മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരനാണ് എം.ടി വാസുദേവന്‍ നായര്‍. ഒത്തിരി മികച്ച ചിത്രങ്ങളിലൂടെ മലയാളി സിനിമാസ്വാദകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഗോഡ് ഫാദറാണ് അദ്ദേഹം.
ഗുരുതുല്യനായ എം.ടിയെ അനുസ്മരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിലാണ് മമ്മൂട്ടി എം.ടിയുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നത്.
1989ല്‍ എം.ടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന സിനിമയെ കുറിച്ചാണ് മമ്മൂട്ടി സംസാരിക്കുന്നത്.
‘വടക്കന്‍ പാട്ടുകളുടെ പൊളിച്ചെഴുത്താണ് ഒരു വടക്കന്‍ വീരഗാഥ. എം.ടിയുടെ തൂലികയില്‍ പിറന്ന ശക്തമായ ചലച്ചിത്രകാവ്യം. ചന്തുവിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ സിനിമയ്ക്കായൊരു തലം സൃഷ്ടിക്കുകയെന്ന വലിയൊരു സാഹസമാണ് അദ്ദേഹം നടത്തിയത്.
എം.ടി സിനിമയില്‍ ശ്രമിച്ചതും വലിയൊരു മാറ്റമുണ്ടാക്കാനാണ്. വര്‍ഷങ്ങളായി ചതിയനെന്ന മുദ്ര പേറിയ ഒരു കഥാപാത്രത്തിന് അദ്ദേഹത്തിന്റെ എഴുത്തിലൂടെ മറ്റൊരു മാനം കൈവന്നു. ചന്തുവിന്റെ ഭാഗത്തു നിന്ന് കഥകളെ നോക്കിക്കാണാനാണ് വടക്കന്‍ വീരഗാഥ ശ്രമിച്ചത്,’ മമ്മൂട്ടി പറഞ്ഞു.
ഇത്തരത്തിലൊരു വേഷത്തേയും സിനിമയേയും കുറിച്ച് കേട്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു പോയെന്നും കഥയ്ക്കു മുകളില്‍ വാള്‍ക്കരുത്തും അടവുകളും സംഭാഷണങ്ങളും നിറഞ്ഞു നിന്നെന്നും മമ്മൂട്ടി പറയുന്നു.
‘എം.ടി ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ എനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഇല്ല. നിരുപാധികം അംഗീകരിക്കുക മാത്രം. അദ്ദേഹം എനിക്ക് ഗുരുതുല്യനും ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമാണ്.
എന്റെ സിനിമാ പ്രവേശത്തിനു മുന്‍പ് കണ്ണാടിക്കു മുന്‍പില്‍നിന്ന് അഭിനയിച്ച് പരിശീലിച്ചതിലധികവും അദ്ദേഹത്തിന്റെ നോവലിലേയും കഥകളിലേയും കഥാപാത്രങ്ങളായിരുന്നു. വളരെക്കാലം എന്റെ സംസാരശൈലിയില്‍ പോലും ഇത്തരം കഥാപാത്രങ്ങളുടെ ഭാഷാശൈലിയുടെ സ്വാധീനമുണ്ടായിരുന്നു’, മമ്മൂട്ടി പറഞ്ഞു.
പഞ്ച് ഡയലോഗുകളാണ് വടക്കന്‍ വീരഗാഥയുടെ മറ്റൊരു പ്രത്യേകതയെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടുന്നു. ‘പിഴവുകളില്ലാത്ത തിരക്കഥയുടെ ദൃശ്യവല്‍കരണമാണ് വീരഗാഥയുടെ ഭംഗി. മനുഷ്യ സഹജമായ എല്ലാ വികാരങ്ങളും കഥ പറച്ചിലിന് അകമ്പടിയായി വന്നു പോകുന്നുന്നുണ്ട്.
അഭിനയ ജീവിതത്തിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്ന് ചന്തു തന്നെയാണ്. കാലത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്ന കലാസൃഷ്ടികളാണ് എം. ടിയില്‍ നിന്നും ജനിച്ച ചന്തുവും ഒരു വടക്കന്‍ വീരഗാഥയെന്ന സിനിമയും. ഭാഷ നിലനില്‍ക്കുന്ന കാലത്തോളം ആ എഴുത്തുകള്‍ക്ക് മങ്ങലേല്‍ക്കില്ല’, മമ്മൂട്ടി പറഞ്ഞു.