കൊച്ചി: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പഴനിയിലും വേളാങ്കണ്ണിയിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇതുവരെ ചെയ്യാത്ത വേഷത്തിലാണ് മമ്മൂട്ടി നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എത്തുന്നത്.
പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വേലന്റെ ഭാര്യയായ മയില്‍ ആയിട്ടാണ് രമ്യാ പാണ്ഡ്യന്‍ ചിത്രത്തില്‍ എത്തുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.
എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്നുണ്ട്.
മമ്മൂട്ടി കമ്പനിയെന്ന ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.
മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ.
പുഴു, ഭീഷ്മ പര്‍വ്വം, സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രം, നിസാം ബഷീറിന്റെ പുതിയ ചിത്രം, ‘മാമാങ്ക’ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍.