മധുവിന് വേണ്ടി കേസ് നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി
Kerala News
മധുവിന് വേണ്ടി കേസ് നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th January 2022, 9:23 am

കൊച്ചി : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. സഹായ വാഗ്ദാനം മമ്മൂട്ടി ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ചറയിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞു.

ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ മധുവിന്റെ അട്ടപ്പാടിയിലെ വീട്ടിലെത്തുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു.

‘കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക ഞങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരും,’ സരസു പറയുന്നു.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു നേരത്തെ ആരോപിച്ചിരുന്നു.

രാജി സന്നദ്ധത അറിയിച്ചിരുന്ന പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വി.ടി. രഘുനാഥിനെതിരെയും കുടുംബം ആരോപണമുന്നിയിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഹാജരാകാത്തതെന്ന് സരസു ചോദിച്ചിരുന്നു.

ആരോഗ്യ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് രഘുനാഥ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഇതിന് പകരം സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ല.

2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മധുവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

എന്നാല്‍ 2018 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്.


Content Highlights: Actor Mammootty offers help to file a case for Madhu