| Thursday, 19th January 2023, 5:31 pm

ഒരു ശല്യം പോലെ തോന്നിയിട്ട് ഞാന്‍ ചോദിച്ചു, നിങ്ങളെന്താ ഇവിടെ, എന്താ പ്രശ്‌നം എന്ന്; നായികയാണെന്ന് അറിഞ്ഞത് അപ്പോഴാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഇന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ജയിംസ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സാലിയെ അവതരിപ്പിച്ചത് നടി രമ്യയായിരുന്നു. നന്‍പകലിന്റെ സെറ്റില്‍ രമ്യയെ കണ്ടതിനെ കുറിച്ചും അവരെ മനസിലാകാതിരുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മമ്മൂട്ടി. രമ്യയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നെന്നും അവിടെ ഹണിമൂണിനോ മറ്റോ വന്ന ഏതോ യുവ മിഥുങ്ങള്‍ ആണെന്നാണ് താന്‍ ആദ്യം കരുതിയതെന്നുമാണ് മമ്മൂട്ടി പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി

‘രമ്യ എന്ന് പറയുന്ന ഇദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു. എനിക്കൊരു ഭാര്യ കഥാപാത്രം ഉണ്ടെന്ന് അറിയാം. പക്ഷേ ആരാണ് ചെയ്യുന്നതെന്നൊന്നും അറിയില്ല. രമ്യയും ഭര്‍ത്താവും അവിടെയുണ്ട്. ഞാന്‍ കരുതിയത് ഇവര്‍ ഈ കൊടൈക്കനാലില്‍ ഹണിമൂണിനോ മറ്റോ വന്നവരാണെന്നാണ്. കൊടൈക്കനാലില്‍ കറങ്ങി നടക്കുന്ന യുവ മിധുനങ്ങള്‍ ആണെന്നാണ് ഞാന്‍ വിചാരിച്ചത്.

കാരണം രണ്ട് മൂന്ന് ദിവസമായി ഞാന്‍ നോക്കുമ്പോള്‍ ഇവര്‍ അവിടെ ഇങ്ങനെ കറങ്ങുന്നുണ്ട്. നമ്മള്‍ ഷൂട്ട് ചെയ്യുന്നിടത്തൊക്കെ വന്നു നില്‍ക്കുന്നുണ്ട്. പിറകിലൊക്കെ വന്നു നിന്ന് കണ്ണ് മിഴിച്ചു നോക്കുകയാണ്, ഭയങ്കര ഡീറ്റൈല്‍ ആയിട്ടൊക്കെ. അപ്പോള്‍ നമുക്ക് ഒരു ശല്യം പോലെയൊക്കെ തോന്നിയിട്ട് ഞാന്‍ ചോദിച്ചു, നിങ്ങളെന്താ ഇവിടെ, എന്താ പ്രശ്‌നം എന്ന്.

ഞാന്‍ അഭിനയിക്കാന്‍ വന്നതാ എന്നായിരുന്നു അപ്പോള്‍ എന്നോട് പറഞ്ഞത്. ഏതാ റോള്‍ എന്ന് ചോദിച്ചപ്പോള്‍ സാലി എന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ അറിയുന്നത്. അത്രയേ എനിക്ക് ഈ സിനിമയുടെ കാസ്റ്റിനെ പറ്റി അറിയുകയുള്ളൂ. അതുപോലെ അറ്റ്‌ലിയുടെ റോള്‍ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. പുള്ളിയേയും അവിടെ കണ്ടിട്ടുണ്ട് എന്നല്ലാതെ കൂടുതല്‍ അറിയില്ല. അശോകന്റെ റോളിനെ കുറിച്ച് അറിയാമായിരുന്നു. ബാക്കി എല്ലാവരും പുതിയ ആളുകളാണ്. പലരേയും അറിയില്ലായിരുന്നു,’മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ നായിക എന്നത് വലിയ ഉത്തരവാദിത്തം തന്നെയാണെന്നും സിനിമ എനിക്ക് പറ്റിയ പണിയാണോ എന്ന് അത് കണ്ടവര്‍ ആണ് പറയേണ്ടത് എന്നുമായിരുന്നു രമ്യയുടെ മറുപടി. ഐ.എഫ്.എഫ്.കെയില്‍ ആദ്യം പടം കണ്ടിരുന്നെന്നും രമ്യ അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച ചിത്രം എന്ന പ്രേത്യേകത കൂടി നന്‍പകല്‍ നേരത്ത് മയക്കത്തിനുണ്ട്. എസ്. ഹരീഷിന്റെ തിരക്കഥയില്‍ തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അശോകന്‍, രമ്യ പാണ്ഡ്യന്‍, അശ്വന്ത് അശോക് കുമാര്‍, ഗിരീഷ് പെരിഞ്ചീരി, സഞ്ജന ദിപു, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Actor mammootty about Nanpakal Nerathu Mayakkam Actress Remya

We use cookies to give you the best possible experience. Learn more