1982 ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നായ പടയോട്ടം എന്ന സിനിമയില്‍ അഭിനയിക്കാനായി ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി.
അന്ന് സിനിമയൊന്നും ഇല്ലാതിരുന്ന സമയമാണെങ്കിലും അഹങ്കാരത്തിനും അധികപ്രസംഗത്തിനും വലിയ കുറവൊന്നും ഉണ്ടായിരുന്നില്ലെന്ന് മമ്മൂട്ടി പറയുന്നു. അഹിംസ എന്ന സിനിമയില്‍ അഭിനയിക്കാനായി പോയപ്പോഴുണ്ടായ ഒരു സംഭവവും മമ്മൂട്ടി കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
‘ യഥാര്‍ത്ഥത്തില്‍ അന്ന് ഒരു സിനിമയും ഇല്ല. എന്നാലും കഥാപാത്രം എന്താണ് ഏതാണ് എന്നൊക്കെ ചോദിച്ച് വലിയ അലമ്പാണ്. വേണ്ടാത്ത അനാവശ്യമായി ചില രീതികളും ദുസ്വഭാവവുമൊക്കെയുണ്ട്. കഥയെന്താണ്, ഏതാണ് കഥാപാത്രം, ഇതില്‍ ഏത് റോളാണ് ഞാന്‍ അഭിനയിക്കേണ്ടത് എന്നൊക്കെ ചോദിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കഥാപാത്രം ആയിട്ടില്ല. ദി കൗണ്ട് ഓഫ് മോണ്ടെ ക്രിസ്‌റ്റോ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തത്. പിന്നെ അതില്‍ ഒരു കഥാപാത്രത്തെ ഉണ്ടാക്കിയെടുത്തതാണ്.
ഞാന്‍ താടിയും മുടിയുമൊക്കെ വളര്‍ത്തി ജുബ്ബയും ജീന്‍സുമൊക്കെയിട്ട് ഒരു തുണിസഞ്ചിയൊക്കെ തൂക്കിയാണ് ചെല്ലുന്നത്. ഒരു ബുദ്ധിജീവി. അവിടെ ചെന്നപ്പോള്‍ അപ്പച്ചന്‍ സാറുണ്ട്. സംവിധായകന്‍ ജിജോയുണ്ട്. പ്രിയദര്‍ശനുണ്ട്, ശങ്കര്‍, മോഹന്‍ലാല്‍, സിബി എല്ലാവരുമുണ്ട്. സിബിയോ മറ്റോ ആണ് എന്റെ പേര് പറയുന്നത്.
നമ്മുടെ വിവരക്കേടോ അധികപ്രസംഗമോ ഒക്കെയാകാം അവിടെ അവരെല്ലാവരും നില്‍ക്കുന്നിടത്ത് ഒരു കട്ടിലുണ്ട്. ഞാന്‍ ആ കട്ടിലില്‍ കയറി അങ്ങ് കിടന്നു. ഇരുന്നതോ അല്ല ഞാനങ്ങ് കിടന്നു. എന്നിട്ട് ‘ആ കഥ പറയൂ’ എന്നൊരു പറച്ചിലും. ലോകത്ത് ഒരാളേയും കിട്ടാഞ്ഞിട്ട് ഞാനെന്തോ വലിയ മെര്‍ലോന്‍ ബ്രാന്‍ഡോ എങ്ങാന്‍ ആണെന്ന ലൈനിലാണ് ഞാന്‍. അങ്ങനെയാണ് എന്നെ വിളിപ്പിച്ചിരിക്കുന്നത് എന്ന രീതിയില്‍.
അധികപ്രസംഗവും വിവരക്കേടും എല്ലാം ഉണ്ട്. അപ്പച്ചന്‍ അവിടെ നില്‍ക്കുന്നുണ്ട്. ആ കഥ അവിടെ വന്ന് പറയ് എന്നൊക്കെ ഞാന്‍ പറയുന്നത് കേട്ടപ്പോഴേ വിഡ്ഡിത്തരം അവര്‍ക്ക് മനസിലായി ഇയാള്‍ ശരിയല്ലെന്ന്. ലാലൊക്കെ വളരെ ഭവ്യതയോടെ നില്‍ക്കുകയാണ്. അപ്പച്ചന്‍ സാറിനെ പപ്പാ എന്നാണ് വിളിക്കുന്നത്. പ്രിയദര്‍ശനും ജിജോയുമൊക്കെ പപ്പാ എന്നാണ് വിളിക്കുന്നത്. ഞാന്‍ അപ്പച്ചാ എന്നും. എനിക്ക് അന്നേ അങ്ങനെ ഒരു കുഴപ്പമുണ്ട്.
അവര്‍ എല്ലാവരും കൂടി താമസിക്കുന്നത് ഒരു ഗസ്റ്റ് ഹൗസിലാണ്. എന്നെ അവിടെ ഗാര്‍ഡന്‍ ഹൗസ് എന്ന ഒരു സ്ഥലത്താണ് താമസിപ്പിച്ചത്. അതിന് ശേഷമാണ് ലാലിനെ പരിചയപ്പെടുന്നതൊക്കെ. അഹിംസയില്‍ ലാലുമൊത്ത് അഭിനയിച്ചു. ആ ഒരു സൗഹൃദം വളര്‍ന്നു. 60 ഓളം സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു’ മമ്മൂട്ടി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Mammootty Share a Funny Experience On Shooting set