| Tuesday, 22nd March 2022, 5:58 pm

ഇനിയിപ്പോള്‍ അമേരിക്കയില്‍ കൂടി നടക്കുമ്പോള്‍ 'ഹായ് മമ്മൂട്ടി' എന്നൊക്കെ ആരെങ്കിലും വിളിച്ചാല്‍ രസമല്ലേ; മമ്മൂട്ടി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ചും ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മലയാള സിനിമ എത്തുന്നതിനെ കുറിച്ചും മനസുതുറന്ന് നടന്‍ മമ്മൂട്ടി. കൊവിഡിന്റെ ശേഷമുള്ള സിനിമ പുതിയ പ്രേക്ഷക സമൂഹത്തെ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.

‘കൊവിഡൊക്കെ അവസാനിച്ചു. പുത്തന്‍ ഉണര്‍വോടെ സിനിമ ആരംഭിക്കുകയാണ്. നേരത്തെ എടുത്തുവെച്ച ഒരുപാട് സിനിമകളുണ്ട്. ഇനി വരാന്‍ പോകുന്ന സിനിമകളുണ്ട്. പിന്നെ ഈ കൊവിഡ് കാലത്ത് വലിയ വ്യത്യാസം എന്ന് പറയുന്നത് പുതിയ കുറേ സിനിമാ പ്രേക്ഷകര്‍ ഉണ്ടായി എന്നതാണ്.

ആ പുതിയ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള സിനിമകളായിരിക്കും ഇനി നിര്‍മിക്കപ്പെടാന്‍ പോകുന്നത്. ഇതുവരെയുള്ളതൊക്കെ കൊവിഡിലും കൊവിഡിന് മുന്‍പും കൊവിഡ് കാലത്തുമൊക്കെ എടുത്ത സിനിമകളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഇനി കൊവിഡിന് ശേഷമുണ്ടാകുന്ന സിനിമകള്‍ പുതിയ പ്രേക്ഷക സമൂഹത്തെ ഉണ്ടാക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് സിനിമകള്‍ പ്രേക്ഷകരുടെ മുന്‍പില്‍ ഇങ്ങനെ തുറന്നുവരികയും പുതിയ സിനിമാ വിദ്യാഭ്യാസമുണ്ടാക്കുകയും ചെയ്യും. അതിന് ശേഷമുള്ള പ്രേക്ഷകരെ ഇത്തരം സിനിമകള്‍ എങ്ങനെയാണ് ഫേസ് ചെയ്യാന്‍ പോകുന്നതെന്നുള്ളതാണ് ഇപ്പോള്‍ നമ്മള്‍ ആലോചിക്കുന്നത്, മമ്മൂട്ടി പറഞ്ഞു.

മലയാള സിനിമയ്ക്ക് ഇപ്പോള്‍ ഏറ്റവും വലിയ അഡ്വാന്‍ഡേജ് എന്ന് പറഞ്ഞാല്‍ മലയാള സിനിമ ലോകം മുഴുവനുമുള്ള മലയാളികള്‍ അല്ലാത്തവര്‍ കണ്ടു തുടങ്ങുന്നു എന്നതാണ്. അത് വളരെ വളരെ സന്തോഷകരമല്ലേ. നമ്മള്‍ ഇനിയിപ്പോള്‍ അമേരിക്കയില്‍ കൂടി നടക്കുമ്പോള്‍ ‘ഹായ് മമ്മൂട്ടി’ എന്നൊക്കെ ആരെങ്കിലും വിളിച്ചാല്‍ രസമല്ലേ, അങ്ങനെ ആലോചിക്കാന്‍ പോലും വയ്യ ഇപ്പോള്‍. ബട്ട് സ്റ്റില്‍(ചിരി).

നമ്മുടെ സിനിമ ലോകം മുഴുവന്‍ എത്തുന്നു എന്നത് ഭയങ്കര ഇന്‍സ്പിരേഷനാണ്. നമ്മുടെ മുന്‍പിലേക്ക് വലിയൊരു സിനിമയുടെ പ്രേക്ഷക ലോകം തുറന്നുകിട്ടുക എന്ന് പറഞ്ഞാല്‍ അതിന്റെയൊരു സ്പിരിറ്റുണ്ടല്ലോ, ആ ആവേശം. അത് ശരിക്കും ഭയങ്കരമായ ക്രിയേറ്റിവിറ്റി കൊണ്ടാണ്, മമ്മൂട്ടി പറഞ്ഞു.

തന്നെ സംബന്ധിച്ച് ഓരോ സിനിമയും ഓരോ എക്‌സ്പീരിയന്‍സ് ആണെന്നും പഴയ സിനിമയിലെ അതേ സാധനം കൊണ്ടിറക്കാന്‍ പറ്റിയ പരിപാടിയല്ല ഇതെന്നും മമ്മൂട്ടി പറഞ്ഞു.

ഒരു സിനിമ ഇറങ്ങിയാല്‍ ചര്‍ച്ചകളൊക്കെ ഉണ്ടാകും. ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ് ഒരു സിനിമ എടുക്കാന്‍ ഒക്കില്ല. സിനിമ ചെയ്യട്ടെ, അതുപോലെ ചര്‍ച്ചകളും നടക്കട്ടെ. അത്തരത്തില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് പടം ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ നന്മ, തിന്മ എല്ലാം. അത്തരത്തില്‍ എല്ലാര്‍ക്കും സ്വാതന്ത്ര്യം ഉണ്ടല്ലോ. എന്തും പറയാം ആര്‍ക്കും പറയാം. എപ്പോഴും പറയാം., മമ്മൂട്ടി പറഞ്ഞു.

മമ്മൂക്ക ചെയ്ത ഏതെങ്കിലും കഥാപാത്രങ്ങളില്‍ മമ്മൂക്കയെന്ന വ്യക്തി കയറിവന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തി കയറി വരുന്നില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ചില കഥാപാത്രങ്ങളിലൊക്കെ അങ്ങനെ കയറി വരുമെന്നും പക്ഷേ അത് നമ്മുടെ കഥാപാത്രത്തിന്റെ ആരോഗ്യക്കുറവ് കൊണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു.

ഒരു കാരണവശാലും അത്തരത്തില്‍ വരുത്തരുത് എന്ന് കരുതി മനപൂര്‍വമായ ശ്രമങ്ങള്‍ ഞാന്‍ നടത്താറുണ്ട്. എന്തെങ്കിലും ഒരു മാറ്റം കഥാപാത്രങ്ങളില്‍ ഉണ്ടാകും. പിന്നെ ചില പ്രത്യേക ചില മാനറിസങ്ങള്‍ സംവിധായകര് ഉപയോഗിക്കും. പക്ഷേ ഞാന്‍ സ്ഥിരമായി അങ്ങനെ ഒരു മാനറിസത്തില്‍ അറിയപ്പെടുന്നില്ല. ഇങ്ങനെ വരുമ്പോള്‍ ഇങ്ങനെ കാണിക്കുമെന്നൊന്നും ആളുകള്‍ പ്രതീക്ഷിക്കില്ല. അതുകൊണ്ട് എന്തും കാണിക്കാം(ചിരി) മമ്മൂട്ടി പറഞ്ഞു.

Content Highlight: Actor Mammootty About Malayalam Movies After Covid Pandamic

We use cookies to give you the best possible experience. Learn more