| Thursday, 6th October 2022, 2:33 pm

വാപ്പയുടെ സിനിമയില്‍ മകനോ മകന്റെ സിനിമയില്‍ വാപ്പയോ അഭിനയിക്കുന്ന കാര്യത്തില്‍ ധാരണയായിട്ടില്ലേ; മമ്മൂട്ടിയുടെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ നിര്‍മ്മാണ മേഖലയില്‍ ഒരുപോലെ സജീവമായി മുന്നോട്ട് പോവുകയാണ് മമ്മൂട്ടിയും ദുല്‍ഖറും. രണ്ട് പേര്‍ക്കും പ്രൊഡക്ഷന്‍ കമ്പനികളുണ്ട്. വേഫെറര്‍ ഫിലിംസാണ് ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസ്. മമ്മൂട്ടി കമ്പനിയാണ് മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസ്.

മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ ഭാഗമായി ദുല്‍ഖര്‍ ഇതുവരെ സിനിമ ചെയ്തിട്ടില്ല. അതുപോലെ ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ മമ്മൂട്ടിയും അഭിനയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് റോഷാക്കിന്റെ പ്രസ്മീറ്റില്‍ മമ്മൂട്ടിയാട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.

വാപ്പയുടെ സിനിമയില്‍ മകനോ അല്ലെങ്കില്‍ മകന്റെ സിനിമയില്‍ വാപ്പയോ അഭിനയിക്കുന്നതില്‍ നിങ്ങള്‍ ധാരണയായിട്ടില്ലെ, ഞങ്ങള്‍ അതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ചോദിച്ചത്.

”ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ധാരണക്കുറവുമില്ല. നിങ്ങളായിട്ട് ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരുന്നാല്‍ മതി. എന്തായാലും ഞങ്ങള്‍ രണ്ട് നടന്മാരായിട്ട് പോട്ടെ, അതല്ലെ നല്ലത്,” മമ്മൂട്ടി പറഞ്ഞു.

നേരത്തെ വാപ്പയും മകനും ഒരുമിച്ചുള്ള സിനിമ എന്നാണ് ഉണ്ടാകുകയെന്ന് ചോദിച്ചപ്പോള്‍
ഞങ്ങള്‍ വാപ്പയും മകനുമാണ്, ഒരുമിച്ചൊരു സിനിമ ചെയ്താല്‍ മാത്രമാണോ വാപ്പയും മകനുമാകുകയുള്ളു എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിച്ചത്. ഞാനും ദുല്‍ഖറും ഒരുമിച്ചുള്ളൊരു സിനിമ വന്നാല്‍ നമുക്ക് അതിനേക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിരവധി ചിത്രങ്ങള്‍ ദുല്‍ഖര്‍ നിര്‍മിക്കുന്നുണ്ട്. ജേക്കബ് ഗ്രിഗറി നായകനായ മണിയറയിലെ അശോകന്‍ ദുല്‍ഖറിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പും വേഫെറര്‍ ഫിലിംസായിരുന്നു നിര്‍മിച്ചത്.

ജവാന്‍ ഓഫ് വെള്ളിമല, സ്ട്രീറ്റ് ലൈറ്റ്, നന്‍പകല്‍ നേരത്തെ മയക്കം, റോഷാക്ക് തുടങ്ങിയവ മമ്മൂട്ടി കമ്പനിയിലൂടെ അദ്ദേഹം നിര്‍മിച്ച ചിത്രങ്ങളാണ്.

അതേസമയം റോഷാക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. ചിത്രവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ആരാധകര്‍ക്കിടയില്‍ ഉള്ളത്.

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.28 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന്റെ അവസാന ഭാഗമാണ് കാണികളുടെ തല പുകക്കുന്നത്.

മമ്മൂട്ടി മുഖംമൂടി ധരിച്ചിരിക്കുന്ന റോഷാക്കിന്റെ ആദ്യ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ടീസറില്‍ മമ്മൂട്ടി കഥാപാത്രമായ ലൂക്ക് ആന്റണി മുഖംമൂടി വെച്ച മറ്റൊരാളെ നേര്‍ക്കുനേര്‍ നോക്കിനില്‍ക്കുന്നതാണ് കാണിക്കുന്നത്. ഇതാരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരിക്കും നാളെ ഇനി തിയേറ്ററിലേക്ക് ആളുകളെത്തുക.

Content Highlight: Actor Mammootty and dulquer Salman production company

We use cookies to give you the best possible experience. Learn more