മലപ്പുറം: പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടി വിടവാങ്ങിയിരിക്കുകയാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അന്തരിച്ചത്.
കല്യാണ പന്തലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയത് വി.എം. കുട്ടിയായിരുന്നു. പൊതുവേദിയില്‍ ആദ്യമായി മാപ്പിളപ്പാട്ടു ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. ഇപ്പോള്‍ വി.എം. കുട്ടിയുമൊത്തുള്ള അനുഭവം പങ്കുവെക്കുന്ന നടന്‍ മമ്മൂട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
1921 സിനിമയ്ക്ക് വേണ്ടിയുടെ ചില പാട്ടുകള്‍ അന്ന് തങ്ങള്‍ക്ക് പാടിതന്നത് വി.എം കുട്ടിയായിരുന്നെന്നും ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകളുമായി അന്ന് വി.എം. കുട്ടിയും വിളയില്‍ ഫസീലയും 1921 ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തുകയായിരുന്നെന്നും മമ്മൂട്ടി പറയുന്നു.
കൈരളി ചാനലിന്റെ സംഗീതനിശ ഉദ്ഘാടനം ചെയ്യവേയായിരുന്നു വേദിയിലേക്ക് വിളയില്‍ ഫസീലയേയും എരഞ്ഞോളി മൂസയേയും സ്വാഗതം ചെയ്തുകൊണ്ട് മമ്മൂട്ടി പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
സംഗീതനിശ താന്‍ ഉദ്ഘാടനം ചെയ്യുന്നത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ലെന്നും താന്‍ പാട്ടുപാടിക്കഴിഞ്ഞാല്‍ ബാക്കിയുള്ളവരുടെ പാട്ട് കേള്‍ക്കാന്‍ ഇവിടെ ആരും ഉണ്ടാകില്ലെന്നതുകൊണ്ട് പാട്ടുപാടാന്‍ കഴിയുന്ന രണ്ട് ഗായകരെ താന്‍ വേദിയിലേക്ക് ക്ഷണിക്കുകയാണെന്ന് പറഞ്ഞായിരുന്നു മാപ്പിളപ്പാട്ട് രംഗത്തെ പ്രഗത്ഭരായ എരഞ്ഞോളി മൂസയേയും വിളയില്‍ ഫസീലയേയേയും മമ്മൂട്ടി സ്വാഗതം ചെയ്തത്.
”മൂസക്കയുടെ പാട്ട് നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാകും. ആളെക്കണ്ടാല്‍ ഇത്രയും വലിയ ശബ്ദം ഈ ശരീരത്തില്‍ നിന്ന് വരുമെന്ന് നമുക്ക് തോന്നില്ല. ഒരു 2000 അടിയുള്ള കിണറിന്റെ ആഴമാണ് ആ ശബ്ദത്തിന്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.
വിളയില്‍ ഫസീലയുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പരിചയമാണ് എനിക്ക്. മാപ്പിളപ്പാട്ട് കണ്ടുപിടിച്ചവരുടെ കൂട്ടത്തില്‍ ഉള്ള ഒരാളാണ് ഫസീല.
1921 സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടുകള്‍ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഐ.വി. ശശി അന്ന് എന്നെയാണ് ഏല്‍പ്പിച്ചത്. ഞാന്‍ ഏതോ മാപ്പിളപ്പാട്ടിന്റെ എക്‌സ്‌പേര്‍ട്ട് ആണെന്ന് വിചാരിച്ചിട്ടായിരുന്നു അത്. അന്ന് വി.എം കുട്ടിയും ഫസീലയും കൂടി ആ സെറ്റില്‍ വന്നു.
ആയിരക്കണക്കിന് പാട്ടുകളുമുള്ള ഒരു പത്തഞ്ഞൂറ് ബുക്കുകളുടെ ഒരു കെട്ടുമായിട്ടാണ് അവര്‍ വന്നത്. ഇവര്‍ രണ്ടുപേരും അവിടെ ഇരുന്ന് ഒരുപാട് പാട്ടുപാടി. എനിക്ക് വലിയ പിടിപാട് ഇല്ലാത്തതുകൊണ്ട് ഞാന്‍ രണ്ട് പാട്ട് തിരഞ്ഞെടുത്തു. അതാണ് സിനിമയില്‍ പാട്ടുകളായിട്ട് വന്നത്. സിനിമയില്‍ പ്രധാനപ്പെട്ട രണ്ട് പാട്ടുകളും അതായിരുന്നു,” മമ്മൂട്ടി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Mammootty Remember Mappilappattu Singer V.M Kutty