| Saturday, 11th December 2021, 6:04 pm

'സേതുരാമയ്യര്‍ വീണ്ടും ചാര്‍ജെടുത്തു'; സി.ബി.ഐ അഞ്ചാം ഭാഗത്തില്‍ ജോയിന്‍ ചെയ്ത് മമ്മൂട്ടി; വൈറല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഒടുവില്‍ സി.ബി.ഐ സിനിമയുടെ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ മയങ്ങും നേരം ഷൂട്ടിഗ് കഴിഞ്ഞതോടെയാണ് മമ്മൂട്ടി സി.ബി.ഐ അഞ്ചാം ഭാഗത്തില്‍ ജോയിന്‍ ചെയ്തത്.

സെറ്റില്‍ താരം എത്തുന്ന വീഡിയോ മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു. മലയാള കുറ്റാന്വേഷണ സിനിമകളില്‍ എക്കാലത്തെയും മികച്ച സീരീസുകളിലൊന്നാണ് സി.ബി.ഐ. നവംബര്‍ 29 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ കൂട്ടിലുണ്ടാവും. സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാവും.

1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യം സി.ബി.ഐയുടെ വരവ്. സിനിമക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ 1989 ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാമതും സി.ബി.ഐ എത്തി.

ജാഗ്രതയും ബോക്സോഫീസ് ഹിറ്റായിരുന്നു. പിന്നീട് ഒരു ഇടവേളക്ക് ശേഷമാണ് സി.ബി.ഐ വരുന്നത്. 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐ എന്ന പേരിലായിരുന്നു അത്.

തൊട്ടടുത്ത വര്‍ഷം നേരറിയാന്‍ സി.ബി.ഐയും എത്തി. എല്ലാ സി.ബി.എ കഥാപാത്രങ്ങളെയും ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ ഏറ്റെടുത്തത്.

നാലു ഭാഗങ്ങളും ഒരുപോലെ പ്രദര്‍ശന വിജയം നേടി എന്നൊരു പ്രത്യേകത കൂടെ സി.ബി.ഐക്കുണ്ട്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോള്‍ ഒരുങ്ങുന്നത്.

We use cookies to give you the best possible experience. Learn more