റൊഷാക്കിലെ നായകന്‍ ഷറഫുദ്ദീനാണ്, കഥയെ നയിക്കുന്നത് അവനാണ്: മമ്മൂട്ടി
Movie Day
റൊഷാക്കിലെ നായകന്‍ ഷറഫുദ്ദീനാണ്, കഥയെ നയിക്കുന്നത് അവനാണ്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th October 2022, 1:59 pm

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തുകയാണ്.

ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍, സഞ്ജു ശിവറാം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

റൊഷാക്കിലെ താരങ്ങളുടെ പ്രകടനത്തെ കുറിച്ചും സിനിമയെ മുന്നോട്ടു നയിക്കുന്ന നായക കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മമ്മൂട്ടി. റൊഷാക്കിലെ യഥാര്‍ത്ഥ നായകന്‍ ഷറഫുദ്ദീന്‍ ആണെന്നാണ് മമ്മൂട്ടി പറയുന്നത്. കഥയെ നയിക്കുന്നത് ഷറഫുദ്ദീന്റെ കഥാപാത്രമാണെന്നും മമ്മൂട്ടി പറഞ്ഞു.

‘ ഈ പടത്തില്‍ ഒരു നായകന്‍ എന്ന് പറയാവുന്ന, കഥയെ നയിക്കുന്ന ആള്‍ ഷറഫുദ്ദീന്‍ ആണ്. ഇതൊരു ത്രില്ലര്‍ സിനിമയാണ്. കോമഡി ത്രില്ലറല്ല. ഏത് ഗണത്തില്‍ വരുമെന്ന് നിങ്ങള്‍ക്ക് കണ്ട ശേഷം തീരുമാനിക്കാം. പിന്നെ മേജര്‍ റോള്‍ ചെയ്ത മറ്റൊരാള്‍ ബിന്ദു പണിക്കരാണ്. ബിന്ദു പണിക്കര്‍ വളരെയേറെ സാധ്യതയുള്ള വേഷമാണ് ചെയ്തത്. ബ്രില്യന്‍ റോളും ബ്രില്യന്റ് പെര്‍ഫോമന്‍സുമാണ്.

പിന്നെ നസീറൊക്കെ നല്ല ആക്ടറാണെന്ന് പ്രൂവ് ചെയ്യാന്‍ കിട്ടിയ അവസരം പരിപൂര്‍ണമായി ഉപയോഗപ്പെടുത്തിയ പടം കൂടിയാണ് ഇത്.

ഇവരൊന്നും കോമഡിക്കാരല്ല. വന്‍ സീരിയസ് ആറ്റം ബോബുകളാണ്. വന്‍ പ്രകടനമാണ് ഇവരുടേത്. ഇവരിലുള്ള കോമഡി അല്ലാത്ത ആക്ടറെ വെളിയില്‍ കൊണ്ടുവരുക എന്ന ദുരുദ്ദേശമായിരുന്നു നമുക്ക്.

കോമഡി താരങ്ങള്‍ ആയതുകാണ്ടല്ല ഇവര്‍ സിനിമയിലെത്തിയത്. ഇവരുടെയൊക്കെ രൂപത്തിനും ഭാവത്തിനും പറ്റിയ കഥാപാത്രങ്ങള്‍ക്ക് അപ്പുറത്തേക്ക് അങ്ങനെ ഒരു പരിവേഷം ഇല്ല.

ജഗദീഷായാലും നസീറായാലും മണിയായാലും നമ്മള്‍ കണ്ടിട്ടുണ്ട്. ജഗദീഷൊക്കെ അത് നേരത്തെ പ്രൂവ് ചെയ്ത കഴിഞ്ഞതാണ്. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആയിട്ടാണ് ജഗദീഷ് എത്തുന്നത്.

പിന്നെ മണിയെയൊക്കെ നിങ്ങള് മറിമായത്തിലൊക്കെ കണ്ടതല്ലേ. പിന്നെ നസീറൊക്കെ എന്തും ചെയ്യും. നസീറിനെ കണ്ട് നിങ്ങള്‍ക്ക് പേടിക്കാം, മമ്മൂട്ടി പറഞ്ഞു.

കൂടുതലും പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നതിനെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു. പുതിയ സംവിധായകര്‍ക്ക് പുതിയ കാര്യം പറയാനുണ്ടാവും എന്നതുകൊണ്ടാണ് അത്. ഇത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞ കാര്യമാണ്. പിന്നെ നമുക്ക് കൂടി ഒരു കോണ്‍ഫിഡന്‍സുണ്ടാകും. നമുക്ക് കൂടി പ്രയോജനം ഉള്ള കാര്യമല്ലേ നമ്മള്‍ ചെയ്യുന്നത്. അല്ലാതെ ത്യാഗമല്ലല്ലോ, മമ്മൂട്ടി പറഞ്ഞു.

Content Highlight: Actor Mammootty about Rorchach Movie and Actor Sharafudheen