തിരുവനന്തപുരം: ലുലുവിനേക്കാള്‍ വലിയ ബ്രാന്‍ഡായി യൂസഫലി മാറിയെന്ന് നടന്‍ മമ്മൂട്ടി. തിരുവനന്തപുരത്തെ പുതിയ ലുലു മാളിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ അറിയാത്ത ഒത്തിരിപേര്‍ക്ക് യുസഫലിയെ അറിയാം ലുലു എന്ന ബ്രാന്‍ഡ് സൃഷ്ടിച്ചത് യൂസഫലിയാണ്. ലുലുവിനേക്കാള്‍ വലിയ ബ്രാന്‍ഡ് ആയി യൂസഫലി മാറിക്കഴിഞ്ഞെന്നും മമ്മൂട്ടി പറഞ്ഞു.
‘പ്രസംഗിക്കാന്‍ പറഞ്ഞ ആള്‍ക്കാരുടെ ലിസ്റ്റില്‍ ഞാനില്ല. ഞാന്‍ സമാധാനമായിട്ട് ഇരിക്കുകയായിരുന്നു. അടുത്ത കാലത്ത് വന്ന പനിയും കേള്‍ക്കാന്‍ സുഖമില്ലാത്ത സൗണ്ടും കാരണം അല്‍പം ഭയത്തോടെയാണ് ഞാനിവിടെ നില്‍ക്കുന്നത്. യൂസഫലിയുടെ ക്ഷണം നിരാകരിക്കാനുള്ള ഒരുകാരണവും ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്. തിരുവനന്തപുരം നഗരത്തിന്റെ അഭിമാനമായി ഇങ്ങനെയൊരു സ്ഥാപനം ഇവിടെയുണ്ടാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. യൂസഫലി നമ്മുടെ അഭിമാനമാണ്. ലുലു എന്ന ബ്രാന്‍ഡ് സൃഷ്ടിച്ചത് യൂസഫലിയാണ്. ലുലുവിനേക്കാള്‍ വലിയ ബ്രാന്‍ഡ് ആയി യൂസുഫലി മാറിക്കഴിഞ്ഞു’ – എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
‘എന്നെ ഒരുപാട് പേര്‍ക്ക് അറിയാമെന്ന് പലപ്പോഴും ഞാന്‍ ഊറ്റം കൊള്ളാറുണ്ട്. പക്ഷേ എന്നെ അറിയാത്ത ഒത്തിരി പേര്‍ക്ക് യൂസഫലിയെ അറിയാം. കേരളത്തിന്റെ അഭിമാനമായി ലുലു മാള്‍ ഉയര്‍ന്നു നില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു. ഇനിയും കേരളത്തില്‍ ഇതുപോലെയുള്ള വ്യവസായ സംരംഭങ്ങളിലും തൊഴില്‍ സംരംഭങ്ങളിലും യൂസഫലി ഒരു ബ്രാന്‍ഡായി ഉയര്‍ന്നുനില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു’ എന്നും തന്റെ ആശംസ പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞു.
20 ലക്ഷം ചതുരശ്രയടിയിലാണ് ലുലുമാള്‍ തിരുവനന്തപുരത്ത് നിര്‍മ്മിച്ചിരിക്കുന്നത്യ 2000 കോടി രൂപയുടെ നിക്ഷേപമാണ് ലുലുമാളിനുള്ളത്. ടെക്‌നോപാര്‍ക്കിന് അടുത്ത് ആക്കുളത്താണ് പുതിയ ലുലുവിന്റെ കേന്ദ്രം.
500 കാറുകള്‍, 25000 ബൈക്കുകള്‍ എന്നിവ ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന കൂറ്റന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടാണ് ലുലു മാളിന്റെ വലതുവശത്തുള്ളത്. ഇതിന് പുറമെ ആയിരത്തോളം കാറുകള്‍ നിര്‍ത്താവുന്ന അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗും സജ്ജീകരിച്ചിട്ടുണ്ട്.
എട്ടു നിലകളിലായി മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതില്‍ 3500 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. പി.വി.ആറിന്റെ തിയേറ്ററുകളാണ് ലുലുമാളില്‍ ഒരുക്കിയിരിക്കുന്നത്.