കൊച്ചി: കേരളത്തില്‍ തിയേറ്റര്‍ തുറന്നതിന് പിന്നാലെ റിലീസ് ചെയ്യാനായി നിരവധി സിനിമകളാണ് തയ്യാറായിരിക്കുന്നത്. സൂപ്പര്‍ താര ചിത്രങ്ങള്‍ മുതല്‍ കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരുങ്ങിയ പുതുമുഖ ചിത്രങ്ങള്‍ വരെ ഇതിലുണ്ട്.
വിവിധ സിനിമകള്‍ തങ്ങളുടെ റിലീസ് തിയ്യതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ റിലീസിനായി തിയേറ്ററുകളില്‍ വിവിധ നിര്‍മ്മാതാക്കളും വിതരണക്കാരും അറിയിച്ച തിയ്യതികളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്നുണ്ട്.
ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി ഒരുക്കിയ വെള്ളം ആണ് ആദ്യമായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രം. ജനുവരി 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇതിന് പുറമെ മമ്മൂട്ടി, മോഹന്‍ലാല്‍, പാര്‍വതി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരുടെ വിവിധ ചിത്രങ്ങളും റിലീസിനൊരുങ്ങുകയാണ്.
അനശ്വര രാജന്‍ നായികയായ വാങ്ക്, രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ലൗ എന്നീ ചിത്രങ്ങള്‍ ജനുവരി 29 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍
മമ്മൂട്ടിയുടെ വണ്ണിന് മുമ്പായി പ്രീസ്റ്റ് എന്ന ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അജുവര്‍ഗീസ് ചിത്രം സാജന്‍ ബേക്കറി, ഒാപ്പറേഷന്‍ ജാവ, അമിത് ചക്കാലക്കലിന്റെ യുവം എന്നിവ ഫെബ്രുവരി 12, മരട് 357, പാര്‍വതിയുടെ വര്‍ത്തമാനം, വെളുത്ത മധുരം എന്നിവ ഫെബ്രുവരി 19 എന്നീ തിയ്യതികളില്‍ റിലീസ് ചെയ്യും.
സഹ്യാദ്രിയിലെ ചുവന്ന പൂക്കള്‍, ടോള്‍ ഫ്രീ 1600-600-60, ജയസൂര്യ ചിത്രം സണ്ണി, അജഗജാന്തരം എന്നിവ ഫെബ്രുവരി 26 നും റിലീസ് ചെയ്യും.
ഇതിന് പുറമെ കുഞ്ചാക്കോ ബോബന്‍ – ജിസ് ജോയ് കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ മോഹന്‍കുമാര്‍ ഫാന്‍സും ഫെബ്രുവരിയിലാണ് റിലീസ് വെച്ചിരിക്കുന്നത്.
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ചിലെ ഏറ്റവും വലിയ റിലീസ്. മാര്‍ച്ച് 26 നാണ് ചിത്രം റിലീസ് ചെയ്യുക. മമ്മൂട്ടിയുടെ വണ്‍ മാര്‍ച്ച് 11, മൈ ഡിയര്‍ മച്ചാന്‍, എവ എന്നീ ചിത്രങ്ങള്‍ മാര്‍ച്ച് 12 നും റിലീസ് ചെയ്യും. സുനാമി മാര്‍ച്ച് 21 നാണ് റിലീസ്.
ഇതിന് പുറമെ കുഞ്ചാക്കോ ബോബന്‍ ചിത്രം നിഴല്‍, പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് എന്നീ ചിത്രങ്ങളില്‍ ഒന്ന് മാര്‍ച്ച് 4 ന് റിലീസ് ചെയ്‌തേക്കും. പെരുന്നാള്‍ റിലീസ് ആയി നിവിന്‍ പോളി നായകനായ തുറമുഖം, ഫഹദ് ഫാസില്‍ ചിത്രം മാലിക് എന്നിവയും ഒരുങ്ങിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക