| Friday, 12th March 2021, 10:20 pm

ഇങ്ങനെയാണ് ഞാന്‍ ജനറേഷന്‍ ഗ്യാപ്പ് ഇല്ലാതാക്കുന്നത്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ മാറ്റങ്ങളും പുതിയ അന്വേഷണങ്ങളുമെല്ലാം അറിയാന്‍ നിരന്തരം ശ്രമിക്കുന്നയാളാണ് താനെന്ന് നടന്‍ മമ്മൂട്ടി. ലോകസിനിമകള്‍ കാണാന്‍ എല്ലാവര്‍ക്കും ഏറെ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും താനും അവരോടോപ്പം ആ ചിത്രങ്ങള്‍ കണ്ടുകൊണ്ടാണ് ജനറേഷന്‍ ഗ്യാപ്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

‘കുട്ടികളെല്ലാവരും പല തരത്തിലുള്ള സിനിമകളിലാണലോ ആകൃഷ്ടരാകുന്നത്. കിം കിം ഡുക്കും ക്രിസ്റ്റഫര്‍ നോളനുമെയെല്ലാം അവര്‍ കാണുന്നുണ്ട്. ലോകസിനിമകള്‍ കാണാന്‍ ഏറെ അവസരങ്ങളുണ്ട് ഇന്ന്. അവരോടൊപ്പം ഞാനും ആ സിനിമകള്‍ കണ്ടുകൊണ്ടാണ് ജനറേഷന്‍ ഗ്യാപ്പ് ഇല്ലാതാക്കുന്നത്,’ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ദി പ്രീസ്റ്റിന്റെ റിലീസിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ വിശ്രമവേളകളും സിനിമയോടപ്പമാണ്. സിനിമയില്‍ പുതുതായി സംഭവിക്കുന്നത് എന്താണെന്ന് അറിയാന്‍ ശ്രമിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നയാളാണ്. അപ്പോള്‍ ഒരാള്‍ പുതിയ സിനിമാസങ്കല്‍പ്പവുമായി, സിനിമയെ പുതിയ രീതിയില്‍ കാണുന്ന ഒരാളെത്തുമ്പോള്‍ അതിനെ സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ദി പ്രീസ്റ്റ് തിയേറ്ററിലെത്തിയതിന് പിന്നാലെ പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി അവസരം നല്‍കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമാലോകത്ത് വീണ്ടും സജീവമായിട്ടുണ്ടായിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റ് സംവിധാനം ചെയ്തത്.

വാര്‍ത്താസമ്മേളനത്തില്‍ നവാഗതര്‍ക്ക് അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ‘ഞാന്‍ പുതുമുഖമായിരുന്നു എന്നുള്ളത് ഒരു കാരണം. ഞാന്‍ പുതുമുഖമാണ് എന്നുള്ളത് രണ്ടാമത്തെ കാര്യം. മൂന്നാമത് ഒരു കാര്യമില്ല.
ഒരു പുതുമുഖ സംവിധായകന്റെ മനസ്സില്‍ പുതിയ സിനിമയായിരിക്കും. ആ സിനിമ എനിക്ക് ഒരു പുതുമയായിരിക്കും, എന്റെ പ്രകടനത്തിലോ കഥാപാത്രത്തിലോ പുതുമ കൊണ്ടുവരും എന്നാണ് പ്രതീക്ഷ. എല്ലാം വിജയമാകണമെന്നില്ല. നമുക്ക് തെരഞ്ഞെടുക്കാനല്ലേ പറ്റൂ. പൂര്‍ത്തികരിക്കാന്‍ പറ്റില്ലല്ലോ.

വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണിത്. ഇനിയും വരാനുണ്ട് കുറേപേര്‍. അത് നിങ്ങളില്‍ ആര്‍ക്കെങ്കിലും ആവേശം പകരുന്നുണ്ടെങ്കില്‍ സന്തോഷം. അങ്ങനെ വന്നതാണ് ജോഫിനും.

സിനിമയെന്ന് പറഞ്ഞ് ഒരുപാട് കാലം അലഞ്ഞുനടന്ന ആളാണ് ഞാന്‍. അന്ന് എനിക്ക് ഒരാള്‍ ചാന്‍സ് തന്നു. പിന്നെ ഞാന്‍ എന്നേക്കൊണ്ട് ആവന്നതുപോലെ ചെയ്താണ് ഇങ്ങനെയെത്തിയത്. അതുപോലെ അവരും വരട്ടെ. ഇത് വലിയ കാര്യമായി കാണേണ്ടതില്ല. എനിക്ക് കിട്ടിയത് തിരിച്ചു കൊടുക്കുന്നു അത്രയേ ഉള്ളൂ,’ മമ്മൂട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor Mammootty about how he try to learn new things and changes in cinema

We use cookies to give you the best possible experience. Learn more