| Monday, 23rd August 2021, 10:05 pm

മമ്മൂട്ടിയ്ക്ക് പത്മശ്രീ നല്‍കിയത് വാജ്‌പേയ് സര്‍ക്കാരെന്ന് സംഘപരിവാര്‍ അനുകൂലികള്‍; ചരിത്രം അതല്ലെന്ന് വ്യക്തമാക്കി കുറിപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: നടന്‍ മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ അടക്കമുള്ള അവാര്‍ഡുകളില്‍ നിന്ന് തഴയപ്പെടുന്നതിന് കാരണം രാഷ്ട്രീയമാണെന്ന കുറിപ്പുമായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉല്ലേഖ് എന്‍.പി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മമ്മൂട്ടിയ്ക്ക് പത്മശ്രീ നല്‍കിയത് വാജ്‌പേയ് സര്‍ക്കാരാണെന്ന് പറഞ്ഞാണ് സംഘപരിവാര്‍ അനുകൂലികളുടെ പ്രചരണം.

1998 ല്‍ പത്മശ്രീ കിട്ടിയ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ഇതുവരെ കിട്ടാതിരിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് എന്ന് ജോണ്‍ ബ്രിട്ടാസ് ഔട്ട്‌ലുക്ക് മാസികയില്‍ എഴുതിയിരുന്നു. ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയ വിദ്വേഷപ്രചരണത്തിന് മറുപടിയെന്നോണമാണ് ഉല്ലേഖിന്റെ കുറിപ്പ്.

‘ചിലര്‍ അഭിപ്രായപ്പെടുന്നത് 1998 ല്‍ മമ്മൂട്ടിക്കു പത്മ അവാര്‍ഡ് നല്‍കിയത് വാജ്‌പേയ് സര്‍ക്കാര്‍ ആയിരുന്നുവെന്നാണ്. വാജ്പേയിയോടുള്ള ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയട്ടെ അദ്ദേഹം അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള ഐ.കെ. ഗുജ്റാള്‍ സര്‍ക്കാരാണ് 1998 ല്‍ മമ്മൂട്ടിക്ക് പത്മശ്രീ നല്‍കിയത്. ആ വര്‍ഷത്തെ റിപ്പബ്ലിക് ദിനം കഴിഞ്ഞ് മാര്‍ച്ച് 19ന് മാത്രമാണ് വാജ്‌പേയ് പ്രധാനമന്ത്രിയാകുന്നത് (ഇ.എം.എസ് അന്തരിച്ച ദിവസം),’ ഉല്ലേഖ് പറഞ്ഞു.

രാഷ്ട്രീയവും അവാര്‍ഡും തമ്മില്‍ കൃത്യമായ ബന്ധമുണ്ടെന്നും ഉല്ലേഖ് പറയുന്നു.

‘ ഇന്ദിരാ ഗാന്ധിക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തി ഇന്ത്യന്‍ രാഷ്ട്രീയത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ജയപ്രകാശ് നാരായണിന് ഭാരത് രത്‌ന കൊടുത്തത് ബി.ജെ.പി പ്രധാനമന്ത്രി വാജ്‌പേയ് ആണ്. അതിലും രാഷ്ട്രീയമില്ലേ? ഇല്ല എന്ന് പറയാന്‍ സാധിക്കുമോ? ലോബി ചെയ്ത സംഗീതജ്ഞന്‍ രവിശങ്കറിനും കൊടുത്തു ബി.ജെ.പി ഭാരത് രത്‌ന,’ ഉല്ലേഖ് ചൂണ്ടിക്കാട്ടി.

പ്രഥമ പ്രതിപക്ഷനേതാവായ എ.കെ.ജിയുടെ പ്രതിമ പാര്‍ലമെന്റില്‍ ഇടം പിടിക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നുവെന്നത് രാഷ്ട്രീയമല്ലേ കാണിക്കുന്നതെന്ന് കുറിപ്പില്‍ ചോദിക്കുന്നു.

മമ്മൂട്ടിയുടെ രാഷ്ട്രീയം കാരണമല്ല അദ്ദേഹത്തെ അവഗണിക്കുന്നത് അല്ലെങ്കില്‍ അവഗണിച്ചത് എന്ന് പറയരുത്. അഭിനയമികവ് കൊണ്ടു നിറഞ്ഞു നില്‍ക്കുന്ന ഒരു സാന്നിധ്യത്തെ അംഗീകരിക്കാന്‍ മടികാട്ടുമ്പോള്‍ കുറവ് അനുഭവപ്പെടുന്നത് അവാര്‍ഡിനാണ്. അംബേദ്കര്‍ ആയി അഭിനയിച്ചു തിളങ്ങിയ ഒരു നടന്‍ ഇത്തരം ബഹിഷ്‌കരണം അര്‍ഹിക്കുന്നില്ലെന്നും ഉല്ലേഖ് പറയുന്നു.

50 വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ലഭിച്ചു.

സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ചാനല്‍ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതല്‍ മമ്മൂട്ടിയാണ് ചെയര്‍മാനാണ്. മാത്രമല്ല ഇടത് രാഷ്ട്രീയത്തോടുള്ള തന്റെ അനുഭാവം പലതവണ മമ്മൂട്ടി വ്യക്തമാക്കിയിട്ടുമുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അവാര്‍ഡുകളില്‍ രാഷ്ട്രീയമില്ല എന്ന വാദം ശക്തമായി ഉയര്‍ത്തുകയാണ് കേരളത്തിലെ സംഘമിത്രങ്ങള്‍. അങ്ങനെ വാദിക്കുന്ന കണ്ടമാനം പോസ്റ്റുകള്‍ കണ്ടു ചിരിച്ചു മരിച്ചശേഷം പുനര്‍ജ്ജനിച്ചാണ് ഇതെഴുതുന്നത്.
അവരെ നയിക്കുന്നത് sense of guilt ആണ്. 1998 ഇല്‍ പദ്മശ്രീ കിട്ടിയ മമ്മൂട്ടിക്ക് പദ്മഭൂഷന്‍ ഇതുവരെ കിട്ടാതിരിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് എന്ന് ജോണ്‍ ബ്രിട്ടാസ് Outlook മാസികയില്‍ എഴുതിയതിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഈ പൂരപ്പാട്ട് മുഴുവനും.
ചിലര്‍ അഭിപ്രായപ്പെടുന്നത് 1998ല്‍ മമ്മൂട്ടിക്കു പദ്മ അവാര്‍ഡ് നല്‍കിയത് വാജപേയ് സര്‍ക്കാര്‍ ആയിരുന്നുവത്രേ. വാജ്പെയോടുള്ള ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയട്ടെ അദ്ദേഹം അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള ഐ കെ ഗുജ്റാള്‍ സര്‍ക്കാരാണ് 1998ഇല്‍ മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയത്. ആ വര്‍ഷത്തെ റിപ്പബ്ലിക് ദിനം കഴിഞ്ഞു മാര്‍ച്ച് 19ന് മാത്രമാണ് Vajpayee പ്രധാനമന്ത്രിയാകുന്നത് (ഇ.എം.എസ് അന്തരിച്ച ദിവസം).
രാഷ്ട്രീയവും അവാര്‍ഡും തമ്മില്‍ ബന്ധമില്ലെന്നോ?
1954 മുതല്‍ കോണ്‍ഗ്രസ്സ് ഭരണത്തിന്‍കീഴില്‍ ഭാരത് രത്നാ (India’s highest civilian honour) നെഹ്റു കുടുംബം പാട്ടത്തിനെടുത്തിരിക്കുകയാണെന്ന് കൊട്ടിഘോഷിച്ച് നടന്ന സംഘമിത്രങ്ങള്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഉറക്കെ ചിരിക്കാതിരിക്കാന്‍ എങ്ങനെ പറ്റും.
അത്തരം രാഷ്ട്രീയ ഇടപെടലുകള്‍ സത്യമല്ലെന്നു ആര്‍ക്കു പറയാനൊക്കും?
നെഹ്റു സ്വയം ഭാരത് രത്‌ന തനിക്കു തന്നെ നല്‍കി എന്നും മിത്രങ്ങള്‍ പറഞ്ഞിട്ടുണ്ട് (എന്നാല്‍ അങ്ങനെയല്ലെന്നും ഭഗവാന്‍ദാസ്സിന്റെയും വിശ്വേശ്വരയ്യയുടെയും കൂടെ പണ്ഡിറ്റ്ജി അറിയാതെ താന്‍ ആണ് അദ്ദേഹത്തിന്റെ പേര് ചേര്‍ത്തത് എന്ന് ബാബു രാജേന്ദ്ര പ്രസാദ് പിന്നീട് പറഞ്ഞിട്ടുണ്ട്). 1955ല്‍ ആണ് നെഹ്റുവിന് ആ ബഹുമതി കിട്ടിയത്.
1971ഇല്‍ ഇന്ദിരാഗാന്ധി സ്വയം അവര്‍ക്കുതന്നെ നല്‍കി ഭാരത് രത്‌ന. പക്ഷെ അവരെ വിമര്‍ശിക്കാന്‍ മിത്രങ്ങള്‍ക്കു കുറച്ചു മടിയുണ്ട്. അവരുടെ പാദസേവ നടത്തിയവര്‍ എന്നത് കൊണ്ടു മാത്രമല്ല അവരെ പോലെ ആവാന്‍ ആഗ്രഹമുള്ള ചില ഭരണാധികാരികള്‍ അവരുടെ ഇടയില്‍ ഉണ്ട് എന്നത് കൊണ്ടാണ്. സര്‍വ്വാധിപത്യത്തോടുള്ള കൊതി ഭക്തിയായി മാറുന്ന കാഴ്ച കൗതുകത്തോടെ കാണുക.
ഇന്ദിരാ മകന്‍ രാജീവ് ഗാന്ധി പട്ടേലിനും അംബേദ്കര്‍ക്കും അന്നുവരെ കിട്ടാത്ത ഭാരത് രത്‌ന 1988ഇല്‍ (മരണനന്തരം) എംജി രാമചന്ദ്രന് കൊടുത്തതിന്റെ വിശദീകരണം എന്താണ്? നഗ്‌നമായ രാഷ്ട്രീയവിലപേശലായിരുന്നില്ലേ അത്? ആര്‍ക്കാണതറിയാത്തത്? 1989ലെ തമിഴനാട് തെരഞ്ഞെടുപ്പിന് മുന്‍പേ നടത്തിയ വെറും ചീപ്പ് gimmick. കാമരാജിന് ഇന്ദിരാ ഗാന്ധി മരണാനന്തരം ഭാരത് രത്‌ന നല്‍കിയതും 1977 തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്‍നിര്‍ത്തി തന്നെ.
ഇതൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞവരാണ് ഒരുകാലത്തു മിത്രങ്ങള്‍. അതൊക്കെ മറന്നോ?
ഇത്തരം പച്ചയായ രാഷ്ട്രീയ അവാര്‍ഡുകളെ തള്ളിപ്പറഞ്ഞാണ് 1977ഇല്‍ അധികാരത്തില്‍ വന്ന ജനതാ ഗവണ്മെന്റ് ഭാരത് രത്‌നയെ ഗൗനിക്കാതിരുന്നത്. മിത്രങ്ങളെ നിങ്ങള്‍ അതും മറന്നോ?
പട്ടേലിനും സുഭാഷ് ബോസിനും ഇതേ അവാര്‍ഡ് നല്‍കാന്‍ നെഹ്റു കുടുംബത്തിന് പുറത്തുള്ള നരസിംഹറാവു വരേണ്ടി വന്നു എന്നത് മറ്റൊരു ചരിത്ര സത്യം. അതിലും രാഷ്ട്രീയമുണ്ട്.
ഇന്ദിരാഗാന്ധിക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തി ഇന്ത്യന്‍ രാഷ്ട്രീയത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ജയപ്രകാശ് നാരായണ്‍ന് ഭാരത് രത്‌ന കൊടുത്തത് ബിജെപി പ്രധാനമന്ത്രി വാജ്‌പെയ് ആണ്. അതിലും രാഷ്ട്രീയമില്ലേ? ഇല്ല എന്ന് പറയാന്‍ സാധിക്കുമോ? ലോബി ചെയ്ത സംഗീതജ്ഞന്‍ രവിശങ്കറിനും കൊടുത്തു ബിജെപി ഭാരത് രത്‌ന.
മോദി വന്ന ശേഷം മാത്രമാണ് വാജ്‌പേയ് ക്കു ഭാരത് രത്‌ന കിട്ടിയത്. 2008ഇല്‍ തന്നെ അദ്ദേഹത്തിന് നല്‍കാന്‍ കടുത്ത lobbying നടന്നിരുന്നു. അപ്പോള്‍ പിന്നീട് കൊടുത്തതും മുന്‍പ് കൊടുക്കാതിരുന്നതും രാഷ്ട്രീയമല്ലേ അല്ലെങ്കില്‍ രാഷ്ട്രീയാധിഷ്ഠിതമല്ലേ?
ആര്‍ എസ് എസ് നേതാവും വാജ്‌പൈ വിരുദ്ധനും ആയിരുന്ന നാനാജി ദേശ്മുഖിനു രണ്ടും വര്‍ഷം മുന്‍പ് ഭാരത് രത്‌ന കൊടുത്തതും രാഷ്ട്രീയമല്ലേ? (കലാപത്തിനുശേഷം മോദിയെ ഗുജറാത്തു മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്നു പുറത്താക്കണം എന്ന് പറഞ്ഞയാളാണ് വാജപയ് എന്നത് ഓര്‍മയില്‍ വേണം).
അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ മണ്മറഞ്ഞ നേതാക്കള്‍ക്കും അതുപോലെ ബഹുമതികള്‍ക്കു അര്‍ഹത ഉണ്ടായിട്ടും കിട്ടാത്തവര്‍ക്കും അതൊക്കെ നല്‍കുന്നത് സ്വാഭാവികം മാത്രം. ജ്യോതിബസുവിനു ഭാരത് രത്‌ന നല്‍കണം എന്ന suggestion 2008ഇല്‍ ഉയര്‍ന്നുവന്നത് ആ context ഇല്‍ ആണ് കാണേണ്ടത്. അതുപോലെ പ്രഥമ പ്രതിപക്ഷനേതാവിന്റെ കര്‍ത്തവ്യം നിര്‍വഹിച്ച അനശ്വര മാര്‍ക്‌സിസ്റ്റ് നേതാവും സ്വാതന്ത്രസമരപോരാളിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ AKG യുടെ പ്രതിമ പാര്‍ലിമെന്റില്‍ ഇടം പിടിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു. അതിലില്ലേ രാഷ്ട്രീയം? അദ്ദേഹത്തിന്റെ രാഷ്ട്രീയമായിരുന്നില്ലേ പ്രശ്‌നം? അവസാനം മാര്‍ക്‌സിസ്റ്റ്കാരനായ സോമനാഥ് ചാറ്റര്‍ജീ വരേണ്ടി വന്നു ഒരു പ്രതിമ ഉയരാന്‍.
എന്നാലോ ബ്രിട്ടീഷ്‌കാരന് മാപ്പെഴുതിക്കൊടുത്തു എന്നത് അംഗീകരമായി കണ്ടു വാജ്‌പൈ 2003ഇല്‍ തന്നെ സവര്‍ക്കറുടെ പോര്‍ട്രൈറ്റ് സെന്‍ട്രല്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു. അതിനേക്കാള്‍ നാറിയ രാഷ്ട്രീയമുണ്ടോ ഈ രാജ്യത്തു പ്രീയ മിത്രങ്ങളെ?
ബോളിവുഡില്‍ നടനകലയുടെ എബിസി അറിയാത്ത എത്രയോ വങ്കന്മാര്‍ക്ക് വെറും സംഘി അനുകൂലികള്‍ എന്നത് കൊണ്ടുമാത്രം എത്രയോ ബഹുമതികള്‍ കിട്ടിയിരിക്കുന്നു? അതിലില്ലേ നിങ്ങളുടെ പുഴുത്തു നാറുന്ന രാഷ്ട്രീയം?
ഈ പ്രവണതയെ പണ്ടേ കണ്ട മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ അന്റോണിയോ ഗ്രാഷി ഇതിനെ cultural hegemony എന്ന് വിളിച്ചു. രാഷ്ട്രീയം അതിന്റെ grip ശക്തമാക്കുന്നതിന്റെ അടുത്തഘട്ടമാണത്. ഇതിപ്പോള്‍ എഴുതുമ്പോള്‍ എന്റെ മേശക്കരികെയുള്ള ഗ്രാഷിയെ പറ്റിയുള്ള ഗ്രന്ഥങ്ങളിലേക്കാണ് എന്റെ കണ്ണുകള്‍ പോവുന്നത് . അതിലൊന്ന് മികച്ചതാണ്. Derek Boothman പരിഭാഷപ്പെടുത്തി എഡിറ്റ് ചെയ്ത പുസ്തകം. എന്തൊരു genius ആയിരുന്നു ഗ്രാംഷി.
അദ്ദേഹം പറഞ്ഞുതന്ന hegemony ആണ് നാം ചുറ്റും കാണുന്നത്. അതിനു കീഴ്‌പ്പെടരുത് എന്ന വാശിയാണ് TM കൃഷ്ണയെപോലുള്ളവരെ rebels ആക്കി മാറ്റുന്നത്.
പറഞ്ഞുവന്നത് കേരളത്തിന്റെ പ്രിയങ്കരനായ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്. അത് തുറന്നുകാട്ടപ്പെടുമ്പോള്‍ വിറളിപൂണ്ടിട്ട് ഒരു കാര്യവുമില്ല. സത്യത്തെ തടയാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ടാണ് ഈ കൂട്ടനിലവിളിയും മറ്റും.
എട്ടുകാലി മമ്മൂഞ്ഞിയെ പോലെ പട്ടെലിന്റെ യും സുഭാഷ് ബോസിന്റെയും ഭഗത് സിംഗിന്റെയും പിതൃത്വം ഏറ്റെടുക്കാനും എഭ്യന്മാരുടെ mythmaking നടത്താനും മിത്രങ്ങള്‍ക്കു ഇപ്പോള്‍ വലിയ സേന തന്നെയുണ്ട്.
മമ്മൂട്ടിയുടെ രാഷ്ട്രീയം കാരണമല്ല അദ്ദേഹത്തെ അവഗണിക്കുന്നത് അല്ലെങ്കില്‍ അവഗണിച്ചത് എന്ന് പറയരുത്. ആ വാദത്തിന് വിശ്വാസതയില്ല. പക്ഷെ മിത്രങ്ങള്‍ മനസിലാക്കേണ്ടത് അന്‍പതു വര്‍ഷമായി അഭിനയമികവ് കൊണ്ടു നിറഞ്ഞു നില്‍ക്കുന്ന ഒരു സാന്നിധ്യം അംഗീകരിക്കാന്‍ മടികാട്ടുമ്പോള്‍ കുറവ് അനുഭവപ്പെടുന്നത് അവാര്‍ഡിനാണ്. അംബേദ്കര്‍ ആയി അഭിനയിച്ചു തിളങ്ങിയ ഒരു നടന്‍ ഇത്തരം ബഹിഷ്‌ക്കരണം അര്‍ഹിക്കുന്നില്ല. ജല്‍പ്പനങ്ങളും.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mammootty PadmaBhusan BJP AB Vajpayee

We use cookies to give you the best possible experience. Learn more