Malayalam Cinema
മാസ്‌ക് മാറ്റിക്കൂടെയെന്ന് സിദ്ദിഖ്, മാസ്സ് മറുപടിയുമായി മമ്മൂട്ടി; അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങില്‍ കയ്യടി നേടി താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 06, 07:30 am
Saturday, 6th February 2021, 1:00 pm

കൊച്ചി: താരസംഘടനയായ അമ്മയുടെ എറണാകുളം കലൂരില്‍ ഒരുങ്ങിയ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങിനിടെ താരമായി മമ്മൂട്ടി. വേദിയിലിരിക്കുന്ന പലരും മാസ്‌ക് ധരിക്കാതെ ഇരുന്നപ്പോള്‍ ചടങ്ങിന് എത്തിയതുമുതല്‍ മാസ്‌ക്ക് മാറ്റാതെയായിരുന്നു മമ്മൂട്ടി വ്യത്യസ്തനായത്.

ഉദ്ഘാടന പ്രസംഗത്തിനായി മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത് നടന്‍ സിദ്ദിഖായിരുന്നു. മൈക്കിന് മുന്നിലെത്തിയ മമ്മൂട്ടിയോട് മാസ്‌ക് ഊരിക്കൂടേയെന്ന് സിദ്ദിഖ് ചോദിച്ചപ്പോള്‍ അതിന് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

മാസ്‌ക് വെച്ചിരിക്കുന്നത് തനിക്ക് അസുഖം വരാതിരിക്കാനല്ലെന്നും മറിച്ച് തനിക്ക് അസുഖമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കിട്ടാതിരിക്കാനാണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.

‘ എന്നോട് മാസ്‌ക് ഊരാന്‍ പറയുന്നുണ്ട്. മാസ് വെച്ചിരിക്കുന്നത് എനിക്ക് രോഗം പകരാതിരിക്കാനല്ല, എനിക്ക് രോഗമുണ്ടെങ്കില്‍ അത് വേറെ ആര്‍ക്കും പകരാതിരിക്കാനാണ്,’ മമ്മൂട്ടി പറഞ്ഞു.

മുഖം എല്ലാവരും ഒന്ന് കണ്ടോട്ടെ, കുറച്ച് നേരത്തേക്കല്ലേ എന്ന് സിദ്ദിഖ് വീണ്ടും ചോദിച്ചപ്പോള്‍ മമ്മൂട്ടി മാസ്‌ക് മാറ്റി. മമ്മൂട്ടിയുടെ മുഖം കണ്ടതോടെ സദസില്‍ നിന്ന് വലിയ കയ്യടിയും ഉയര്‍ന്നു. തത്ക്കാലം ഇത് കയ്യിലിരിക്കട്ടെയന്ന് പറഞ്ഞാണ് മമ്മൂട്ടി സംസാരം തുടങ്ങിയത്.

ഏതായാലും വീണ്ടും ഒരിക്കല്‍ കൂടി കുറച്ചുപേരെയങ്കിലും കാണാന്‍ സാധിച്ചതില്‍ സന്തോഷം. നമ്മുടെ സന്തോഷകരമായ ഒരു ദിവസം എന്ന് പറയുന്നത് വര്‍ഷത്തിലുണ്ടാകുന്ന ജനറല്‍ ബോഡിയാണ്. ജനറല്‍ ബോഡിയില്‍ നമ്മള്‍ കാര്യങ്ങള്‍ സംസാരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു.

വിവാദങ്ങളോ വാദപ്രതിവാദങ്ങളല്ലോ അല്ല മറിച്ച് നമ്മുടെ സന്തോഷകരമായ കാര്യം എന്ന് പറയുന്നത് നമ്മള്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നതാണ്.

സ്‌കൂളില്‍ പഠിച്ച കുട്ടികള്‍ തിരിച്ചുവരുന്നതുപോലെ, ബാല്യകാലസുഹൃത്തുക്കള്‍ കാണുന്നതുപോലെയാണ് ആ സമയങ്ങള്‍ കടന്നുപോകുന്നത്. ഇങ്ങനെയൊരു കാര്യം നടന്നത് സന്തോഷമാണ്. ഇവിടെ വരാന്‍ പറ്റാത്ത ചിലരുണ്ട്. അതില്‍ കാരണങ്ങളുണ്ടാകും.

പിന്നെ ഈ ഉദ്ഘാടനപ്രസംഗം എന്ന് പറയുന്നത് ഒരു ചടങ്ങാണ്. യോഗവും കെട്ടിട ഉദ്ഘാടനത്തിന്റെ ഈ പരിപാടികളും ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു’ മമ്മൂട്ടി പറഞ്ഞു.ഇത് കഴിഞ്ഞ് സീറ്റില്‍ പോയിരുന്ന ഉടനെ മമ്മൂട്ടി മാസ്‌ക് ധരിക്കുകയും ചെയ്തു. അതേസമയം വേദിയിലുണ്ടായിരുന്ന പലരും മിക്ക സമയങ്ങളിലും മാസ്‌ക് ധരിച്ചിരുന്നില്ല.

Content Highlight: Actor Mammootty Speech In Amma Head Quarters Inaguration