| Thursday, 8th February 2024, 2:13 pm

ഞങ്ങള്‍ തമ്മില്‍ ഒരുപാട് യുദ്ധം ഉണ്ടായിട്ടുണ്ട്, പറയാന്‍ പാടില്ലാത്ത ഭാഷ ഉപയോഗിച്ചിട്ടുണ്ട്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഒരുകാലത്ത് താന്‍ ആരാധിച്ചിരുന്ന പില്‍ക്കാലത്ത് തനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രതിഭാധനരായ കലാകാരന്‍മാരെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മമ്മൂട്ടി. ഐ.വി ശശി, പത്മരാജന്‍, ടി. ദാമോദരന്‍, കെ.ജി ജോര്‍ജ് തുടങ്ങിയ സംവിധായകരെ കുറിച്ചായിരുന്നു മമ്മൂട്ടി സംസാരിച്ചത്.

അക്കാലത്ത് താന്‍ ഒരുപാട് തര്‍ക്കിച്ചിരുന്ന, സംവാദങ്ങള്‍ നടത്തിയിരുന്ന ഒരാളായിരുന്നു തിരക്കഥാകൃത്തായ ടി.ദാമോദരന്‍ മാസ്റ്ററെന്നും എത്രയൊക്കെ അദ്ദേഹവുമായി തര്‍ക്കമുണ്ടായാലും സ്‌നേഹത്തോടെയേ പിരിയാറുണ്ടായിരുന്നുള്ളൂവെന്നും മമ്മൂട്ടി പറയുന്നു.

ദാമോദരന്‍ മാസ്റ്റര്‍, പത്മരാജന്‍ തുടങ്ങി മലയാള സിനിമയിലെ ലെജന്റുകളായ പലരും ഇനിയും ഏറെ കാലം ജീവിച്ചിരിക്കേണ്ടിയിരുന്നെന്നും എന്നാല്‍ ഏറെ മുന്‍പേ അവരൊക്കെ നമ്മളെ വിട്ടുപോയെന്നും മമ്മൂട്ടി പറയുന്നു.

‘ഐ.വി ശശിയെന്ന സംവിധായകന്‍ ഒരു സ്റ്റാറായിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ജനകീയ അടിത്തറ ഉണ്ടാക്കുന്നത് ശരിക്കും ദാമോദരന്‍ മാസ്റ്ററായിരുന്നു. മാസ്റ്ററും പപ്പേട്ടനുമൊന്നും അത്ര പെട്ടെന്ന് പോകേണ്ട ആളുകളായിരുന്നില്ല. കയ്യിലുണ്ടായിരുന്ന പൂക്കള്‍ മൊത്തം വിതറിയങ്ങ് പോയി.

മാഷുമായി എല്ലാവരും എന്നും യുദ്ധമാണല്ലോ. അദ്ദേഹം ഒരു പടയാളിയാണ്. പ്രായം എന്നത് പുള്ളിക്ക് ഇല്ല. ഏത് പ്രായക്കാരും പുള്ളിയുടെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡിസ്‌കഷനുകളില്‍ പലപ്പോഴും അണ്‍ പാര്‍ലമെന്ററിയായ ഭാഷ ഉപയോഗിച്ചിട്ടുണ്ട്.

അതിന്റെ സ്വാധീനം ചില സിനിമകളിലും ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വാഗ്ദാനവും തര്‍ക്കങ്ങളും നടന്നിട്ടുണ്ട്. മാഷിന് തര്‍ക്കം വലിയ ഇഷ്ടമാണ്. പ്രധാന ജോലി തന്നെ തര്‍ക്കിക്കലാണ്. പക്ഷേ ഈ തര്‍ക്കിച്ച് പോയ മാഷുമായി നമ്മള്‍ ഒരിക്കലും തെറ്റിപ്പിരിയില്ല. എത്ര അഭിപ്രായ വ്യത്യാസം ഉണ്ടായാലും തെറ്റിപ്പിരിയില്ല. സ്‌നേഹിച്ചേ പിരിയുള്ളൂ.

അഹിംസ എന്ന അദ്ദേഹത്തിന്റെ തിരക്കഥയില്‍ വന്ന സിനിമയിലൂടെയാണ് എനിക്ക് ആദ്യത്തെ സ്റ്റേറ്റ് അവര്‍ഡ് കിട്ടുന്നത്. എന്ത് കണ്ടിട്ടാണ് അദ്ദേഹം എന്നെ ആ സിനിമയിലേക്ക് വിളിച്ചത് എന്നറിയില്ല.

തൃഷ്ണയുടെ ഷൂട്ട് നടക്കുമ്പോള്‍ ദാമോദരന്‍ മാസ്റ്ററും കെ.ടി.സി അബ്ദുള്ളക്കായും കൂടി കൊടൈക്കനാലിലെ ഒരു മലയിറങ്ങി എന്റെ അടുത്തേക്ക് വരികയാണ്. ‘ഞാന്‍ ദാമോദരന്‍ മാഷ് ‘എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. നമ്മള്‍ ഒരു സിനിമ എടുക്കുമ്പോള്‍ നിങ്ങള്‍ അതിനകത്ത് ഒരു വേഷം ചെയ്യണം എന്ന് പറഞ്ഞു. അച്ചടിഭാഷയിലാണ് പുള്ളി സംസാരം തുടങ്ങുക. പിന്നീട് മാറും.

ഓ അതിനെന്താ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച. മാഷെ ഞാന്‍ സിനിമാനടനായി ആരാധനയോടെ കണ്ടിട്ടുണ്ട്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്. ഈ കാര്‍ട്ടൂണുകളിലൊക്കെ കാണുന്ന കഥാപാത്രം പോലെയാണ് എനിക്ക് അദ്ദേഹത്തെ അന്ന് തോന്നിയത്.

മുടി മുന്നിലേക്ക് ഇട്ട്, ടൈറ്റ് പാന്റും ഷര്‍ട്ടും ഇട്ടിട്ടുമൊക്കെയുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. പ്രേം നസീറിന്റെ അനിയനായൊക്കെ അദ്ദേഹം അഭിനയിച്ച സിനിമകളുണ്ട്. ദാമു എന്നായിരുന്നു അന്ന് സിനിമയില്‍ പേരെഴുതാറ്,’ മമ്മൂട്ടി പറഞ്ഞു.

Content Highlights: Actor Mammootty about his soulmates of movie industry

We use cookies to give you the best possible experience. Learn more