നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്യുമിനേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സെക്കന്‍ഡ് ഷോയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തില്‍ ചിത്രത്തിന്റെ റിലീസ് തീയ്യതി പലതവണയാണ് മാറ്റിയത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടി റിലീസിന് പോകാത്തതിന്റെയും തീയേറ്റര്‍ റിലീസ് തന്നെ തെരഞ്ഞെടുക്കാനുമുള്ള കാരണം നടന്‍ മമ്മൂട്ടിയാണെന്ന് തുറന്നു പറയുകയാണ് നിര്‍മ്മതാവ് ആന്റോ ജോസഫ്.
ഒ.ടി.ടിയില്‍ നിന്ന് നല്ല ഓഫറുകള്‍ വന്നിരുന്നു. അത് സ്വീകരിക്കാമെന്ന ഘട്ടത്തില്‍ ഞാനെത്തുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ മമ്മൂക്ക പറഞ്ഞത് സിനിമയെ ആശ്രയിച്ച് നില്‍ക്കുന്നത് നമ്മളെ പോലുള്ളവര്‍ മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ച് നില്‍ക്കുന്ന ഒരുപാട് തൊഴിലാളികള്‍ വേറെയുമുണ്ട് എന്നാണ്.
തിയേറ്ററില്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരുപാട് തൊഴിലാളികളുണ്ട്, തിയേറ്ററിലെ ഓപ്പറേറ്റര്‍മാരുണ്ട്, അങ്ങിനെ അനേകം പേരുണ്ട്. ഓട്ടോറിക്ഷക്കാരുവരെയുണ്ട്.
ഒരു സെക്കന്‍ഡ് ഷോ കഴിഞ്ഞാല്‍ പത്ത് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടാല്‍ അവര്‍ക്ക് ഓട്ടം കിട്ടും. ആ സാഹചര്യം നമ്മളായിട്ട് കളയാന്‍ നില്‍ക്കരുത്. അതുകൊണ്ട് എല്ലാവരെയും കൂടെ നിര്‍ത്തി തന്നെ നമ്മള്‍ മുന്നോട്ട് പോകണം. ഒ.ടി.ടി. റിലീസില്‍ നമ്മള്‍ രക്ഷപ്പെടുമായിരിക്കും.
എല്ലാവരെയും ഒരുമിച്ച് നിര്‍ത്തിപ്പോകാനുള്ള റിസ്‌ക് നമ്മള്‍ എടുക്കണം. അതിന് ഞാനുണ്ട് കൂടെ എന്ന് മമ്മൂക്ക പറഞ്ഞപ്പോഴാണ് എനിക്ക് വിശ്വാസം വന്നത്. അതുകൊണ്ടാണ് തിയേറ്ററില്‍ ചിത്രം കൊണ്ടുവരാന്‍ സാധിച്ചത്,” ആന്റോ ജോസഫ് പറഞ്ഞു.
വ്യാഴാഴ്ച റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ദ പ്രീസ്റ്റ്.
മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം വലിയ താര നിരയാണ് ചിത്രത്തില്‍ അണിനിരന്നത്.നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.