| Monday, 8th May 2023, 3:24 pm

താനൂര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു; ചികിത്സയിലിരിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥന: മമ്മൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: താനൂരില്‍ നടന്ന ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവുമായി നടന്‍ മമ്മൂട്ടി. ബോട്ടപകടത്തില്‍ നിരവധി പേര്‍ മരിച്ച സംഭവം അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്നതാണെന്നും ചികിത്സയിലുള്ളവര്‍ ഉടന്‍ ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും മമ്മുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേര്‍ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്നതാണ്.

ദുരന്തത്തില്‍ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ചികിത്സയില്‍ ഇരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,’ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് താനൂര്‍ തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്.

അപകടത്തില്‍ ഇതുവരെ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 22 മരണമാണ് സ്ഥിരീകരിച്ചത്. ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്സും തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ വെളിച്ചം വീണതോടെയാണ് 21 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

കരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ 35ലധികം ആളുകളാണ് ബോട്ടുകളിലുണ്ടായിരുന്നത്. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം.


Content Highlight: Actor Mammootty condoles those who died in the boat accident in Tanur

We use cookies to give you the best possible experience. Learn more