| Sunday, 6th June 2021, 1:05 pm

കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സാ സഹായം നല്‍കി മമ്മൂട്ടി; നന്ദിയറിച്ച് ഹൈബി ഈഡന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സാ സഹായം നല്‍കി നടന്‍ മമ്മൂട്ടി. എറണാകുളം എം.പിയായ ഹൈബി ഈഡന്റെ നേതൃത്വത്തില്‍ നടക്കുന്ന മരുന്ന് വിതരണത്തിലാണ് സഹായവുമായി താരം എത്തിയത്.

കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവയാണ് മമ്മൂട്ടി നല്‍കിയത്.

നടന്‍ രമേശ് പിഷാരടിയും ഹൈബിക്ക് ഒപ്പമുണ്ടായിരുന്നു. 40 ദിവസത്തിനിടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

നേരത്തെ നടന്‍ മോഹന്‍ലാലും കൊവിഡ് രോഗികള്‍ക്കുള്ള സഹായം എത്തിച്ചിരുന്നു. തന്റെ 61ാം ജന്മദിനത്തിനോടനുബന്ധിച്ചാണ് മോഹന്‍ലാല്‍ കൊവിഡ് രോഗികള്‍ക്കുള്ള സഹായം എത്തിച്ചത്.

കൊവിഡ് കാലത്ത് ബുദ്ധിമുട്ടിലായ ആശുപത്രികളിലേക്ക് ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ്-റേ മെഷീന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി നല്‍കിയത്.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ അദ്ദേഹം നല്‍കി.

40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവര്‍ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നല്‍കിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതല്‍ ഊര്‍ജ്ജമേകും. പ്രിയ സുഹൃത്ത് രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

\\

Content Highlights:  Mammootty provides medical assistance to Covid patients; Hibi Eden says thanks

We use cookies to give you the best possible experience. Learn more