സംവിധായകന്‍ ലോഹിതദാസുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് നടന്‍ മമ്മൂട്ടി. എന്തുകാര്യവും ഏതുസമയത്തും തന്റെ അടുത്ത് വന്ന് പറയുന്ന തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ലോഹിയെന്ന് മമ്മൂട്ടി പറയുന്നു. ലോഹിതദാസിനെ ആദ്യമായി കണ്ടുമുട്ടിയ ആ അനുഭവവും കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിക്ക് പങ്കുവെക്കുന്നുണ്ട്.
‘ഇടക്കാലത്ത് ചില സിനിമകള്‍ മോശമാവുകയും എന്നെ സിനിമയില്‍ നിന്ന് തള്ളിയെന്ന് പറയുമ്പോഴും അക്കാലത്ത് എനിക്ക് പത്ത് മുപ്പതോളം സിനിമകളുണ്ടായിരുന്നു. അങ്ങനെ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് വെച്ചാണ് ലോഹിതദാസിനെ ഞാന്‍ ആദ്യമായി കാണുന്നത്. ഒരു ബിനാമി എഴുത്തുകാരനായിട്ട്. പൊക്കം കുറഞ്ഞ ചെറിയൊരു മനുഷ്യന്‍. ഒരുപാട് നാടകങ്ങളൊക്കെ എഴുതിയ ആളാണ് അദ്ദേഹമെന്ന് പിന്നീട് ഞാന്‍ അറിഞ്ഞു.
ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. ഞാന്‍ ചെറിയ വേഷത്തിലാണ് അഭിനയിക്കുന്നത്. പക്ഷേ എന്റെ റോള്‍ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. വളരെ പ്രസിദ്ധനായ ഒരു നോവലിസ്റ്റാണ് തിരക്കഥയെഴുതുന്നത്. അയാള്‍ എഴുതിക്കൊണ്ടുവന്നത് ലോഹിതദാസ് ഇരുന്ന് തിരുത്തുകയാണ്. എന്തിന് ലോഹിതദാസ് അത് ചെയ്തു എന്ന് എനിക്ക് അറിഞ്ഞുകൂട.
ആ തിരുത്തിക്കൊണ്ടു വന്ന സ്‌ക്രിപ്റ്റ് ഈ സംവിധായകന്‍ കീറിയിട്ട് ലോഹിതദാസിന്റെ മുഖത്തേക്ക് ഒറ്റയേറാണ്. ആ ലോഹിതദാസിന്റെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്. ഒന്നും അറിയാതെ ലോഹി ഇങ്ങനെ നില്‍ക്കുകയാണ്. ഞാന്‍ എന്ത് ചെയ്തിട്ടാണ് ഈ പേപ്പര്‍ എന്റെ മുഖത്തേക്ക് വലിച്ചെറിയുന്നത്, ഞാന്‍ ഒരു സഹായം ചെയ്യാന്‍ വന്ന ആളല്ലേ, ഞാന്‍ എന്ത് ദ്രോഹം ഈ സിനിമയ്ക്ക് ചെയ്തു, എനിക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ആലോചിട്ടുണ്ടാകും.
ആ സിനിമ ഇടയ്ക്ക് വെച്ച് നിന്നു. പിന്നീട് സിനിമകള്‍ മാറി. ഞാന്‍ ന്യൂദല്‍ഹി ചെയ്തതിന് ശേഷം തനിയാവര്‍ത്തനത്തിന്റെ ഷൂട്ടിങ് നടക്കുന്നു. അതിന്റെ സ്‌ക്രിപ്റ്റ് ലോഹിതദാസ് ആണ്. അപ്പോള്‍ മറ്റേ സിനിമാക്കാരന്‍ ഈ സെറ്റിലേക്ക് വന്നു. സംവിധായകനും നിര്‍മാതാവും കൂടിയാണ് വരവ്. ‘നമുക്ക് അത് ബാക്കിയൊന്ന് ചെയ്യണം’. ബാക്കി ചെയ്യാം പക്ഷേ ഇയാള്‍ എഴുതണം ലോഹിയെ ചൂണ്ടി ഞാന്‍ പറഞ്ഞു. അങ്ങനെ ലോഹി അതിനും ഗോസ്റ്റ് ആയിട്ട് എഴുതിക്കൊടുത്തു. അതാണ് ലോഹിയും ഞാനുമായുള്ള ആദ്യത്തെ ബന്ധം.
ലോഹിയുമൊത്തുള്ള മറക്കാനാകാത്ത ഒരു സംഭവം കൂടി മമ്മൂട്ടി പങ്കുവെക്കുന്നുണ്ട്. ഒരു ന്യൂയറാണ്. വാത്സല്യത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ഞങ്ങള്‍ സെറ്റില്‍ ന്യൂയര്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണമൊക്കെയുണ്ടാക്കി പടക്കമൊക്കെ പൊട്ടിച്ചാണ് ആഘോഷം.
ഒരു 12 മണിയായപ്പോള്‍ ലോഹി എന്റെ അടുത്തു വന്നു. ന്യൂയര്‍ വിഷ് ചെയ്തിട്ട് എന്നെ കെട്ടിപ്പിടിച്ചിട്ട് എനിക്ക് അത് ആലോചിക്കാന്‍ പറ്റുന്നില്ല , ഒരു കാരണവുമില്ലാതെ ലോഹി കുറേ നേരം പൊട്ടി പൊട്ടിക്കരഞ്ഞു. ഏങ്ങി ഏങ്ങിയാണ് കരയുന്നത്. കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
സംഘര്‍ഷങ്ങളുണ്ടാകുമ്പോഴൊക്കെ എന്റെ അടുത്ത് വരും. എഴുത്തിന് കഥ കിട്ടാതാകുമ്പോള്‍ വരും. കഥ പറയും. ഇടയ്ക്ക് ഇങ്ങനെ വിട്ടുപോകും. അവസാനകാലമൊക്കെ ആയപ്പോള്‍ സുഖമില്ലെന്ന വിവരം ഞാനറിഞ്ഞു. പേക്ഷ അയാള്‍ അത് സമ്മതിച്ചില്ല.
മൂന്ന് ബ്ലോക്കുണ്ടെന്ന് അറിഞ്ഞിട്ട് ഓപ്പറേഷന്‍ ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് അറിഞ്ഞു. ഞാന്‍ വിളിപ്പിച്ചു. പുലഭ്യം ചീത്ത പറഞ്ഞു. എല്ലാം ഞാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് പറഞ്ഞു. ‘ആ അത് ഞാന്‍ ചെയ്യാം പോയിട്ട് ചെയ്യാം ശരിയാക്കാം’ എന്ന് പറഞ്ഞു. ഭയമാണ് പുള്ളിക്ക്.
ഞാന്‍ എവിടെയോ പോയി തിരിച്ചുവന്നപ്പോഴേക്കും എല്ലാം കഴിഞ്ഞു. എന്തിനാ ഇതൊക്കെ. പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. നമുക്ക് നല്ല വേഷമൊക്കെ തന്നിരുന്ന ആളുകളൊക്കെ ഇട്ടിട്ട് പോയി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക