മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാള സിനിമാ ലോകം. നിരവധി പേരാണ് താരത്തിന് ആശംസയറിയിച്ച് എത്തിയിരിക്കുന്നത്.
സിനിമയോടുള്ള അദമ്യമായ അഭിനിവേശം ഒന്നുമാത്രമാണ് തന്നെ നടനാക്കിയതെന്ന് തുറന്നുപറഞ്ഞ മമ്മൂട്ടിക്ക് അഭിനേതാവെന്ന പദവിയിലേക്കുള്ള യാത്ര തുടക്കത്തില്‍ ഒട്ടും എളുപ്പമായിരുന്നില്ല.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ആദ്യമായി ക്യാമറയുടെ വെളിച്ചം മുഖത്തുവീണ നിമിഷത്തെ കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി. കൗമുദി മൂവീസിലാണ് തന്റെ ആദ്യ സിനിമാ അനുഭവത്തെ കുറിച്ച് മമ്മൂട്ടി സംസാരിച്ചത്.
”ഞാന്‍ മുണ്ട് അലക്ഷ്യമായി കുത്തി. ഷര്‍ട്ടിന്റ കൈ മുകളിലേക്ക് തെറുത്തുവെച്ചു. മുടി ചിതറിയിട്ടു. അഭിനയിക്കാന്‍ തയ്യാറായി. ഈ റോളില്‍ ഷൈന്‍ ചെയ്തിട്ടുവേണം കൂടുതല്‍ അവസരങ്ങള്‍ നേടാന്‍. വലിയ സ്റ്റാറാകാന്‍. ആദ്യ റിഹേഴ്‌സല്‍. കണ്ണ് ഇറുകെപ്പൂട്ടി വായ് പൊളിച്ചുകൊണ്ടാണ് ഞാന്‍ ഓടിവന്നത്.
കാരണം റിഫ്‌ളക്ടറിന്റെ ചൂടും പ്രകാശവും മൂലം എനിക്ക് കണ്ണു തുറക്കാനാവുന്നില്ല. മല്ലി ഇറാനിയാണ് ഛായാഗ്രാഹകന്‍. അയ്യേ നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്. ശരിക്കും ഓടി വരൂ.. സംവിധായകന്‍ നിര്‍ദേശിച്ചു.
പക്ഷേ റിഫ്‌ളക്ടറിന് മുന്നിലിരിക്കുന്നതുകൊണ്ട് എനിക്ക് കണ്ണ് തുറക്കാനാവുന്നില്ല. രണ്ട് റിഹേഴ്‌സലായി. പക്ഷേ എന്റെ പ്രകടനം ശരിയാവുന്നില്ല. ‘ഒരു കാര്യം ചെയ്യൂ, നിങ്ങളങ്ങോട്ട് മാറിനില്‍ക്കൂ. മറ്റാരെയെങ്കിലും നോക്കാം’. സേതുമാധവന്‍ സാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി.
പൊട്ടിക്കരഞ്ഞുപോവും എന്ന നിലയിലാണ് എന്റെ നില്‍പ്പ്. അതിനിടെ സഹസംവിധായകന്‍ എനിക്ക് പകരം ആരേയോ അന്വേഷിക്കുന്നു. ‘സാര്‍ ഒരു പ്രാവശ്യം കൂടി ഞാന്‍ ശ്രമിക്കാം’. എന്റെ സങ്കടം കണ്ടിട്ടാവും സേതുമാധവന്‍ സര്‍ ഒരു അവസരം കൂടി നല്‍കി. അങ്ങനെ മൂന്നാമത്തെ റിഹേഴ്‌സലിലാണ് അഭിനയം ശരിയായത്. ആദ്യകാലങ്ങളില്‍ വിവിധ ഭാവങ്ങള്‍ക്ക് പകരം പലതരം ഗോഷ്ഠികളും കോക്രികളുമൊക്കെയാണ് എന്റെ മുഖത്ത് പ്രകാശിച്ചത്,” മമ്മൂട്ടി ഓര്‍ക്കുന്നു.
തന്റെ ആദ്യവേഷം സ്‌ക്രീനില്‍ കണ്ടതിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു” ദൂരെ നിന്ന് ഓടിവരികയാണ് ഞാന്‍. കാലൊക്കെ നീണ്ട് കൊക്കുപോലിരിക്കുന്ന എന്റെ രൂപം കണ്ടപ്പോള്‍ വല്ലാത്ത നിരാശ തോന്നി. പക്ഷേ തിയേറ്ററിലാകെ കൂട്ടുകാരുടെ ആര്‍പ്പുവിളി. എടാ മമ്മൂട്ടിയേ എന്ന് പറഞ്ഞ് അവര്‍ വിളിച്ചുകൂവുകയായിരുന്നു,”, അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Mammootty Remember his first movie experiance