കൊച്ചി: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ആശംസ നേര്‍ന്ന് നടന്‍ മമ്മൂട്ടി. സംവിധാന രംഗത്തേക്ക് അരയും തലയും മുറുക്കി മോഹന്‍ലാല്‍ ഇറങ്ങിയിരിക്കുകയാണെന്നും ലാലിന് പുതിയ സംരംഭത്തില്‍ എല്ലാ വിധ പിന്തുണയും ആശംസകളും അറിയിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.
‘ഒരു വലിയ സംരംഭത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മള്‍ എല്ലാവരും. മലയാള സിനിമയില്‍ ഒരുപാട് നടന്‍മാര്‍ സംവിധായകര്‍ ആയിട്ടുണ്ട്. പക്ഷെ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമ്മളുടെ എണ്ണം കുറവാണ്. ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്.
ഇപ്പോള്‍ അരയും തലയും മുറുക്കി മോഹന്‍ലാലും ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്. എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മള്‍ കരുതുന്നത്.
40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയും എല്ലാം കണ്ടും കേട്ടും അനുഭവിച്ചും ആണ് ഞങ്ങളീ 40 വര്‍ഷം സഞ്ചരിച്ചത്.
ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ഞങ്ങള്‍ സിനിമയോടൊപ്പമാണ് വളര്‍ന്നത്. മലയാള സിനിമ വളര്‍ന്ന് രാജ്യാന്തരങ്ങളും ലോകാന്തരങ്ങളുമൊക്കെ കടന്ന് ഇപ്പോള്‍ ബറോസില്‍ എത്തി നില്‍ക്കുകയാണ്.
ഈ നിമിഷം ഒരു പക്ഷെ മലയാളികള്‍ക്ക് എന്നും അഭിമാനിക്കാനും ആഹ്ളാദിക്കാനും പറ്റിയ ഒരു സുന്ദര നിമിഷമാണ്.
ഇത് നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹന്‍ലാല്‍ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ്.
ഇത് മലയാളി പ്രേക്ഷകര്‍ക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള ഒരു സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരുപാട് രാജ്യങ്ങള്‍ കടന്ന്, ഭാഷകള്‍ നടന്ന്, നാടുകള്‍ കടന്ന് എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി മാറുമെന്നാണ്
നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സിനിമയുടെ തുടക്കത്തിന് ഭാഗമാകാന്‍ ഇവിടെ എത്തിച്ചേരാന്‍ സാധ്യമായത് തന്നെ മഹാ ഭാഗ്യമായി ഞാന്‍ കാണുന്നു.
എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് വേറെ എന്തോ വൈകാരികമായി ഞങ്ങളെ അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ്വ പിന്തുണയും, എല്ലാ സ്‌നേഹവും എല്ലാ ആശംസയും നേരുന്നു.’, മമ്മൂട്ടി പറഞ്ഞു.
സിനിമാ രംഗത്തുള്ള നിരവധിപേരാണ് നവോദയ സ്റ്റുഡിയോയില്‍ നടക്കുന്ന പൂജ ചടങ്ങിനായെത്തിയിട്ടുള്ളത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ഉണ്ട്.
ഗോവയും പോര്‍ച്ചുഗലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ ബാറോസായി അഭിനയിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്.
സ്പാനിഷ് നടി പാസ് വേഗ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും അഭിനയിക്കും.
ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Mammootty About Mohanlal And Barroz