| Friday, 7th October 2022, 11:41 am

ഞാന്‍ പറയുന്നതൊന്നും കേള്‍ക്കില്ല, എന്നെ ഇങ്ങോട്ട് പഠിപ്പിക്കലാണ്; മറിയത്തെക്കുറിച്ച് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പേഴ്‌സണല്‍ ഫോട്ടോസൊന്നും സോഷ്യല്‍ മീഡിയയിലൂടെ സാധാരണ പങ്കുവെക്കാത്ത വ്യക്തിയാണ് മമ്മൂട്ടി. എന്നാല്‍ പേരക്കുട്ടി മറിയത്തിന്റെ നാലാം പിറന്നാളിന് ‘എന്റെ രാജകുമാരിക്ക് നാലാം പിറന്നാള്‍’ എന്ന അടിക്കുറിപ്പോടെ മറിയത്തിന്റെ ക്യൂട്ട് ഫോട്ടോ മമ്മൂട്ടി പോസ്റ്റ് ചെയ്തിരുന്നു. പേരക്കുട്ടിയുടെ മുടി മമ്മൂട്ടി കെട്ടിക്കൊടുക്കുന്ന ഫോട്ടോ ദുല്‍ഖറും പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ റോഷാക്ക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും മറിയം അമീറ സല്‍മാന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. മറിയം ഇപ്പോള്‍ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാനായെന്നും പുതിയതായി ഡാന്‍സും പാട്ടുമൊക്കെ പഠിച്ചു കളിക്കലാണ് കുഞ്ഞുമറിയത്തിന്റെ വിശേഷങ്ങളെന്നും മമ്മൂട്ടി പറഞ്ഞു.

”മറിയം വീട്ടിലുണ്ട്, ഇന്ന് വന്നതാണ്. ഞങ്ങളുടെ കൂടെ ദുബായില്‍ ഉണ്ടായിരുന്നു. അവിടെ നിന്നാണ് ഇങ്ങോട്ട് വന്നത്. പുതുതായിട്ട് ഇപ്പോള്‍ ഡാന്‍സും പാട്ടുമൊക്കെയാണ്. കൊവിഡിന്റെ അടച്ചിടലിന്റെ സമയത്ത് ഞാന്‍ കൂടുതല്‍ സമയവും മറിയത്തിനൊപ്പമായിരുന്നു.

ഇപ്പോള്‍ നമ്മളെ ഇങ്ങോട്ട് പഠിപ്പിക്കാനായി. അഞ്ച് വയസായി അവള്‍ക്ക്. സ്‌കൂളില്‍ പോവുന്നുണ്ട്, ഇവിടെ നിന്ന് പോവാന്‍ പറ്റുന്നില്ല. ഇവിടെ ഒരുപാട് ദൂരെയാണ് സ്‌കൂള്‍. അതുകൊണ്ട് മദ്രാസില്‍ തന്നെയാണ് അവള്‍,” മമ്മൂട്ടി പറഞ്ഞു.

നേരത്തെ ദുല്‍ഖര്‍ മറിയത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
”ഒരു രാജകുമാരിയെ ആണ് ഞാന്‍ വളര്‍ത്തുന്നത്. അവള്‍ക്കൊപ്പം വളരെ കുറച്ച് സമയം മാത്രമാണ് എനിക്ക് ചിലവഴിക്കാന്‍ പറ്റുന്നത്. അതുകൊണ്ട് അമാലിന് ഇരട്ടി പണി എടുക്കേണ്ടി വരുന്നുണ്ട്. അമാല്‍ കുറച്ച്കൂടി സ്ട്രിക്റ്റാവും. ഞാന്‍ വന്ന് അതെല്ലാം കളയും.

വളരെ ഇന്ററസ്റ്റിങ്ങായ ഒരാളാണ് മറിയം. എന്റെ ചേച്ചിയുടെ കുട്ടികളുമുണ്ട്. അവരെല്ലാം ചെറിയ കുട്ടികളാണ്. അവരെ നിരീക്ഷിക്കാന്‍ രസമാണ്. അവര്‍ വളരും തോറും കൂടുതല്‍ അത്ഭുതപ്പെടുത്തും. വളരെ ക്രിയേറ്റീവാകും, ജിജ്ഞാസ ഉണ്ടാവും.

മറിയം എന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കും. പുള്ളിക്കാരി കാരണം ഞാന്‍ എന്റെ തന്നെ ഫില്‍മോഗ്രഫി എടുത്തുനോക്കാറുണ്ട്. ഏതാണ് രണ്ടാമത്തെ ചിത്രം, ആ സിനിമയില്‍ എന്താണ് പേര്, ഈ പാട്ട് ആരാണ് പാടിയത്, ഇതൊന്നും എനിക്ക് ഓര്‍മയുണ്ടാവില്ല. എന്റെ സിനിമകള്‍ ഞാന്‍ തന്നെ ഗൂഗിള്‍ ചെയ്യും. അവള്‍ ചോദിക്കുന്നതൊന്നും എനിക്കറിയില്ല.

എല്ലാ ഭാഷയിലുമുള്ള എന്റെ സിനിമകളിലെ പാട്ടുകള്‍ അവള്‍ കേള്‍ക്കും. ഇപ്പോള്‍ സീതാ രാമത്തിലെ പാട്ടുകളാണ് കേള്‍ക്കാറുള്ളത്,’ ദുല്‍ഖര്‍ പറഞ്ഞു. ഈ കൊച്ചുകുട്ടിയാണ് ദുല്‍ഖറിന്റെ ഏറ്റവും വലിയ ഫാന്‍ ഗേളെന്ന് അവതാരക പറഞ്ഞപ്പോള്‍ തീര്‍ച്ചയായും എന്നാണ് താരം മറുപടി പറഞ്ഞത്.

Content Highlight: Actor Mammootty on his grand daughter Maryam

We use cookies to give you the best possible experience. Learn more