അകാലത്തില്‍ വിടപറഞ്ഞ നടന്‍ കലാഭവന്‍ മണിയുമൊത്തുള്ള ഓര്‍മകള്‍പങ്കുവെച്ച് നടന്‍ മമ്മൂട്ടി. മണിയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചും മണിയിലെ കലാകാരനെ അത്ഭുതത്തോടെ നോക്കിനിന്ന അവസരങ്ങളെ കുറിച്ചുമൊക്കെയാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ എഴുതിയ കുറിപ്പില്‍ മമ്മൂട്ടി ഓര്‍ക്കുന്നത്. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അത്ഭുതത്തോടെ താന്‍ നോക്കി നിന്നിട്ടുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്.
‘ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കുംവിധം നാടന്‍പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ മണിക്ക് വലിയ പങ്കുണ്ട്. നൂറു കണക്കിനു പാട്ടു കള്‍ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിച്ചു, അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിച്ചു. സ്വന്തമായൊരു ഗായകസംഘമുണ്ടായി. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അത്ഭുതത്തോടെ
ഞാന്‍ നോക്കി നിന്നിട്ടുണ്ട്,’ മമ്മൂട്ടി പറയുന്നു.
ഒപ്പം തന്റെ നിര്‍ബന്ധത്തിന് വഴങ്ങി തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ മണി വന്നതിനെ കുറിച്ചും മമ്മൂട്ടി കുറിപ്പില്‍ ഓര്‍ക്കുന്നുണ്ട്. ‘മറുമലര്‍ച്ചി എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയം. വടിവേലുവിന് അതിലൊരു വേഷമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് അസൗകര്യം. പകരക്കാരനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. അന്വേഷണം എന്റെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ മണിയുടെ പേരുപറഞ്ഞു, ഒപ്പം ഒരു നിബന്ധനയും വച്ചു, വിളിച്ചു വരുത്തിയശേഷം വേഷം നല്‍കാതെ വിടരുത്, അയാള്‍ മലയാളത്തിലെ തിരക്കുള്ള നടനാണ്.
അവര്‍ വിളിച്ചപ്പോള്‍ തമിഴറിയില്ലെന്നു പറഞ്ഞ് മണി ആദ്യമൊന്നു വലിയാന്‍ നോക്കി. ഞാന്‍ വിളിച്ചപ്പോള്‍ മണി പറന്നെത്തി. സംസാരിച്ചു ഫോണ്‍ വെച്ചതിന്റെ അടുത്തനാള്‍ തന്നെ മണി തിരുവണ്ണാമലയിലെ ലൊക്കേഷനിലെത്തി.
‘മറുമലര്‍ച്ചി’യില്‍ തെങ്ങുകയറുന്ന ഒരു രംഗമുണ്ട്. സല്ലാപത്തിലൊക്കെ തെങ്ങുകയറ്റം കണ്ടതിനാല്‍ എനിക്ക് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. പക്ഷേ, സെറ്റിലുള്ളവര്‍ കണ്ണുമിഴിച്ചുനിന്നാണ് ആ കാഴ്ച കണ്ടത്.
സെറ്റില്‍ വച്ചുണ്ടായ ഒരപകടം ഇന്നും ഓര്‍മയിലുണ്ട്, തെങ്ങില്‍ നിന്നുവീണ് മണിയുടെ കാലുളുക്കി. പക്ഷേ, അതു വകവയ്ക്കാതെ അഭിനയം തുടര്‍ന്നു. അതായിരുന്നു മണി. പെട്ടെന്നൊന്നും തോല്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല.
തമിഴിനുശേഷം തെലുങ്കിലേക്കു ക്ഷണം വന്നപ്പോള്‍ മണി എന്നെ വിളിച്ചു. ധൈര്യമായി സ്വീകരിക്കാനാണ് ഞാന്‍ പറഞ്ഞത്. അവസരങ്ങള്‍ തേടിവരുമ്പോള്‍ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന വാക്കുകള്‍ മണി ശ്രദ്ധയോടെ ചെവിക്കൊണ്ടു.
സിനിമയില്‍ വരുന്നതിനുമുമ്പു തന്നെ മണിയെ മിമിക്രി വീഡിയോ കാസറ്റുകളില്‍ ഒരുപാട് കണ്ടിരുന്നു. മിമിക്രിയെ ശബ്ദാനുകരണകലയായിട്ടാണ് പൊതുവെ വിശേഷിപ്പിക്കുന്നതെങ്കിലും, മണിയിലെ മിമിക്രി കലാകാരന്‍ ശരീരംകൊണ്ടും അനുകരിച്ചിരുന്നു. ശരീരത്തെ ശബ്ദത്തിന്റെ സാധ്യതകളോട് ചേര്‍ത്തുവച്ചു എന്നതിലാണ് മണി വ്യത്യസ്തനായിരുന്നത്.
അവസാനകാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല. പക്ഷേ, കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂ, മമ്മൂട്ടി പറയുന്നു.
Content Highlight: Actor Mammootty remember actor kalabhavan mani