| Friday, 29th January 2021, 11:50 am

ബാക്കി എല്ലാ കാര്യങ്ങളും സമ്മതിച്ച മമ്മൂക്ക ഇക്കാര്യത്തില്‍ മാത്രം ഉടക്കിട്ടു, ആ ഹെയര്‍സ്റ്റൈല്‍ മാറ്റാന്‍ തയ്യാറായില്ല: ഷൂട്ടിങ് അനുഭവം പറഞ്ഞ് സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഹിറ്റ്‌ലര്‍ പുറത്തിറങ്ങിയിട്ട് 25 വര്‍ഷം തികയുകയാണ്. 1996 ഏപ്രില്‍ 12 ന് റിലീസ് ചെയ്ത ചിത്രം വലിയ വിജയം നേടിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ആലോചിക്കുന്നതിനിടെയായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിയുന്നത്. പിന്നീട് ലാല്‍ നിര്‍മ്മാതാവും സിദ്ദിഖ് സംവിധായകനുമായി പുതിയ സിനിമ ആലോചിച്ചപ്പോള്‍ തന്നെ മമ്മൂട്ടിയെ നായകനാക്കണമെന്ന് സിദ്ദിഖ് ഉറപ്പിച്ചിരുന്നു.

മമ്മൂക്കയും അക്കാര്യം സമ്മതിച്ചതോടെയാണ് അദ്ദേഹത്തിന് പറ്റിയ കഥയെ കുറിച്ച് സിദ്ദിഖ് ചിന്തിച്ചുതുടങ്ങിയത്. അതാണ് ഒടുവില്‍ ഹിറ്റ്‌ലറിന്റെ പിറവിയില്‍ എത്തിയത്.

മാധവന്‍കുട്ടിയെ രൂപപ്പെടുത്തുമ്പോള്‍ മമ്മൂക്കയുടെ വിജയിച്ച എല്ലാ മാനറിസങ്ങളും നിരീക്ഷിച്ച് അതൊക്കെ കഥാപാത്രത്തില്‍ കൊണ്ടുവന്നിരുന്നെന്ന് പറയുകയാണ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ്. ഇമോഷന്‍, ഗൗരവം, ആക്ഷന്‍, ഫാമിലിമാന്‍ ഇമേജ് തുടങ്ങി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന മമ്മൂക്കയുടെ എല്ലാ സവിശേഷതകളും അത്രകാലം ഉപയോഗിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഹിറ്റ്‌ലറില്‍ ഉള്‍പ്പെടുത്തി.

മമ്മൂട്ടിയുടെ വസ്ത്രധാരണം മുതല്‍ മുടിചീകുന്നത് വരെ എങ്ങനെയായിരിക്കണം എന്ന് വളരെ കൃത്യമായി മനസിലുണ്ടായിരുന്നു. സിനിമ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റാനുള്ള താത്പര്യത്താല്‍ മാധവന്‍കുട്ടി പാന്റിട്ടാലോ എന്ന് ലാല്‍ ചോദിച്ചു. പക്ഷേ ഞാന്‍ സമ്മതിച്ചില്ല. കാരണം മാധവന്‍ കുട്ടി ഒരു കര്‍ഷകനാണ്. അയാള്‍ പാന്റിട്ടു വയലിലൂടെ നടക്കുന്നതിലും നല്ലത് മുണ്ട് മാടിക്കുത്തി നടക്കുന്നതാണ്. ലാലും സമ്മതിച്ചു.

ഇതിനൊപ്പം തന്നെ മമ്മൂക്കയുടെ ഹെയര്‍സ്റ്റൈല്‍ ഒരു തര്‍ക്ക വിഷയമായിരുന്നു. മാധവന്‍ കുട്ടി മുടി പിന്നിലേക്ക് ചീകി വെക്കുന്ന ആളാണെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക സമ്മതിച്ചില്ല. ബാക്കി എല്ലാ കാര്യങ്ങളും സമ്മതിച്ച മമ്മൂക്ക ഇതിനുമാത്രം ഉടക്കിട്ടു. ഷൂട്ടിങ്ങിന്റെ അന്ന് ലാല്‍ ചെന്നുപറഞ്ഞപ്പോഴും മുടി ഒരുവശത്തേക്കു, നെറ്റിയിലേക്ക് ചരിച്ചിട്ടിരിക്കുന്ന സ്‌റ്റൈല്‍ മമ്മൂക്ക മാറ്റിയില്ല. റിഹേഴ്‌സലിനും അതായിരുന്നു ഗെറ്റപ്പ്.

പക്ഷേ ടേക്ക് ആയപ്പോള്‍ അദ്ദേഹം മേക്കപ്പ്മാനെ വിളിച്ച് മുടി പിന്നിലേക്ക് ചീകി വെച്ചു. ഞങ്ങള്‍ മനസില്‍കണ്ട അതേ മാധവന്‍കുട്ടി. അഭിനയം കഴിഞ്ഞ് എന്റേയും ലാലിന്റേയും മുഖത്ത് നോക്കി ചിരിയോടെ ചോദിച്ചു, ഹാപ്പിയായോ….? അതാണ് മമ്മൂക്ക.

ഹിറ്റ്‌ലറില്‍ ധാരാളം കഥാപാത്രങ്ങളുണ്ട്. ആ കഥാപാത്രങ്ങള്‍ക്കൊക്കെ കഥയില്‍ നിര്‍ണായക സ്വാധീനവുമുണ്ട്. എന്നാല്‍ ബാക്കി എല്ലാ കഥാപാത്രങ്ങളും മാധവന്‍കുട്ടിക്ക് താഴെയാണ് താനും. അങ്ങനെയാണ് ആ പടം ചെയ്തിരിക്കുന്നത്. ഷൂട്ടിങ് തീര്‍ന്ന ദിവസം മമ്മൂക്ക പറഞ്ഞു, ഞാന്‍ ഈ സിനിമയില്‍ കാര്യമായി ഒന്നും ചെയ്തതായി എനിക്ക് തോന്നുന്നില്ലല്ലോ…’ അപ്പോള്‍ ഞാന്‍ പറഞ്ഞു, അതാണ് മമ്മൂക്ക അതിന്റെ സുഖം. സിനിമ കണ്ടു കഴിയുമ്പോള്‍ മമ്മൂക്കയ്ക്ക് മനസിലാകും എല്ലാം ചെയ്തിരിക്കുന്നത് മമ്മൂക്കയാണെന്നും അതു ഗംഭീരമാണെന്നും ‘ അതായിരുന്നു സത്യം, സിദ്ദിഖ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mammootty Hair Style Controversy On Hitler Movie

We use cookies to give you the best possible experience. Learn more