| Sunday, 2nd October 2022, 8:44 pm

തമിഴ്‌നാട്ടില്‍ നിന്നാണെന്ന് ആരാധിക, തമിഴില്‍ തന്നെ സംസാരിക്കാന്‍ മമ്മൂട്ടി; കയ്യടിച്ച് സദസ്സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ കാണാനെത്തിയ തമിഴ് ആരാധികയുടെ ചോദ്യത്തിന് തമിഴില്‍ രസകരമായി മറുപടി പറഞ്ഞ് മമ്മൂട്ടി. റോഷാക്കിന്റെ ദുബായ് പ്രസ്മീറ്റിലാണ് തമിഴില്‍ സംസാരിച്ചോട്ടെയെന്ന് ആരാധിക ചോദിച്ചപ്പോള്‍ തമിഴില്‍ തന്നെ സംസാരിച്ചോളുയെന്ന് മമ്മൂട്ടി പറഞ്ഞത്.

തുടരെ ആക്ഷന്‍, ത്രില്ലര്‍ സിനിമകള്‍ മാത്രം ചെയ്യുന്ന ഫീലുണ്ടന്നും എന്തുകൊണ്ടൊരു പ്രണയചിത്രം ചെയ്തുകൂടെന്ന് ആരാധിക മമ്മൂട്ടിയോട് ചോദിച്ചു.

‘തമിഴില്‍ ഡബ്ബ് ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ട്. എന്തുകൊണ്ടാണ് ത്രില്ലര്‍ സിനിമകളും ആക്ഷന്‍ സിനിമകളും മാത്രം ചെയ്യുന്നത്. എപ്പോഴും അത്തരം സിനിമകള്‍ മാത്രം ചെയ്യുന്ന ഫീല്‍ തോന്നാറുണ്ട്.
ഇത്തരം സിനിമകള്‍ വിട്ട് കുടുംബ ചിത്രങ്ങളും പ്രണയ ചിത്രങ്ങളുമെന്താണ് തെരഞ്ഞെടുക്കാത്തത്,” ആരാധിക മമ്മൂട്ടിയോട് ചോദിച്ചു.

ഈ ചോദ്യത്തിന് അവരോട് തിരിച്ച് തമിഴില്‍ രസകരമായ മറുപടിയാണ് മമ്മൂട്ടി പറഞ്ഞത്. ”ഈ സിനിമയും ഫാമിലി കാണും. ഞാന്‍ ഒരുപാട് ഫാമിലി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഫാമിലി സിനിമയെന്നാല്‍ നിങ്ങളുടെ കുടുംബത്തിന്റെ കഥയാണോ ചെയ്യേണ്ടത്? ഓരോ കുടുംബത്തിനും ഓരോ കഥയാണ്.

ഇതും ഒരു കുടുംബത്തിന്റെ കഥയാണ്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും കഥയാണ്. നിങ്ങള്‍ക്ക് കുടുംബത്തോടെ കാണാം. മമ്മൂട്ടി പറഞ്ഞു.

തമിഴില്‍ ചെയ്ത ആനന്ദം പോലെയുള്ള സിനിമ ചെയ്തൂടെയെന്ന് വീണ്ടും ചോദിച്ചപ്പോള്‍ മമ്മൂട്ടി അവരെ തിരുത്തി. ആനന്ദം കുടുംബചിത്രമല്ല കുടുംബത്തിന്റെ കഥയാണ്. കുടുംബചിത്രവും കുടുംബകഥയും രണ്ടാണ്.

ഫാമിലിയ്ക്ക് കാണാന്‍ പറ്റുന്ന സിനിമയാണ് റോഷാക്ക്. ആനന്ദം പോലുള്ള സിനിമയാണോ നിങ്ങള്‍ക്ക് വേണ്ടത് അത് എടുത്ത് കഴിഞ്ഞല്ലോ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഏഴാം തീയതി ചിത്രം ലോകമെമ്പാടും റിലീസിനൊരുങ്ങുകയാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റോഷാക്കിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. വസ്ത്രാലങ്കാരം സമീറ സനീഷ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Content Highlight: Actor Mammootty asked the Tamil fan to speak to him in Tamil

We use cookies to give you the best possible experience. Learn more