Film News
30 വർഷം കഴിഞ്ഞിട്ടും ഞാനും കിണ്ണനും ഒരു മീരയെ തേടി നിരാശാ കാമുകൻമാരായി നടക്കുകയാണ്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 11, 12:40 pm
Monday, 11th September 2023, 6:10 pm

മുപ്പത് വർഷം കഴിഞ്ഞിട്ടും താനും കിണ്ണനും ഒരു മീരയെ തേടി നിരാശാ കാമുകൻമാരായി നടക്കുകയാണെന്ന് നടൻ മമ്മൂട്ടി. ഹരികൃഷ്ണൻസ് എന്ന സിനിമയിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ അഭിനയിച്ചത് മോഹൻലാലും മമ്മൂട്ടിയുമാണ്. മഴവിൽ മനോരമയുടെ അവാർഡ് വേദിയിലായിരുന്നു മമ്മൂട്ടിയുടെ രസകരമായ പരാമർശം. സംവിധായകൻ ഫാസിലിന് ലഭിച്ച അവാർഡ് വേദിയിലാണ് മമ്മൂട്ടി ഫാസിലുമായുള്ള തന്റെ സിനിമ ജീവിതത്തെക്കുറിച്ച് പരമർശിക്കുന്നത്.

‘ഫാസിലിന്റെ ആദ്യ സിനിമ, പിന്നീട് അദ്ദേഹം എന്നെ നായകനാക്കിയെടുത്ത സിനിമകൾ എല്ലാം ഒരു വലിയ വിജയങ്ങൾ തന്നെയായിരുന്നു. എനിക്ക് ചേരുന്ന,പ്രേക്ഷകർ എന്നെ കാണാൻ ആഗ്രഹിക്കുന്ന വേഷങ്ങളിൽ എന്നെ അവതരിപ്പിക്കാനാണ് ഫാസിൽ ശ്രമിച്ചത്.

ഞങ്ങൾ അവസാനമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ഹരികൃഷ്ണൻസാണ്. ഹരി ഞാനും മോഹൻലാൽ കൃഷ്ണനും. രണ്ടിന്റെയും അർത്ഥം ഒന്ന് തന്നെയാണ്, ഹരിയും കൃഷ്ണനും ഒരാളാണ്. പക്ഷെ ഹരികൃഷ്ണൻസ് എന്നാണ് സിനിമയുടെ പേര്. ഹരെയുടെ കിണ്ണനും കിണ്ണന്റെ ഹരെയും ഇപ്പോഴും ഇവിടെയുണ്ട്. സത്യത്തിൽ രണ്ടുപേർക്കും മീരയെ കിട്ടുകയും ചെയ്തു, രണ്ടു പേർക്കും കിട്ടിയിട്ടുമില്ല. ഞങ്ങൾ ഇതുപോലെ പത്ത് മുപ്പത് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും മീരയെ തേടി നിരാശ കാമുകന്മാരായി താടിയും വളർത്തി ഇങ്ങനെ നടക്കുകയാണ്.

ഒട്ടും കുറവോ കൂടുതലോ ഇല്ലാതെ ഒരു സ്ക്രിപ്റ്റ് എഴുതി പ്രധാനപ്പെട്ട ആളുകളെ അവതരിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫാസിൽ അത് വളരെ വിജയകരമായി ചെയ്തു വിജയിപ്പിച്ചു.


ഈ കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളൊക്കെയും സിനിമയിൽ എല്ലായിപ്പോഴും സംഭവിക്കാറില്ല. കാരണം ഒരു സിനിമ കഴിഞ്ഞാൽ അടുത്ത സിനിമ വരേക്കും മാത്രമേ ഉണ്ടാവുകയുള്ളു ഈ ബന്ധങ്ങൾ. പക്ഷെ ഫാസിലിന്റെ കുടുംബവും ഫാസിലും ലാലിന്റെ കുടുംബവും ഞങ്ങൾ എല്ലാവരും ചേരുന്ന ആ ബന്ധം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. രണ്ടാം തലമുറ വന്നിട്ടും ഒരു കോട്ടവും തട്ടാതെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഇത് ഒരു സൗഹൃദത്തിന്റെ ഓർമയല്ല, മറിച്ച് സൗഹൃദത്തിന്റെ ആഘോഷമാണ്,’ മമ്മൂട്ടി പറഞ്ഞു.
ഫാസിലിന് എല്ലാ ആശംസകളും നേർന്നിട്ടാണ് മമ്മൂട്ടി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

Content Highlight: Actor Mammootty says that even after thirty years, Kinnan and I are still desperate lovers in search of a Meera