| Monday, 16th January 2023, 2:16 pm

അത്തരം കഥാപാത്രങ്ങള്‍ ഫ്രീയായിട്ട് അഭിനയിക്കാന്‍ തയ്യാറാണ്, സന്തോഷം കിട്ടുന്നത് അഭിനയിക്കുമ്പോള്‍, അല്ലാതെ പൈസ കിട്ടുമ്പോഴല്ല: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭൂതക്കണ്ണാടിയിലെയും തനിയാവര്‍ത്തനത്തിലെയും പോലുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ താന്‍ വിട്ട് കളയില്ലെന്ന് നടന്‍ മമ്മൂട്ടി. പ്രതിഫലം ഒന്നും കിട്ടിയില്ലെങ്കിലും അതുപോലുള്ള കഥാപാത്രങ്ങള്‍ ഫ്രീയായിട്ട് അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നും മമ്മൂട്ടി പറഞ്ഞു.

താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഈ ജോലി ചെയ്യുമ്പോഴാണെന്നും അല്ലാതെ പൈസ കിട്ടുമ്പോഴല്ലെന്നും മമ്മൂട്ടി പറഞ്ഞു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി സംസാരിച്ചത്. ഭൂതകണ്ണാടിയും തനിയാവര്‍ത്തനവും പോലെയുള്ള സൈക്കിക്ക് സിനിമയാണോ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.

”ഭൂതകണ്ണാടിയേയും തനിയാവര്‍ത്തനത്തേയും മെന്റല്‍ ഹെല്‍ത്ത് സിനിമകളെന്ന് പറയാന്‍ പറ്റില്ല. ആ കഥാപാത്രങ്ങള്‍ സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തരായവരായത് കൊണ്ട് നമുക്ക് തോന്നുന്നതാണ്.

നന്‍പകല്‍ നേരത്ത് മയക്കത്തിലേത് അങ്ങനെയൊരു കഥാപാത്രമാണെന്നല്ല ഞാന്‍ പറയുന്നത്. അയാള്‍ ഒരു സൈക്കോളജിക്കല്‍ അല്ലെങ്കില്‍ സൈക്കിക്കോ ആയ വ്യക്തിയല്ല. അതിനെല്ലാം അപ്പുറത്തേക്കുള്ള ലോകമാണ് ഈ സിനിമ. ഈ രണ്ട് കഥാപാത്രങ്ങളെ വെച്ച് ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റില്ല.

തനിയാവര്‍ത്തത്തിലെ കഥാപാത്രത്തിന് സൈക്കിക്ക് പ്രശ്‌നങ്ങളില്ല. അയാള്‍ അങ്ങനെ ആരോപിക്കപ്പെടുന്നതാണ്. പക്ഷെ മറ്റേ കഥാപാത്രം ചായയില്‍ ഉറുമ്പ് കിടക്കുന്നുണ്ടോയെന്ന് നോക്കുന്ന, പാമ്പുകളെ ഭയമുള്ള കഥാപാത്രമാണ്. നന്‍പകലിലെ കഥാപാത്രം ഈ രണ്ടിലും ഉള്‍പ്പെടില്ല. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമാണ്.

അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വിട്ട് കളയാന്‍ പാടില്ല. ഒന്നും കിട്ടിയില്ലെങ്കിലും അതുപോലുള്ള കഥാപാത്രങ്ങള്‍ ഫ്രീയായിട്ട് അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അല്ലെങ്കില്‍ എനിക്ക് ഏറ്റവും ആനന്ദമുണ്ടാകുന്നത് ഈ ജോലി ചെയ്യുമ്പോഴാണ്. അല്ലാതെ പൈസ കിട്ടുമ്പോഴല്ല. എന്നുവെച്ച് പൈസ വേണം ഇല്ലെങ്കില്‍ പട്ടിണിയായി പോകും,” മമ്മൂട്ടി പറഞ്ഞു.

content highlight: actor mammootty talk his acting passion

We use cookies to give you the best possible experience. Learn more