| Thursday, 19th January 2023, 1:05 pm

എന്നില്‍ നിന്നും ഒരു തെറ്റ് സംഭവിച്ചല്ലോ എന്ന ജാള്യത ഉണ്ട്; തിരുത്തിയതിലോ ഓര്‍മ്മപ്പെടുത്തിയതിലോ വിഷമമില്ല: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഒരാളോട് തെറ്റ് ചെയ്താല്‍ ക്ഷമ പറയുന്നതാണ് യഥാര്‍ത്ഥ മനുഷ്യന്റെ സംസ്‌കാരം. ഞാന്‍ ആ സംസ്‌കാരത്തിന്റെ വക്താവാണ്. എന്റെ കയ്യില്‍ നിന്നും അത്തരത്തില്‍ ഒരു തെറ്റ് സംഭവിച്ചല്ലോ എന്നുള്ള ഒരു ജാള്യത എനിക്കുണ്ട്. അല്ലാതെ എന്നെ തിരുത്തിയതിലോ ഓര്‍മ്മപ്പെടുത്തിയതിലോ ഒരു് വിഷമവുമില്ല, മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇത്.

സംസാരത്തിനിടെ നമ്മള്‍ പറയുന്ന ചില കാര്യങ്ങളില്‍ നിന്ന് ഒരു വാക്കൊക്കെ അടര്‍ത്തി മാറ്റി ആരെങ്കിലും ചര്‍ച്ച ചെയ്യുന്നതില്‍ വിഷമമുണ്ടോയെന്ന ചോദ്യത്തത്തിനാണ് മമ്മൂട്ടിയുടെ ഈ മറുപടി.

‘അതിലൊന്നും വിഷമിക്കേണ്ട കാര്യമില്ല. നമ്മളത് ശ്രദ്ധിക്കാതെ പോയല്ലോ എന്നൊരു ജാള്യത ഇല്ലാതില്ല. വ്യക്തിപരമായി കുറച്ചുകൂടി ജാഗ്രത വേണമായിരുന്നു. അത്രയേയുള്ളൂ. ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ്. നമ്മുടെ കാലില്‍ ഒരാള്‍ തട്ടിയാല്‍, നോക്കി നടന്നൂടെ ഡോ എന്ന് ചോദിക്കുന്നതാണ് നമ്മുടെ സംസ്‌കാരം, പക്ഷെ സോറി പറയുന്നതാണ് യഥാര്‍ത്ഥ മനുഷ്യന്റെ സംസ്‌കാരം. ഞാന്‍ ആ സംസ്‌കാരത്തിന്റെ വക്താവാണ്,’ മമ്മൂട്ടി പറഞ്ഞു.

ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെ മമ്മൂട്ടി നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്.

‘ട്രെയ്ലര്‍ കണ്ടതിന് ശേഷം ‘ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ച് മുടി കുറവുണ്ടന്നേയുള്ളു, തലയില്‍ നിറയേ ബുദ്ധിയാണെ’ന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഈ പരാമര്‍ശത്തിന് ശേഷം മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിങ്ങാണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിന് മറുപടിയുമായി മമ്മൂട്ടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ജൂഡ് ആന്തണി അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘എനിക്ക് മുടി ഇല്ലാത്തതില്‍ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്നമില്ല. ഇനി അത്രേം കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നില്‍ ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍,” എന്നായിരുന്നു ജൂഡ് ആന്തണി ഫേസ്ബുക്കില്‍ കുറിച്ചത്.

വിഷയം വിവാദമായതിന് പിന്നാലെ മമ്മൂട്ടി തന്നെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ജൂഡ് ആന്തണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്നും ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി, എന്നുമായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

അന്ന് തനിക്ക് അങ്ങനെ സോറി പറയാന്‍ തോന്നിയതില്‍ സന്തോഷമുണ്ട് എന്ന് വിവിധ അഭിമുഖങ്ങളില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. തിരിച്ചറിവുകളുടെ കാലമാണ് ഇതെന്നും ഇതൊക്കെ കാലം ഉണ്ടാക്കുന്ന മാറ്റമാണെന്നും അതിനൊപ്പം നമ്മള്‍ നിന്നുകൊടുക്കേണ്ടത് ആവശ്യമാണെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

Content Highlight: Actor mammootty about Jude Antony Controversy

We use cookies to give you the best possible experience. Learn more