നത്. കാന്‍ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയനുമൊത്തുള്ള തന്റെ സിനിമകളെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

തന്നെ നൂറ് ശതമാനവും ഉപയോഗപ്പെടുത്തുന്ന വ്യക്തിയാണ് പ്രിയനെന്നും താന്‍ ഒരു കരുവായി നിന്നുകൊടുക്കുക മാത്രമാണെന്നും മാമുക്കോയ അഭിമുഖത്തില്‍ പറയുന്നു.

‘പ്രിയനൊപ്പം ചെയ്ത പടങ്ങള്‍ ഗംഭീരമാണെന്ന് ആളുകള്‍ വിളിച്ചുപറയുമ്പോള്‍ ഞാന്‍ പറയാറ് അത് പ്രിയനെ വിളിച്ചുപറയൂ എന്നാണ്. കാരണം നമുക്ക് പോലും നമ്മള്‍ എന്താണ് ചെയ്യുന്നതെന്നോ ഇത് എന്തായി തീരുമെന്നോ പലപ്പോഴും അറിയില്ല. അത്രയും നമ്മളെ പഠിച്ച് കാല്‍ക്കുലേറ്റ് ചെയ്താണ് അദ്ദേഹം ഉപയോഗിക്കാറ്. അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് മാത്രമാണ്, ‘ മാമുക്കോയ പറയുന്നു.

പ്രിയന് മരക്കാറിലെ കഥാപാത്രം താന്‍ ചെയ്താല്‍ മതിയെന്ന് തോന്നിയതുകൊണ്ടാണ് അത് തന്നിലേക്ക് എത്തിയതെന്നും കഥാപാത്രത്തെ ഭംഗിയായി ചെയ്തു എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അഭിമുഖത്തില്‍ മാമുക്കോയ പറഞ്ഞു.

ചന്ദ്രലേഖ സിനിമയിലെ പല രംഗങ്ങളും പ്രിയനൊപ്പമിരുന്നാണ് താന്‍ ഡബ്ബ് ചെയ്തതെന്നും തന്റേയും മോഹന്‍ലാലിന്റേയും ഡയലോഗുകളുടേയും കൗണ്ടറുകളുടേയും പൂര്‍ണമായ ക്രെഡിറ്റ് പ്രിയനുള്ളതാണെന്നും മാമുക്കോയ അഭിമുഖത്തില്‍ പറഞ്ഞു.

”ചന്ദ്രലേഖ സിനിമയിലെ ഹോസ്പിറ്റല്‍ രംഗങ്ങള്‍ ഞാന്‍ ഡബ്ബ് ചെയ്യുമ്പോള്‍ അദ്ദേഹം കൂടി എനിക്കൊപ്പം ഇരിക്കുമെന്ന് പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന് കേള്‍ക്കണമെന്നായിരുന്നു പറഞ്ഞത്. പറയുന്നത് ഞാനായിരുന്നെങ്കിലും എന്ത് പറയണമെന്ന് തീരുമാനിക്കുന്നത് അദ്ദേഹമാണ്.

ആ കള്ള പന്നി എന്ന് പറയുന്നത് മോഹന്‍ലാലിന്റെ കഥാപാത്രം പനിയാണെന്നാക്കി മാറ്റുന്ന തരത്തിലുള്ള ഡയലോഗുകളൊക്കെയും നൂറ് നൂറ് എന്ന് പറയുമ്പോള്‍ നൂറ് രൂപയുടെ കേസേ ഉള്ളൂ എന്നൊക്കെ പറയുന്ന രംഗങ്ങളൊക്കെ പ്രിയനൊപ്പമിരുന്നാണ് ഡബ്ബ് ചെയ്തത്.

പ്രിയന്‍ എഴുതുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്റെ മനസിലാണ് ഉണ്ടായിരുന്നത്. ചന്ദ്രലേഖയില്‍ അടി കിട്ടിയ രംഗത്തിന് ശേഷം ഞാന്‍ ഡയലോഗുകള്‍ വൈകൃതത്തോടെയാണ് പറയേണ്ടത്. എങ്കിലും അത് എങ്ങനെ പറയണമെന്നത് പ്രിയന്റെ തീരുമാനമായിരുന്നു. പ്രിയന്‍ ഉദ്ദേശിച്ചത് എന്താണോ അത് പറയിപ്പിച്ച് എടുക്കുകയായിരുന്നു.

വെട്ടം, മേഘം, ചന്ദ്രലേഖ, ഒപ്പം തുടങ്ങിയ എല്ലാ ചിത്രങ്ങളിലും നല്ല വേഷങ്ങളാണ് എനിക്ക് പ്രിയന്‍ തന്നത്. എല്ലാ ചിത്രങ്ങളിലേക്കും പ്രിയന്‍ നേരിട്ട് വിളിക്കുകയാണ് ചെയ്യുന്നത്. കൊറോണ സമയത്ത് ഞാന്‍ പ്രിയനെ വിളിച്ചിരുന്നു. എല്ലാവര്‍ക്കും കൊറോണ ദോഷമാണ് ചെയ്തതെങ്കിലും എനിക്ക് ഫലം ചെയ്തു എന്നായിരുന്നു പ്രിയന്‍ എന്നോട് പറഞ്ഞത്. രണ്ട് ഉഗ്രന്‍ സ്‌ക്രിപ്റ്റ് ഉണ്ടാക്കിയിട്ടുണ്ടെന്നും അത് ഷൂട്ട് ചെയ്യാന്‍ സമയം കിട്ടിയാല്‍ മതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…

മരക്കാര്‍ അറബിക്കടലിന്റെ സിംഹം 120 ദിവസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. 120 ദിവസം പൂര്‍ണമായി വര്‍ക്ക് ചെയ്തു. ഒരു ഡയരക്ടര്‍ക്കും അതിന് സാധിക്കില്ല. ആരും അത്തരത്തില്‍ മെനക്കെടില്ലെന്ന് വേണം പറയാന്‍. ഇത്രയും വലിയ പടം രണ്ടും മൂന്നും ഷെഡ്യൂള്‍ ആയി ചെയ്യേണ്ടതാണ്. എന്നാല്‍ രാത്രിയെന്നില്ല പകലെന്നില്ലാതെ അദ്ദേഹം അത് ചെയ്തു തീര്‍ത്തു. പൊടിയും ബഹളവും യുദ്ധവും തീയിടലും ഊണും ഉറക്കവും ഭക്ഷണവും ഇല്ലാതെ അദ്ദേഹം പടം തീര്‍ത്തു. പക്ഷേ കൊറോണ കാരണം റിലീസിന് സാധിച്ചില്ല. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല. മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം,” മാമുക്കോയ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mamukkoya About priyadarshan and mohanlal

We use cookies to give you the best possible experience. Learn more