നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയെന്ന സൂപ്പര്‍താരമായിട്ട് തന്നെയായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. ട്രെയിന്‍യാത്രക്കിടെയുണ്ടായ ഒരു കൊലപാതകത്തില്‍ പ്രതികളാകേണ്ടി വന്ന ടോണിയേയും കൂട്ടുകാരേയും അവരുടെ നിരപരാധിത്വം തെളിയിച്ച് രക്ഷപ്പെടുത്തുന്ന ആളായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.
എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടുങ്ങും മുന്‍പ് മമ്മൂട്ടിയെന്ന സൂപ്പര്‍സ്റ്റാറായി താന്‍ തന്നെ അഭിനയിക്കുന്നതില്‍ മമ്മൂട്ടിയ്ക്ക് അല്പം ജാള്യതയുണ്ടായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ജോഷി. മമ്മൂട്ടി തന്നെ ഇക്കാര്യം തന്നോട് ചോദിച്ചിരുന്നെന്നും എന്നാല്‍ താന്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയായിരുന്നെന്നും ജോഷി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘ ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിന് വന്നപ്പോള്‍ മമ്മൂട്ടി എന്നോട് ചോദിച്ചു. ഞാന്‍ എന്റെ പേരില്‍ തന്നെ ഒരു സൂപ്പര്‍ സ്റ്റാറായി അഭിനയിക്കുന്നതില്‍ ഒരു അനൗചിത്യമില്ലേ എന്ന്. ഞാന്‍ മമ്മൂട്ടിയെ സമാധാനിപ്പിച്ചു. പിന്നീട് മമ്മൂട്ടി ഒന്നും പറഞ്ഞില്ല. അത് എന്നോടുള്ള സ്‌നേഹവും വിശ്വാസവും കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. അതിന്റെ കടപ്പാട് ഇന്നും മമ്മൂട്ടിയോടുണ്ട്’, ജോഷി പറയുന്നു.
മമ്മൂട്ടി വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശയായിരുന്നു ഒരു പ്രധാന പ്രശ്‌നം. ചില രംഗങ്ങൡ ഒറിജിനല്‍ മീശ, ചിലയിടത്ത് വയ്പ്പു മീശ. മമ്മൂട്ടി സിനിമാ നടനായി തന്നെ അഭിനയിക്കുന്നതു കൊണ്ട് അതാരും കാര്യമാക്കിയില്ല. സിനിമ വന്‍ ഹിറ്റായതുകൊണ്ട് കൂടിയാകാം ഇതൊന്നും ആരും ശ്രദ്ധിക്കാതിരുന്നത്’, ജോഷി പറഞ്ഞു.
സിനിമയില്‍ ഇടവേളയ്ക്ക് ശേഷമുള്ള രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. മോഹന്‍ലാലും ജഗദീഷും മണിയന്‍പിള്ള രാജുവും തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച് ഒരു ഹോട്ടലില്‍ മുറിയെടുക്കുന്നു. അവരുടെ ഫോട്ടോ സഹിതം ടെലിവിഷനില്‍ വാര്‍ത്ത വരുന്നു. അവര്‍ അവിടെ നിന്നും രക്ഷപ്പെടുന്നു. ഈ ഭാഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സിനിമാ നടനായി അഭിനയിക്കേണ്ട ആളെ തീരുമാനിച്ചിരുന്നില്ല.
എന്നാല്‍ ഒരു പ്രമുഖ നടന്റെ പേര് ഈ രംഗത്തു പറയുകയും വേണം. ട്രെയിനിനകത്ത് വെച്ച് ആ നടന്‍ എടുത്ത ഫോട്ടോയാണ് പൊലീസിന്റെ കയ്യില്‍ കിട്ടിയിരിക്കുന്നത്. രംഗം ചിത്രീകരിച്ചപ്പോള്‍ മമ്മൂട്ടിയുടെ പേരാണ് മോഹന്‍ലാല്‍ പറയുന്നത്.
മമ്മൂട്ടി അന്ന് കുടുംബസമേതം അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പേര് ഉപയോഗിക്കുന്നതില്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് ജോഷി പറയുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി ഈ സിനിമയില്‍ ഗസ്റ്റ് റോളില്‍ അഭിനയിക്കുമെന്ന് ലാലിന് വിശ്വാസമുണ്ടായിരുന്നു.
അമേരിക്കയില്‍ നിന്നെത്തിയ മമ്മൂട്ടി ഷൂട്ടിങ്ങില്‍ പങ്കാളിയായി. ഗസ്റ്റ് റോള്‍ എന്നായിരുന്നു ആദ്യം അദ്ദേഹത്തിനോട് പറഞ്ഞിരുന്നത്. മദ്രാസില്‍ ട്രെയിന്‍ യാത്ര അവസാനിക്കുന്നതോടെ മമ്മൂട്ടിയുടെ റോളും അവസാനിക്കുന്നതായിട്ടാണ് ആദ്യം എഴുതിയത്.
എന്നാല്‍ പിന്നീടാണ് ഇടവേളയ്ക്ക് ശേഷവും മമ്മൂട്ടി കടന്നുവരുന്നതും മോഹന്‍ലാലിന്റേയും സുഹൃത്തുക്കളുടേയും നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതും. മമ്മൂട്ടി എന്ന കഥാപാത്രം കഥയില്‍ സജീവമാകുന്നത് രണ്ടാമത് കഥ വികസിപ്പിച്ചപ്പോഴാണെന്നും ജോഷി പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Mammootty Role on no 20 Madras Mail Director Joshy says