| Friday, 18th December 2020, 2:02 pm

പുരസ്‌കാരനേട്ടം: ഗിന്നസ് പക്രുവിന് അഭിനന്ദനവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഗിന്നസ് പക്രുവിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനായിരുന്നു ഗിന്നസ് പക്രു(അജയകുമാര്‍) അവാര്‍ഡ് കരസ്ഥമാക്കിയത്.

ഇന്ന് രാവിലെയാണ് ഗിന്നസ് പക്രുവിനെ അഭിനന്ദിച്ച് മമ്മൂട്ടി രംഗത്തെത്തിയത്. ഗിന്നസ് പക്രുവിന് പുരസ്‌കാരം ലഭിച്ചതായുള്ള ഡൂള്‍ന്യൂസ് വാര്‍ത്ത വാട്‌സ് ആപ്പില്‍ അയച്ചുകൊടുത്തായിരുന്നു മമ്മൂട്ടി പക്രുവിനെ അഭിനന്ദനം അറിയിച്ചത്. മമ്മൂക്കയുടെ അഭിനന്ദനത്തിന് പക്രു നന്ദി അറിയിക്കുകയും ചെയ്തു.

‘ഒടുവില്‍ ആ’ മെഗാ’ അഭിനന്ദനവും എന്നെ തേടിയെത്തി…നന്ദി മമ്മൂക്ക..അങ്ങയുടെ ഈ അഭിനന്ദനവും വലിയ അംഗീകാരമായി കാണുന്നു’ മമ്മൂട്ടി അയച്ച സന്ദേശത്തിന്റെ വാട്‌സ് ആപ്പ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് പക്രു പ്രതികരിച്ചു.

മികച്ച നടനുള്ള പുരസ്‌കാരം ഉള്‍പ്പെടെ മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മൂന്ന് അവാര്‍ഡുകളാണ് ലഭിച്ചത്. ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്‌കോര്‍ നിര്‍വഹിച്ച രതീഷ് വേഗ പശ്ചാത്തലസംഗീതത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ സ്വന്തമാക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല അജയകുമാറിനെത്തേടി പുരസ്‌കാരങ്ങളെത്തുന്നത്. 2018 ഏപ്രിലില്‍ താരത്തെ തേടിയെത്തിയത് മൂന്ന് അവാര്‍ഡുകളായിരുന്നു.

യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് അവാര്‍ഡുകളാണ് പക്രു ഒരുദിവസം തന്നെ ഏറ്റുവാങ്ങിയത്.

2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ തേടി ആദ്യമെത്തിയത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ്.

ശാരീരിക വൈകല്യങ്ങളില്‍ തളച്ചിടാതെ ജീവിതത്തില്‍ മുന്നേറുവാനുള്ള പ്രചോദനമായി തന്റെ നേട്ടം മാറുമെന്നാണ് പ്രതീക്ഷയെന്ന് അവാര്‍ഡ് സ്വീകരിച്ച വേളയില്‍ ഗിന്നസ് പക്രു പറഞ്ഞിരുന്നു.

അത്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mammootty Congratulation Guinnes Pakaru

We use cookies to give you the best possible experience. Learn more