തന്റെ ആരാധകരെ കുറിച്ചും അതില്‍ തന്നെ തന്നോട് ദേഷ്യമുള്ള ചിലരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മമ്മൂട്ടി. ആരാധകരാണ് എല്ലാമെന്നും എങ്കിലും ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്ന ചിലര്‍ ഉണ്ടാകാമെന്നുമാണ് മമ്മൂട്ടി പറയുന്നത്. തന്നോട് ദേഷ്യം തോന്നുന്നവരോട് ഒരുകാര്യം തനിക്ക് പറയാനുണ്ടെന്നും താരം പറഞ്ഞു. കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു മമ്മൂട്ടി.
ആരാധകരെ മമ്മൂട്ടി എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് ആരാധകരാണ് എല്ലാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.
‘ ആരാധകരാണ് എല്ലാം. പലതരം ആരാധനയുണ്ട്. ആരാധകര്‍ക്ക് ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ. ഭയങ്കര ഇഷ്ടമാണ്. പക്ഷേ ചിലയാളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താല്‍ ആ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരിപ്പേര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. ഇതേ ആരാധകര്‍ക്ക് തന്നെ.
അത് എന്റെ മാത്രം കുറ്റംകൊണ്ടാവില്ല. സിനിമ ചീത്തയാകുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ല. ഞാന്‍ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ എടുക്കുന്നില്ല. അതൊന്ന് മനസിലാക്കിയാല്‍ മതി എന്റെ ആരാധകര്‍. അത്രത്തോളം സ്‌നേഹം എന്നോട് കാണിക്കുക.
ആയിരം തലയുണ്ടായിരുന്നെങ്കില്‍ ഓരോരുത്തരേയും കാണാമായിരുന്നുവെന്നും ചിരിക്കാമായിരുന്നു എന്നൊക്കെ താങ്കള്‍ മുന്‍പ് പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയ വന്ന ശേഷം മമ്മൂക്ക ചില്‍ ആയെന്നും തമാശ പറയുന്നു എന്നും എല്ലാവരും പറയുന്നു എന്താണ് അതിനെ കുറിച്ച് പറയാനുള്ളത് എന്ന ചോദ്യത്തിന്
തന്റെ തമാശകളൊന്നും പണ്ടും ആരും കണ്ടിട്ടും കേട്ടിട്ടുമില്ലെന്നും ഇപ്പോള്‍ തനിക്ക് ആയിരം തലയല്ല ലക്ഷക്കണക്കിന് തലകള്‍ ചുറ്റുമുണ്ട് എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
മമ്മൂക്കയെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ആഗ്രഹം വെച്ചുപുലര്‍ത്തണമെന്നും അത് നിര്‍ത്തിക്കളരുതെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘ആഗ്രഹിച്ചോളുക, എന്നെങ്കിലും ആഗ്രഹം സാധിക്കും. ഞാന്‍ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.
എനിക്ക് കഴിവോ ടാലന്റോ ഉണ്ടായിരുന്നില്ല. ആഗ്രഹം കൊണ്ട് ഇങ്ങനെ ആയതാണ്. ചിലര്‍ക്ക് ആഗ്രവും ടാലന്റും ഉണ്ടാകും. സിനിമയിലെ അഭിനയം എന്നത് വേറൊരു തലമാണ്. കഥകളി നടനാകാം നാടകത്തിലാവാം. അതിലൊക്കെ എക്‌സ്പീരിയന്‍സുണ്ടാകും.
സിനിമ വേറൊരു മീഡിയ ആണ്. അത് പരിചയപ്പെട്ടുവരാന്‍ സമയം എടുക്കും. ടാലന്റ് ഉണ്ടെങ്കില്‍ സിനിമയില്‍ എത്തിപ്പെടാം. പിന്നെ നമുക്ക് മുന്നോട്ട് പോകാന്‍ പറ്റും. അഭിനയത്തിന്റെ കാര്യം പറഞ്ഞാല്‍ ഞാന്‍ വിചാരിക്കുന്നതു പോലെ അന്നും ഇന്നും അഭിനയിക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. പിന്നെ അഭിനയത്തെ എന്റെ വഴിക്ക് ഞാന്‍ കൊണ്ടുവന്നതാണ്,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: Actor mammootty’s request on fans