Advertisement
Entertainment news
സുലു അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യമാണ്; രഹസ്യമായിട്ട് ചില കുറിപ്പുകള്‍ ഒക്കെ എഴുതും: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 09, 05:56 pm
Thursday, 9th March 2023, 11:26 pm

മമ്മൂട്ടി അദ്ദേഹത്തിന്റെ പാര്‍ട്ണറായ സുല്‍ഫത്തിനെക്കുറിച്ച് സംസാരിക്കുന്ന പഴയ വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേ നേടുന്നു. മമ്മൂട്ടി എന്ന നടനില്‍ സുല്‍ഫത്തിന്റെ പങ്ക് എത്രമാത്രം ഉണ്ടെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

സാധാരണ എല്ലാവരും തന്നെക്കുറിച്ച് പറയുന്നതുപോലെ വീട്ടിലും ദേഷ്യവും പരുക്കത്തരവും കാണിക്കുന്ന വ്യക്തിയാണ് താനെന്നും അതൊക്കെ സഹിച്ച് സുല്‍ഫത്ത് നില്‍ക്കുന്നത് വലിയ കാര്യമാണെന്നാണ് മമ്മൂട്ടി പറഞ്ഞത്.

സുല്‍ഫത്ത് തന്നെ നല്ല സുഹൃത്താണെന്നും തന്നേക്കാള്‍ ഉയര്‍ന്ന തലത്തില്‍ കാര്യങ്ങളെ നോക്കി കാണുന്ന വ്യക്തിയാണെന്നും മമ്മൂട്ടി പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.

”ജീവിതത്തില്‍ നിങ്ങളൊക്കെ കേട്ടിട്ടുള്ള സ്വഭാവക്കാരന്‍ തന്നെയാണ് ഞാന്‍. അത്യാവശ്യം ചൂടും പരുക്കത്തരവുമെല്ലാം വീട്ടിലുമുണ്ട്. സുലു അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യമാണ്.

പിന്നെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ കുറേക്കാലം ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു. കുറേ കാലം അകന്ന് നില്‍ക്കുകയായിരുന്നു. നല്ല സിനിമകള്‍ അവള്‍ക്ക് ഇഷ്ടമാണ്. നന്നായിട്ട് വായിക്കും. രഹസ്യമായിട്ട് ചില കുറിപ്പുകള്‍ ഒക്കെ എഴുതും.

അവളെന്റെ നല്ലൊരു ഫ്രണ്ടാണ്. കാര്യങ്ങളൊക്കെ നമ്മള്‍ കാണുന്നതിലും ഉയര്‍ന്ന തലത്തില്‍ കാണുന്ന വ്യക്തിയാണ്. അതൊരു കോണ്‍ട്രിബ്യൂഷനല്ല, പക്ഷെ ഒരു ഭാഗ്യമാണ്,” മമ്മൂട്ടി പറഞ്ഞു.

ക്രിസ്റ്റഫറാണ് ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. തിയേറ്റര്‍ റിലീസിന് ശേഷം മാര്‍ച്ച് ഒമ്പതിനാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തത്. ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, സ്‌നേഹ, അമല പോള്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

content highlight: actor mammootty about his partner sulfath