| Saturday, 8th October 2022, 1:49 pm

റോഷാക്കില്‍ കാണിക്കുന്ന ബംഗ്ലാവ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു; ഒടുവില്‍ കോണ്‍ക്രീറ്റ് വെച്ച് പണിതു; കാറ് വാങ്ങിയ ശേഷം ഇടിച്ചുപൊളിച്ചെടുത്തു: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഒരു മികച്ച കഥാപാത്രമാണ് ലൂക്ക് ആന്റണിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മമ്മൂട്ടിയുടേത് മാത്രമല്ല ചിത്രത്തില്‍ അഭിനയിച്ച ഓരോരുത്തരുടേയും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെയാണ് റോഷാക്കിലേതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു.

മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷന്‍ ഹൗസായ മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് നിര്‍മിച്ചിരിക്കുന്നത്. സിനിമയ്ക്കായി നടത്തിയ ചില പരിശ്രമങ്ങളെ കുറിച്ചും ലൊക്കേഷനെ കുറിച്ചും സിനിമയില്‍ കാണിക്കുന്ന ബംഗ്ലാവ് നിര്‍മിച്ചെടുത്തതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മമ്മൂട്ടി.

‘ഒരു സിനിമ നിര്‍മിക്കുക എന്ന് പറയുന്നത് അത്ര സുഖമുള്ള കാര്യമൊന്നുമില്ല. പിന്നെ നമുക്ക് ഒരു എക്‌സൈറ്റ്‌മെന്റുണ്ട്. നമ്മള്‍ നമുക്ക് ഇഷ്ടപ്പെട്ട സിനിമ എടുക്കുന്നു, നമ്മുടെ ചെറിയ സജഷന്‍സും നിര്‍ദേശങ്ങളുമൊക്കെ നമുക്ക് വെക്കാം. അതില്ലെന്നല്ല എന്നാലും ചില സിനിമകള്‍ക്കൊന്നും ആളുകള്‍ അതിന് തയ്യാറായി എന്ന് വരില്ല’, മമ്മൂട്ടി പറഞ്ഞു.

റോഷാക്കില്‍ നിങ്ങള്‍ ഇതേ പോലെ ചെയ്യൂ എന്നായിരുന്നില്ല മമ്മൂക്ക പറഞ്ഞതെന്നും ഞാന്‍ എന്താണ് ചെയ്തു തരേണ്ടത് എന്ന് ചോദിക്കുകയായിരുന്നു എന്നുമാണ് നടന്‍ ജഗദീഷ് പറഞ്ഞത്. ‘നിസാം ബഷീര്‍ ചോദിച്ച എല്ലാ കാര്യങ്ങളും മമ്മൂക്ക കൊടുത്തിട്ടുണ്ട്. ലൊക്കേഷനാണെങ്കില്‍ പോലും വളരെ ബുദ്ധിമുട്ടിയാണ് കണ്ടുപിടിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ലൊക്കേഷനാണ്. നിസാമും ക്യാമറാമാനും എല്ലാം ചേര്‍ന്നാണ് അത് കണ്ടെത്തിയത്,’ ജഗദീഷ് പറഞ്ഞു.

റോഷാക്കില്‍ കാണുന്ന ആ ബംഗ്ലാവ് നിര്‍മിച്ചതിനെ കുറിച്ചും അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.’ പണിതീരാത്ത ഒരു വലിയ ബംഗ്ലാവ് വേണം. പടത്തിലെ പ്രധാനപ്പെട്ട ഒരു ലൊക്കേഷനാണ് അങ്ങനെ ഒരു വീട്. അത് കിട്ടാന്‍ സാധ്യത കുറവാണ്. ആരും തരികയുമില്ല. ഇത് നമുക്ക് ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. പക്ഷേ ഒടുവില്‍ ഞങ്ങള്‍ അങ്ങനെ ഒരു ബംഗ്ലാവ് പണിതു.

എല്ലാവര്‍ക്കും കയറാന്‍ പറ്റണം, രണ്ടാം നിലയിലടക്കം നില്‍ക്കാനും പറ്റണം. അതുകൊണ്ട് തന്നെ കോണ്‍ക്രീറ്റ് ഇട്ടാണ് പണിതത്. പിന്നീട് അതില്‍ പലകയടിച്ച് സെറ്റ് ചെയ്തു. അതുപോലെ സിനിമയില്‍ കാറിന് വലിയ റോളുണ്ട്.

ആക്‌സിഡന്റായ ഒരു കാറാണ് വേണ്ടത്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് പുതിയ കാറാണ്. ആദ്യം ഞങ്ങള്‍ കാര്‍ വെളിയില്‍ നിന്ന് വരുത്തിക്കാമെന്നാണ് കരുതിയത്. ഉപയോഗിച്ച കാര്‍ കിട്ടുമെന്നൊക്കെയാണ് കണക്കുകൂട്ടിയത്. ശ്രമിച്ചെങ്കിലും കിട്ടിയില്ല. അതിന് കൊടുത്ത കാശും പോയി.

സിനിമയില്‍ കാറും അതിന്റെ ശബ്ദവും യാത്രകളുമെല്ലാം പ്രധാനമാണ്. അങ്ങനെ ഇവിടെ തന്നെ ഒരാളുടെ അടുത്ത് നിന്ന് പുതിയ കാറ് വാടകയ്ക്ക് എടുത്തു. മുന്‍ഭാഗമൊക്കെ ഇടിച്ചുകളഞ്ഞ് കളര്‍ മാറ്റി. പടത്തില്‍ മൊത്തം കാര്‍ ഇടിച്ച രൂപത്തിലാണ് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യം ഇതിന്റെ പാര്‍ട്‌സ് ഒക്കെ എടുത്ത് പുള്ളിക്കാരന് തന്നെ കൊടുത്തിട്ട് ആ ഭാഗം ഇടിച്ചു ചതപ്പിച്ചു. അതൊക്കെ വലിയ സാഹസ പരിപാടിയാണ്. അതും നമ്മുടെ ഷൂട്ടിനെ കുറച്ച് വൈകിപ്പിച്ചിട്ടുണ്ട്, മമ്മൂട്ടി പറഞ്ഞു.

Content Highlight: Actor Mammootty About the bunglow on Rorschach Movie and the car

Latest Stories

We use cookies to give you the best possible experience. Learn more