| Thursday, 9th September 2021, 12:40 pm

ആദ്യം കാണുന്ന പെണ്‍കുട്ടിയോട് പോലും വികാര വായ്‌പോടെ ഞാന്‍ ചോദിക്കും, 'ലില്ലിക്കുട്ടി..നമ്മുടെ ബന്ധം വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാവില്ലേ'; കോളേജ് അനുഭവം പങ്കുവെച്ച് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ഗൗരവമുള്ള വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന മമ്മൂട്ടി കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു സമയമുണ്ടായിരുന്നു. കോട്ടയം കുഞ്ഞച്ചന്‍, മനു അങ്കിള്‍, മറവത്തൂര്‍ കനവ് തുടങ്ങിയ ചില ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രങ്ങളൊഴിച്ചാല്‍ കോമഡിയും മമ്മൂട്ടിയും ചേരില്ലെന്നു തന്നെയായിരുന്നു മലയാളിയുടെ ധാരണ.

എന്നാല്‍ 2005ഓടെയാണ് ഈ പൊതുബോധങ്ങളെയൊക്കെ പൊളിച്ചെഴുതി മമ്മൂട്ടി എത്തുന്നത്, ആ വര്‍ഷം മുതലാണ് മുഴുനീള കോമഡി കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ മമ്മൂട്ടി തയ്യാറാകുന്നത്. അത്തരത്തില്‍ രാജമാണിക്യമായിരുന്നു ഫലിതത്തിന്റെ ട്രാക്കില്‍ സഞ്ചരിക്കാന്‍ മമ്മൂട്ടിക്ക് ധൈര്യം നല്‍കിയ സിനിമ.

തൊട്ടടുത്ത വര്‍ഷം തന്നെ തുറുപ്പുഗുലാനും പിന്നാലെ മായാവിയും അണ്ണന്‍ തമ്പിയും വന്നപ്പോള്‍ പുതിയൊരു മമ്മൂട്ടിയെ തന്നെ പ്രേക്ഷകര്‍ കണ്ടു. മമ്മൂട്ടിയുടെ ഈ ചുവടുമാറ്റം പലര്‍ക്കും ഒരു അത്ഭുതമായിരുന്നെങ്കിലും ദീര്‍ഘകാലമായി മമ്മൂട്ടിയെ അറിയുന്നവര്‍ക്ക് അതൊരു പുതുമയായിരുന്നില്ല.

കോളേജ് കാലഘട്ടത്തിലൊക്കെ മിമിക്രി അവതരിപ്പിച്ചും കോമഡികള്‍ പറഞ്ഞും നടന്നിരുന്ന ആളായിരുന്നു മമ്മൂട്ടി. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ചില രസകരമായ സംഭവങ്ങളെ കുറിച്ച് മമ്മൂട്ടി തന്നെ പറയുന്നത് ഇങ്ങനെയാണ്.

” കോളേജില്‍ ഒരു കൊമേഡിയനായാണ് ഞാന്‍ അറിയപ്പെട്ടിരുന്നത്. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ പരിചയപ്പെടുന്നത് തന്നെ വളരെ രസകരമായ സ്റ്റൈലിലാണ്.

‘ഹലോ എന്തൊക്കെയാണ് വിശേഷങ്ങള്‍’ ഒരു റെഡിമെയ്ഡ് ചിരിയുമായി ഞാന്‍ പെണ്‍കുട്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. എന്തു മറുപടി പറയണമെന്നറിയാതെ തികഞ്ഞ അപരിചിത ഭാവത്തോടെയാവും അവളുടെ നില്‍പ്. ‘ഓ, എന്നെ മനസ്സിലായില്ല അല്ലേ’. എന്റെ ചോദ്യം.

‘ഇല്ല’ , ങാ ശരി എന്നാല്‍ പോകട്ടെ, ഞാന്‍ പിന്‍വാങ്ങും. കുറെകഴിഞ്ഞ് വീണ്ടും ആ പെണ്‍കുട്ടിയുടെ അടുത്ത് ചെല്ലും. ‘അല്ല. എന്നെ മനസ്സിലായില്ലേ..ഇല്ലല്ലോ മനസിലായില്ല.. ‘ ഇതെന്തു കഥ എന്ന ഭാവത്തിലായിരിക്കും പെണ്‍കുട്ടി. ‘അതുശരി…ഞാനല്ലേ കുറച്ച് മുമ്പ് നിങ്ങളോട് സംസാരിച്ചത്. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ സ്ഥലം വിടും.

ആദ്യം കാണുന്ന പെണ്‍കുട്ടിയോട് പോലും വളരെ വികാര വായ്‌പോടെ ഞാന്‍ ചോദിക്കും.’ലില്ലിക്കുട്ടി… നമ്മളു തമ്മിലുള്ള ഈ ബന്ധം വീട്ടില റിഞ്ഞാല്‍ പ്രശ്‌നമാവില്ലേ. എന്തുബന്ധം എന്ന മട്ടില്‍ അവള്‍ തുറിച്ചുനോക്കുമ്പോള്‍ ഒരു പരിഹാസച്ചിരിയോടെ ഞാന്‍ നടന്നുമറയും.

ഇങ്ങനെ എത്രയോ തമാശകള്‍, മാസികകളിലും ആഴ്ചപ്പതിപ്പുകളിലും വരുന്ന കാര്‍ട്ടൂണുകളും ഫലിത ബിന്ദുക്കളുമാണ് ഞാന്‍ തട്ടി മൂളിക്കുന്നതില്‍ ഏറെയും. പക്ഷേ ആര്‍ക്കും പരാതിയില്ല. എന്റെ കലാപ്രകടനങ്ങളുടെ ഭാഗമായാണ് എല്ലാവരും ഇത് കാണുന്നത്.

കോളേജിലെത്തിയതോടെ നടപ്പിലും എടുപ്പിലും വസ്ത്ര ധാരണത്തിലുമെന്നുവേണ്ട ഞാന്‍ ആകെ മാറി. എന്തു കോമാളിവേഷം കെട്ടിയും ഷൈന്‍ ചെയ്യുക എന്നതായി പ്രധാനലക്ഷ്യം. കോളേജിലെ വേഷങ്ങളില്‍ സ്വന്തമായ ഒരു പുതുമയും ശൈലിയും പ്രകടിപ്പിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. ചിലപ്പോള്‍ ഷാള്‍ പുതച്ചുകൊണ്ടാവും ക്ലാസിലിരിക്കുന്നത്. പരസ്യങ്ങളില്‍ കാണുന്ന ഡിസൈന്‍ ഞാന്‍ അനുകരിച്ചിരുന്നു. പത്തോ പന്ത്രണ്ടോ വിലയുള്ള തുണിയാണെങ്കിലും ആരും ഒന്ന് നോക്കിപ്പോവുന്ന ഡിസൈനിലാവും തയ്പ്പിക്കുക. ചെമ്പില്‍ തന്നെയുള്ള രണ്ട് തയ്യല്‍ക്കാര്‍ എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തയ്ച്ച് തന്നിരുന്നു. രമണനും പാപ്പച്ചനും,” മമ്മൂട്ടി ഓര്‍ക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mammootty Share His College Days Experiance

We use cookies to give you the best possible experience. Learn more