മലയാളത്തിന്റെ മഹാനടനായിരുന്ന മുരളി അന്തരിച്ചിട്ട് 11 വര്‍ഷം പിന്നിടുകയാണ്. മുരളിയെ കുറിച്ചുള്ള തന്റെ ഓര്‍മ്മകളും പില്‍ക്കാലത്ത് തന്റെ എല്ലാമായിരുന്ന മുരളി എന്തിനാണെന്ന് പോലും അറിയാതെ തന്നില്‍ നിന്നും അകന്നുപോയതിനെ കുറിച്ചും പറയുകയാണ് നടന്‍ മമ്മൂട്ടി.
എന്തിന് വേണ്ടിയാണ് മുരളി തന്നില്‍ നിന്നും അകന്നതെന്ന് അറിയില്ലെന്നും എങ്കിലും ഇന്നും അതൊരു വേദനയായി മനസിന്റെ കോണില്‍ കിടക്കുകയാണെന്നും കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.
‘ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാന്‍ കഴിക്കാത്ത ആളുമാണ്. ഞാന്‍ ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണ്.
ഞാനും മുരളിയും കൂടി അഭിനയിക്കുന്ന സിനിമകള്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാം ഞങ്ങള്‍ തമ്മില്‍ ശക്തമായ ഒരു ഇമോഷണല്‍ ലോക്കുണ്ട്. ഞങ്ങള്‍ ഒരു പടത്തില്‍ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ശരി ഒരു ഇമോഷണല്‍ ലോക്ക് ഉണ്ടായിരിക്കും. അമരത്തിലായാലും ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലായാലും അതുണ്ട്.
അത്തരത്തില്‍ വികാരപരമായി അടുത്ത ആള്‍ക്കാരാണ് ഞങ്ങള്‍. ഒരു സുപ്രഭാതത്തില്‍ മുരളിക്ക് ഞാന്‍ ശത്രുവായി. ഞാന്‍ എന്ത് ചെയ്തിട്ടാ, ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം പിന്നെയങ്ങ് അകന്നകന്ന് പോയി. എനിക്ക് ഭയങ്കരമായിട്ട് ഒരു മിസ്സിങ്.
എന്തിനായിരുന്നു അതെന്ന് അറിയാന്‍ കഴിയാത്തതിന്റെ ഒരു വ്യഥ ഇപ്പോഴുമുണ്ട്. എന്തായിരുന്നു എന്നോടുള്ള വിരോധം, അറിയില്ല. എനിക്ക് ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ടിവിക്കാര്‍ മുരളിയുടെ അടുത്ത് ചെന്നു. അപ്പോള്‍ മുരളി പറഞ്ഞത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. മലയാളത്തിന്റെ ക്ലൗസ്‌കിന്‍സ്‌കിയാണ് മമ്മൂട്ടി. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ഞങ്ങള്‍ അദ്ദേഹത്തെ കൊണ്ട് സിനിമയില്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ഗ്രേറ്റ് ആക്ടറാണ്. അങ്ങനെയൊക്കെ പറഞ്ഞ ആളാണ് മുരളി.
വേറെ എന്തെങ്കിലും കാരണങ്ങളുണ്ടാകാം. പക്ഷേ ഒരുകാര്യവുമില്ല കേട്ടോ. എനിക്കറിയില്ല എന്താണെന്ന്. ഞാനൊന്നും ചെയ്തിട്ടില്ല. ഞാന്‍ എന്തെങ്കിലും ചെയ്ത് എന്ന് പുള്ളിക്കും അഭിപ്രായം ഉണ്ടാവില്ല. പക്ഷേ എന്നില്‍ നിന്നും പെട്ടെന്ന് അകന്നുപോയി. അത്തരത്തില്‍ ഒത്തിരിപ്പേര്‍ നമ്മളില്‍ നിന്ന് അകന്ന് പോയിട്ടുണ്ട്,’ മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ നിര്‍ണായ പങ്കുവഹിച്ച മലയാളത്തിലെ ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ സംവിധായകരെയും അഭിനേതാക്കളേയും കുറിച്ച് സംവിധായകന്‍ രഞ്ജിത്തുമായി നടത്തിയ അഭിമുഖത്തിലാണ് മുരളിയെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ മമ്മൂട്ടി പങ്കുവെക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Mammootty Says About Actor Murali