| Tuesday, 10th May 2022, 12:38 pm

ഇത് പുറത്തുപറയേണ്ട എന്ന് വിചാരിച്ചതാണ്, പക്ഷേ നിങ്ങള്‍ പറയിപ്പിച്ചു: പുതിയ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യുന്നതിന് പിന്നിലെ രഹസ്യം പറഞ്ഞ് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ സംവിധായകരുമൊത്ത് സിനിമകള്‍ ചെയ്യാന്‍ താത്പര്യപ്പെടുന്ന നടനാണ് മമ്മൂട്ടി. എല്ലാ കാലഘട്ടത്തിലും അത്തരത്തില്‍ നവാഗതരായ സംവിധായകര്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്.

മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുഴു എന്ന ചിത്രത്തിലടക്കം നവാഗത സംവിധായകരെ തന്നെയാണ് മമ്മൂട്ടി പരീക്ഷിക്കുന്നത്. ഇത്തരത്തില്‍ നവാഗതര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ വന്നകാലം മുതലേ ഇങ്ങനെ തന്നെയാണ്. ഞാന്‍ സിനിമയില്‍ വന്ന സമയത്ത് ഒരുപാട് പുതിയ സംവിധായകര്‍ കൂടി വന്നിരുന്നു. ഞങ്ങള്‍ അന്നത്തെ പുതിയ ജനറേഷന്‍ ആക്ടേഴ്‌സാണ്. അപ്പോള് പുതിയ ജനറേഷന്‍ ഡയരക്ടേഴ്‌സും നമ്മളെ തന്നെ ചൂസ് ചെയ്യുമായിരുന്നു. കുറച്ചുകൂടി നമ്മള്‍ അറിയപ്പെടുകയും നമ്മളേക്കാള്‍ കുറച്ച് പിറകില്‍ നില്‍ക്കുന്ന സംവിധായകര്‍ മുന്നോട്ടുവരികയും ചെയ്യുമ്പോഴാണല്ലോ അത് ശ്രദ്ധിക്കപ്പെടുന്നത്. നമ്മുടെ ഒപ്പമുള്ള ഒരുപാട് പേര്‍ അത്തരത്തിലുണ്ട്, മമ്മൂട്ടി പറഞ്ഞു.

എന്തുകൊണ്ടാണ് പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘പുതിയ ഡയരക്ടര്‍മാര്‍ക്ക് എന്തെങ്കിലും ഒരു പുതിയ കാര്യം അറ്റ് ലീസ്റ്റ് ഒരു പ്രാവശ്യമെങ്കിലും എന്നെ വെച്ച് ചെയ്യാനുണ്ടാകും. അത് നമ്മള്‍ മുതലാക്കുന്നു. അതാണ് അതിന്റെ സത്യം. ഇത് പുറത്തുപറയേണ്ട എന്ന് വിചാരിച്ചതാണ്. പക്ഷേ നിങ്ങള്‍ പറയിപ്പിച്ചു,’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി.

പുഴു എന്ന സിനിമയില്‍ നെഗറ്റീവ് കഥാപാത്രം ചെയ്യാനുള്ള തീരുമാനത്തെ കുറിച്ചും മമ്മൂട്ടി അഭിമുഖത്തില്‍ സംസാരിച്ചു.

മറ്റൊന്നും വിചാരിച്ച് ചെയ്തതല്ല ഇത്. പ്രേക്ഷകരെ വിശ്വസിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ തരമില്ല. അവരെ വിശ്വസിക്കാം. അത് വിശ്വസിച്ചാണ് ഇറങ്ങുന്നത്.

പിന്നെ അവരുടെ വിശ്വാസമല്ല തെറ്റുന്നത്. അവര്‍ നമ്മളെ വിശ്വസിക്കുന്നതിലാണ് തെറ്റിപ്പോകുന്നത്. അവര്‍ക്ക് നമ്മളെ വിശ്വാസമാണ്. അവരുടെ വിശ്വാസം നമ്മള്‍ കാക്കാതിരിക്കുമ്പോഴാണ് തെറ്റുപറ്റുന്നത്. പ്രേക്ഷകനും നടനും തമ്മില്‍ അല്ലെങ്കില്‍ പ്രേക്ഷകനും സിനിമയും തമ്മിലുള്ള ഒരു ബാന്ധവമാണ്. അത് കൃത്യമായിരുന്നാല്‍ മതി, മമ്മൂട്ടി പറഞ്ഞു.

പുഴുവില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറും ടീസറും നല്‍കുന്ന സൂചനകള്‍. 13ാം തിയതിയാണ് ചിത്രം ഒ.ടി.ടി റിലീസായി സോണി ലിവിലൂടെ എത്തുന്നത്.

തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം.

ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും. സംഗീതം ജേക്‌സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി എന്നിവരുമാണ്. ദുല്‍ഖറിന്റെ സല്യൂട്ടിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രവും ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.

Content Highlight: Actor Mammootty about Puzhu Movie

We use cookies to give you the best possible experience. Learn more