താന്‍ കഥാപാത്രങ്ങള്‍ക്ക് അല്ല അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് നടന്‍ മമ്മൂട്ടി. പോക്കിരിരാജ സിനിമയിലേതു പോലുള്ള കഥാപാത്രവും ഭൂതകണ്ണാടി പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളെയും കാണുന്നത് ഒരുപോലെയാണെന്നും മമ്മൂട്ടി പറഞ്ഞു.
കഥാപാത്രത്തിന്റെ രൂപഘടനയോ വലുപ്പ ചെറുപ്പമോ നോക്കുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. പോക്കിരിരാജയിലേത് പോലുള്ള സിനിമകളാണോ അതോ ഭൂതകണ്ണാടി പോലുള്ള കഥാപാത്രങ്ങളാണോ മമ്മൂട്ടി ആസ്വദിക്കാറുള്ളത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
കഥാപാത്രത്തെ താന്‍ ഇതുവരെ നോക്കിയിട്ടില്ലെന്നും അവയെല്ലാം താന്‍ വളരെ സിന്‍സിയറായിട്ടാണ് ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞു. ചോദ്യം വളരെ വേദനാജനകമാണെന്നും ഇനി ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
”ഞാന്‍ അഭിനയം ആസ്വദിക്കുന്ന ആളാണ്. അല്ലാതെ കഥാപാത്രങ്ങളെയല്ല ഞാന്‍ എന്‍ജോയ് ചെയ്യുന്നത്. അല്ലെങ്കില്‍ ഒരു സത്യസന്ധതയില്ലാത്ത ആളായി പോകും ഞാന്‍. പോക്കിരിരാജ എന്ന സിനിമയില്‍ അഭിനയിച്ചത് ഞാന്‍ ആസ്വദിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു കള്ളനാണ്. അങ്ങനെ ഒരു കള്ളനല്ല ഞാന്‍.
ആ സിനിമയും ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. നന്‍പകല്‍ നേരത്ത് മയക്കത്തിലേത് പോലുള്ള കഥാപാത്രങ്ങളും ഞാന്‍ ആസ്വദിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ രൂപഘടനയോ വലുപ്പ ചെറുപ്പമോ ഒന്നും ഞാന്‍ നോക്കുന്നില്ല.
നല്ലൊരു നടനാവുക എന്നതിനാണ് ഞാന്‍ മുന്‍തൂക്കം വെക്കുന്നത്. അവിടെ കഥാപാത്രത്തെ ഞാന്‍ നോക്കാറില്ല. നിങ്ങളുടെ ഈ ചോദ്യം വളരെ വേദനാജനകമാണ്. കാരണം അത് ഞാന്‍ വളരെ സിന്‍സിയറായിട്ട് ചെയ്ത ആളാണ്. അതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും ഇതാണ് ഇഷ്ടപ്പെടുന്നതെന്നും പറയുന്നത് വളരെ സങ്കടകരമാണ്. അതു ചോദിക്കരുത് ഇനി,” മമ്മൂട്ടി പറഞ്ഞു.
അതേസമയം നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19നാണ് റിലീസ് ചെയ്യുക. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി നന്‍പകലിലെത്തുന്നത്.
content highlight: actor mammootty about nanpakal nerath mayakkam