വെള്ളിയാമറ്റത്തെ കുട്ടി കർഷകർക്കായി മമ്മൂട്ടിയും ഒരു ലക്ഷം രൂപ സംഭാവന ചെയ്തെന്ന് നടൻ ജയറാം. കഴിഞ്ഞ ദിവസം തൊടുപുഴ വെള്ളിയാമറ്റത്താണ് കുട്ടി കർഷകരുടെ 13 പശുക്കൾ ചത്തത്.
പിന്നാലെ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അഞ്ചു പശുക്കളെ സൗജന്യമായി നൽകുമെന്ന് അറിയിച്ചിരുന്നു. നടൻ ജയറാമും അഞ്ചു ലക്ഷം രൂപ സഹായ വാഗ്ദാനവുമായി കുട്ടികളെ കാണാൻ നേരിട്ട് എത്തിയിരുന്നു.
എന്നാൽ കുട്ടികൾക്ക് പശുവിനെ വാങ്ങാനായി നടൻ മമ്മൂട്ടിയും ഒരു ലക്ഷം രൂപ അയച്ചിരുന്നു എന്നാണ് ജയറാം പറയുന്നത്. പുതിയ ചിത്രം എബ്രഹാം ഒസ്ലറിന്റെ ഓഡിയോ ലോഞ്ചിന് കരുതിയ പൈസയായിരുന്നു ജയറാം കുട്ടികൾക്ക് നൽകിയത്. കുട്ടികളെ കാണാൻ വരുന്ന വഴിക്ക് മമ്മൂട്ടി തന്നെ വിളിച്ചെന്നും അദ്ദേഹത്തിന്റെ വക ഒരു ലക്ഷം രൂപ കുട്ടികൾക്ക് നൽകണമെന്ന് പറഞ്ഞെന്നും ജയറാം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നടൻ പൃഥ്വിരാജും ധനസഹായം നൽകിയെന്നും ജയറാം കൂട്ടിച്ചേർത്തു.
‘ഞാൻ ഇങ്ങോട്ട് വരുമ്പോൾ മമ്മൂക്ക എന്നെ ഫോണിൽ വിളിച്ചിരുന്നു. അപ്പോഴാണ് ഞാൻ ഈ കാര്യം പറയുന്നത്. നാളെ നടത്താനിരുന്ന പരിപാടിയിലേക്ക് ഞാൻ മമ്മൂക്കയെ ക്ഷണിച്ചിരിക്കുന്നു. വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, മമ്മൂക്ക വരണ്ട, നാളെ എബ്രഹാം ഓസ്ലറിന്റെ ഫങ്ഷനില്ലായെന്ന്.
അപ്പോൾ മമ്മൂക്ക പറഞ്ഞു, പത്രത്തിൽ ഞാനും ആ കുഞ്ഞുങ്ങളുടെ ഫോട്ടോ കണ്ടുവെന്ന്. ഞാൻ അങ്ങോട്ട് പോയി കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ഞങ്ങൾ അതിന് വേണ്ടി വെച്ചിരുന്ന അഞ്ചു ലക്ഷം രൂപ അവർക്ക് വേണ്ടി കൊടുക്കുകയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് എന്ത് കാരണം കൊണ്ടാണ് പശുക്കൾ പോയതെന്നെല്ലാം ചോദിച്ചു. ഇങ്ങോട്ട് വരുന്നത് വരെ അദ്ദേഹമായിരുന്നു ഫോണിൽ.
രണ്ട് പശുക്കളെ ആ കുട്ടികൾക്ക് വാങ്ങി കൊടുക്കാൻ എത്ര രൂപയാകുമെന്ന് മമ്മൂക്ക എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു അമ്പതിനായിരം ഒരു പശുവിനാവും ഒരു ലക്ഷമുണ്ടെങ്കിൽ രണ്ടെണത്തെ വാങ്ങിക്കാമെന്ന്. അത് കേട്ടപ്പോൾ തന്നെ അദ്ദേഹം, ‘എന്നാൽ രണ്ട് പശുക്കളെ എന്റെ വക കൊടുക്കണം. ഞാനിപ്പോൾ തൊടുപുഴയിൽ നിന്ന് ഒരാളുടെ അടുത്ത് പൈസ കൊടുത്തേൽപ്പിക്കാമെന്ന്’ പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ അവർ ഇവിടെ എത്തിക്കുമെന്നും പറഞ്ഞു.
മമ്മൂക്ക അങ്ങനെ ഒരു ലക്ഷം രൂപ കൊടുത്തയച്ചു. ഇങ്ങനെയുള്ള ഒരുപാട് പേരുടെ നല്ല മനസ് കാരണം ഈ കുഞ്ഞുങ്ങൾക്ക് നൂറ് കണക്കിന് പശുക്കൾ ഉള്ള വലിയൊരു ആലയം പണിതെടുക്കാൻ പറ്റും. നടൻ പൃഥ്വിരാജും ഈ പരിപാടിയ്‌ക്ക് വേണ്ടി വരാനിരുന്നതാണ്. അദ്ദേഹവും അത് ഒഴിവാക്കി 2 ലക്ഷം രൂപ ഈ കുട്ടികൾക്ക് വേണ്ടി കൊടുത്തയിച്ചിട്ടുണ്ട്. എന്നിലൂടെ ഇവിടെ വന്ന് തരാൻ കഴിഞ്ഞത് വലിയ ഭാഗ്യം,’ജയറാം പറയുന്നു.
കഴിഞ്ഞ ദിവസമാണ് കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് മാത്യുവിന്റെ 13 പശുക്കളും ചത്തത്. സംഭവത്തെ തുടർന്നുണ്ടായ പ്രയാസത്തിൽ മാത്യു ആശുപത്രിയിലായിരുന്നു. ഈ കുടുംബത്തിന്റെ വിഷമത്തിൽ എല്ലാവരും ഒന്ന് ചേരുകയായിരുന്നു. സഹായ ഹസ്തങ്ങളിൽ സന്തോഷമുണ്ടെന്ന് പറയുമ്പോഴും ദുഃഖത്തിൽ നിന്ന് കര കയറാൻ മാത്യുവിനും കുടുംബത്തിനും ഇപ്പോഴും കഴിഞ്ഞിട്ടില്ല.
Content Highlight: Actor Mammootty Also Offers Two Cows For Mathew And Family