എം.ടിയുടെ ആന്തോളജി സിനിമയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘കഡുഗണ്ണാവ ഒരു യാത്രകുറുപ്പി’ന്റെ ഷൂട്ട് നടന്നത് ശ്രീലങ്കയില്‍ വെച്ചായിരുന്നു. ആ സിനിമയുടെ ഷൂട്ടിനായി മമ്മൂട്ടി ശ്രീലങ്കയില്‍ പോയ വിവരം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആ യാത്രയില്‍ അദ്ദേഹത്തോടൊപ്പം മാതൃഭൂമി ജനറല്‍ മാനേജറായ കെ.ആര്‍ പ്രമോദും പോയിരുന്നു. പിന്നീട് ആ യാത്രയുടെ വിവരണങ്ങള്‍ ഗൃഹലക്ഷ്മിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു.
ഷൂട്ടിങ് സെറ്റില്‍വെച്ച് നടന്ന ചില രസകരമായ സംഭവങ്ങളും പ്രമോദ് യാത്രാവിവരണത്തിന്‍ പങ്കുവെച്ചിട്ടുണ്ട്. പുഴയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ ഷൂട്ട് നടന്നപ്പോള്‍ മമ്മൂട്ടിക്ക് വേണ്ടി നടന്‍ മൂര്‍ തെങ്ങില്‍ കയറി ഇളീനീരിട്ട് കൊടുത്തതിനെ കുറിച്ചും പ്രമോദ് പറയുന്നുണ്ട്. മമ്മൂട്ടിക്ക് ഇളനീര്‍ ഭയങ്കര ഇഷ്ടമാണെന്നും ശ്രീലങ്കയില്‍ നിന്നും ഇഷ്ടത്തോടെ അദ്ദേഹം കഴിച്ച ഏക ഭക്ഷണം ഇളനീരാണെന്നും പ്രമോദ് യാത്രാവിവരണത്തില്‍ കുറിച്ചു.
‘പുഴയോട് ചേര്‍ന്നഗ്രാമത്തിലായിരുന്നു അന്നത്തെ ഷൂട്ട്. ലൊക്കേഷനില്‍ നിറയെ തെങ്ങുകളായിരുന്നു. അതില്‍ നിറയെ ഇളനീരുകളും. മമ്മൂക്കക്ക ഇളനീര്‍ ഭയങ്കര ഇഷ്ടമാണ്. സിനിമയില്‍ മൂറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂറിന് തെങ്ങില്‍ കയറാന്‍ നന്നായി അറിയാം. മൂര്‍ തെങ്ങില്‍ കയറി ഇളനീരിടും. എന്നിട്ട് ഇളനീര്‍ പ്ലേറ്റിലാക്കി മമ്മൂക്കക്ക് കൊടുക്കും.
എന്നാല്‍ പ്ലേറ്റില്‍ കഴിക്കുന്നതിനേക്കാള്‍ തൊണ്ടില്‍ കഴിക്കാനാണ് മമ്മൂക്കക്ക് ഇഷ്ടം. അതോടെ തൊണ്ടില്‍ തന്നെ നല്‍കാന്‍ തുടങ്ങി. അദ്ദേഹം ശ്രീലങ്കയില്‍ നിന്നും ഇഷ്ടത്തോടെ കഴിച്ച ഭക്ഷണം ഇളനീരാണ്,’ പ്രമോദ് പറഞ്ഞു.
എന്ത് കണ്ടാലും അതിനെയെല്ലാം കേരളവുമായി ബന്ധിപ്പിക്കുന്ന സ്വഭാവം മമ്മൂട്ടിക്ക് ഉണ്ടെന്നും ശ്രീലങ്കയിലെ പല കാര്യങ്ങളും അദ്ദേഹം കേരളവുമായി താരതമ്യം ചെയ്‌തെന്നും പ്രമോദ് പറഞ്ഞിരുന്നു.
അതേസമയം ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത് ജനുവരി 19ന് തിയേറ്ററിലെത്തിയ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.